ഗൂഡല്ലൂര്‍: നരഭോജി കടുവയെ പിടികൂടാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം ദേവര്ഷോലയിലെത്തി. എം.എല്‍.എയും നീലഗിരി കളക്ടറും സ്ഥലം സന്ദര്‍ശിച്ചു. ഒന്നുരണ്ട് ദിവസങ്ങളില്‍ കടുവയെ പിടികൂടാന്‍ ആവുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. അതിനുള്ള വിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയതായി അറിയിച്ചു.
ദേവര്‍ഷോല നെലാക്കോട്ട പഞ്ചായത്തുകളില്‍പെട്ട ദേവന് എസ്റ്റേറ്റ്, മേഫീല്‍ഡ് ഭാഗങ്ങളില്‍ ഭീഷണിയുയര്‍ത്തിയ കടുവയെ പിടികൂടുന്നതില്‍ വിദഗ്ധപരിശീലനം ലഭിച്ച വയനാട് വന്യജീവി സങ്കേതത്തിലെ ദ്രുതകര്‍മസേന വിഭാഗത്തിലെ 10 അംഗങ്ങളാണ് എത്തിയിട്ടുള്ളത്. ഇവരുടെ സഹായത്തോടെ കടുവയുടെ സഞ്ചാര ഭാഗങ്ങളില്‍ നിരീക്ഷണവും പാറാവും ഏര്‍പ്പെടുത്തി. കടുവയുടെ ആക്രമണം ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്.
തോട്ടം തൊഴിലാളിയെ കൊന്ന കടുവ കഴിഞ്ഞ ദിവസം മറ്റൊരാളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ചു. ഭാഗ്യത്തിനാണ് തൊഴിലാളി രക്ഷപ്പെട്ടത്. കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ് ഊര്‍ജിത ശ്രമങ്ങള്‍ തുടരുമ്പോഴാണ് ഭീതി വിതച്ച് വീണ്ടും കടുവയുടെ ആക്രമണം. ദേവര്‍ഷോലയ്ക്കടുത്ത് മലയാളം പ്ലാന്റേഷനില്‍ കെട്ടിയിട്ട പശുവിനെയും കടുവ കൊന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ദേവന് ഡിവിഷന് ഒന്നില്‍ തോട്ടത്തിലും കടുവ പശുവിനെ ആക്രമിച്ചിരുന്നു. ഇതിനകം പത്ത് പശുക്കളെ കടുവ കൊന്നു. ആക്രമണം പതിവായതോടെ പ്രദേശത്ത് നേരത്തെ സ്ഥാപിച്ച നാലു കൂടുകള്‍ക്ക് പുറമെ, കൂടുതല്‍ കൂടുകളും ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചു. നൂറോളം വനപാലകരെയാണ് പ്രദേശത്ത് നിരീക്ഷണത്തിനായി നിയോഗിച്ചിച്ചിട്ടുള്ളത്. ആനയെ കണ്ടെത്താനായി ഉപയോഗിച്ചിരുന്ന ഡ്രോണ്‍ സൗകര്യം കടുവ നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തും.
മേഖലയില്‍ ഒരുക്കങ്ങള്‍ അറിയാനായി പൊന്‍ ജയശീലന്‍ എം.എല്‍.എയും നീലഗിരി കളക്ടര്‍ ഇന്നസെന്റ് ദിവ്യയും ദേവര്ഷോലയിലെത്തി. കടുവയുടെ ആക്രമണത്തില്‍ മരിച്ച തേയിലത്തോട്ടം തൊഴിലാളി കെ.വി. ചന്ദ്രന്റെ വീട് സന്ദര്‍ശിച്ച കളക്ടര്‍, ബന്ധുക്കളെ ആശ്വസിപ്പിച്ചു. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്വീകരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളും കളക്ടര്‍ വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദേശത്തെ റോഡുകള്‍ നന്നാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: