‘സാമൂഹ്യ – മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അത്തരം സംഘടനകള്‍ക്കുമെതിരെ മോദി സര്‍ക്കാര്‍ കരുനീക്കങ്ങള്‍ നടത്തുകയാണ്; അത്തരം ആളുകളുടെയും സംഘടനകളുടെയും സ്ഥലങ്ങളില്‍ നടക്കുന്ന ആദായ നികുതി- എന്‍ഫോഴ്സ്മെന്റ് റെയ്ഡുകള്‍ സര്‍ക്കാരിന്റെ ദുഷ്ടലാക്ക് വിളിച്ചോതുന്നതാണ് ‘. ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയൊട്ടാകെ പ്രചരിച്ചിരുന്നു. ഒട്ടെല്ലാ പത്ര- ടെലിവിഷന്‍ മാധ്യമങ്ങളും അതിന് വേണ്ടതിലധികം പ്രചാരണവും നല്‍കി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നത് ആ വാര്‍ത്തകളില്‍ പറയുന്നില്ല എന്നത് ശ്രദ്ധിക്കണം. റെയ്ഡ് നടന്നത് പ്രധാനമായും ഹര്‍ഷ് മന്ദറിന്റെ വീട്ടിലും, ഹര്‍ഷ് മന്ദറിന്റെ കീഴിലുള്ള എന്‍ജിഓ യുടെ കേന്ദ്രത്തിലും. വിദേശ സഹായം പറ്റുന്ന സ്ഥാപനങ്ങള്‍ യഥാര്‍ത്ഥ വിവരം നല്‍കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന സ്വാഭാവിക നടപടി. എന്നാല്‍ ഈ റെയ്ഡില്‍ അതിനപ്പുറമൊക്കെ ചിലതുണ്ട്. ഇന്ത്യയെ തകര്‍ക്കാനായി ഇറങ്ങിപ്പുറപ്പെട്ടവരുടെ ചെയ്തികള്‍, ആഗോള ബന്ധങ്ങള്‍ ഒക്കെ തുറന്നുകാട്ടപ്പെടാന്‍ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കണക്ക് പുസ്തകം പുറത്തുവന്നാല്‍ മാധ്യമ ലോകത്തെ തമ്പുരാക്കന്മാര്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടതായി വന്നേക്കാം.
വിദേശ സഹായം പറ്റുന്നതിന് കൃത്യമായ വ്യവസ്ഥകള്‍ രാജ്യത്തുണ്ട്. അത് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനകളൊന്നുമല്ല, അതൊക്കെ മന്‍മോഹന്‍ സിംഗിന്റെ കാലത്തേതാണ്. ആ നിയമം പാലിച്ചേ തീരു എന്നുമാത്രമേ മോദി സര്‍ക്കാര്‍ എല്ലാവരെയും ഓര്‍മ്മിപ്പിച്ചിട്ടുള്ളു. വിദേശത്തുനിന്ന് എന്തിനൊക്കെ പണം വാങ്ങാം, അത് എന്തിനാണ് ഉപയോഗിക്കുന്നത്, എന്താവശ്യത്തിനാണോ വാങ്ങിയത് അതിനുമാത്രമല്ലേ ഉപയോഗിച്ചിട്ടുള്ളൂ. ആ കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിക്കണം. പണം കോടിക്കണക്കിന് വാങ്ങുന്നുണ്ട്, എന്നാല്‍ കിട്ടിയ പണം തന്നിഷ്ടപ്രകാരം ചെലവഴിച്ചു, കയ്യും കണക്കുമില്ല . അങ്ങനെയുള്ളവര്‍ക്ക് തെറ്റുതിരുത്തി, കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സമര്‍പ്പിക്കാന്‍ മോദി വേണ്ടത്ര സമയം അനുവദിച്ചു. അതിനുശേഷമാണ് കുറെ എഫ്സിആര്‍എ ലൈസന്‍സുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്. ഇതു ചെയ്യാത്തവര്‍ക്ക് പിന്നെ നിലനില്‍ക്കാന്‍ അര്‍ഹതയില്ലല്ലോ.
വികസന വിരുദ്ധതയും രാജ്യ വിരുദ്ധതയും
വിവിധ എന്‍ജിഒകള്‍ നല്‍കിയ കണക്കുകള്‍ ആദായനികുതി അധികൃതര്‍ പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാണ് എന്ന് ബോധ്യമായി. മതംമാറ്റത്തിന് പണം ചെലവിടുന്നു; ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളെ തകര്‍ക്കാനും പലവിധത്തില്‍ തടസമുണ്ടാക്കാനും ശ്രമിക്കുന്നു. ഇന്ത്യാവിരുദ്ധ അജണ്ടയാണ് പലര്‍ക്കും; അതിന് ഓരോ മുഖമെന്ന് മാത്രം. ചിലര്‍ ദേശീയപാതക്കെതിരെ, വിമാനത്താവളങ്ങള്‍ക്കെതിരെ, ഫാക്ടറികള്‍ വരുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമെതിരെ. കൂടംകുളം ആണവ നിലയത്തിനെതിരെ നടന്ന സമരം ഓര്‍ക്കുക. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിച്ചത്, ഒറീസയിലെ പോസ്‌കോ വിരുദ്ധ സമരവും ഇതിനൊപ്പം കാണണം.
ഇതൊക്കെയും രാജ്യതാല്പര്യത്തിനായിരുന്നു എന്ന് പറഞ്ഞുകൂടാ. ഇന്ത്യയിലെ കമ്പനികള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ പ്രയോജനം ലഭിക്കുന്നത് ചൈനയും പാക്കിസ്ഥാനുമടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്കാണ്. ഓരോ വികസന പദ്ധതിക്കുമെതിരെ സമരം സംഘടിപ്പിക്കുക, പിന്നെ കോടതികളെ സമീപിക്കുക, തടസങ്ങള്‍ ഉന്നയിക്കുക, പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുക എന്നത് ഒരു അജണ്ടയായി ചിലര്‍ സ്വീകരിച്ചു. ഇതിനൊക്കെ പിന്നില്‍ ഇന്ത്യ വിരുദ്ധ ശക്തികളുണ്ടായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അതിലൊന്നായിരുന്നു. അവരെ ഏതാണ്ട് കെട്ടുകെട്ടിച്ചത് അടുത്തകാലത്താണ്.
നമ്മുടെ ഗ്രീന്‍ ട്രിബുണല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഇത്തരക്കാരുടെ വാദഗതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികളും സ്തംഭനത്തിനു കാരണമാവുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യയുടെ എത്ര വികസന പദ്ധതികള്‍ തടസപ്പെട്ടിട്ടുണ്ട്, അതില്‍ എത്ര മാത്രം പണം ഉള്‍പ്പെട്ടിട്ടുണ്ട്, രാജ്യത്തിനുണ്ടായ നഷ്ടം എത്രയാണ് എന്ന് വിലയിരുത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്ത കണ്ടുവല്ലോ. പരിസ്ഥിതി സംരക്ഷണം നമുക്കാവശ്യമാണ്, എന്നാല്‍ അതിന്റെ മറവില്‍ രാജ്യത്തിന് ഗുണകരമാവുന്ന വികസന പദ്ധതികള്‍ തടസപ്പെടുത്തുന്ന ചിലരുടെ കുതന്ത്രം കോടതികള്‍ കണ്ടില്ലെന്ന് നടിച്ചുകൂടാ എന്നതാണ് മോദി സര്‍ക്കാരിന്റെ നിലപാട്. ദല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും സെക്രട്ടേറിയേറ്റുമടക്കം നിര്‍മ്മിക്കാനുള്ള ‘സെന്‍ട്രല്‍ വിസ്റ്റ’ പദ്ധതിക്കെതിരെ പോലും ചിലര്‍ കോടതികള്‍ കയറിയിറങ്ങുന്നു എന്നതോര്‍ക്കുക.
ആരാണ് ഹര്‍ഷ് മന്ദര്‍, കൂട്ടാളിയോ ?
ഹര്‍ഷ് മന്ദര്‍ ആണല്ലോ ഇവിടെ വിവാദ നായകന്‍. ആരാണിയാള്‍, എന്താണിയാളുടെ താല്പര്യങ്ങള്‍? രണ്ടേ രണ്ട് കേസുകള്‍ മതി ഇയാളുടെ തനിനിറം വ്യക്തമാവാന്‍. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രധാന പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നത് തടയാന്‍ കോടതികയറിയത് ഇയാളാണ്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റുന്നത് തടസപ്പെടുത്താനായി ദയാ ഹര്‍ജിയുമായി രാഷ്‌ട്രപതി ഭവനിലെത്തിയതും അയാള്‍ തന്നെ. ഇതിലൊക്കെയുള്ളത് ആരുടെ താല്പര്യമാണ്? ഒന്നുകില്‍ പാക്കിസ്ഥാന്റെ അല്ലെങ്കില്‍ ഭീകര പ്രസ്ഥാനങ്ങളുടേത്. അടുത്തകാലത്ത് രാജ്യം കണ്ട ഒട്ടെല്ലാ പ്രധാന തീരുമാനങ്ങള്‍ക്കെതിരെയും ഇയാള്‍ കോടതി കയറി. ദല്‍ഹി കലാപം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ തടസപ്പെടുത്താന്‍, പൗരത്വ നിയമ ഭേദഗതി, അയോദ്ധ്യ കേസ്, ബംഗ്ലാദേശികളെയും മറ്റു വിദേശികളെയും പുറത്താക്കുന്നത് എന്നിവയിലും ഇയാള്‍ കാണിച്ച താല്പര്യം രാജ്യം കണ്ടതാണ്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഇയാളെ പ്രതിചേര്‍ത്തിട്ടുണ്ട്.
സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് എന്ന ഹര്‍ഷ് മന്ദറിന്റെ സ്ഥാപനം വിദേശപണം കൈക്കലാക്കാനുള്ള ഒരു മുഖം മൂടി മാത്രമാണ്. .
ഇയാള്‍ക്ക് സോണിയ -മന്‍മോഹന്‍ സിങ് ഭരണകാലത്ത് രാജ്യത്ത് വലിയ സ്ഥാനമാണുണ്ടായിരുന്നത്; നാഷണല്‍ അഡൈ്വസറി കൗണ്‍സിലില്‍ (എന്‍എസി) അംഗമായിരുന്നു. രാജ്യത്ത് സമാന്തര ഭരണ സംവിധാനമെന്ന നിലക്ക് സോണിയ ഗാന്ധി അധ്യക്ഷയായി രൂപംകൊണ്ട് എന്‍എ സി ഭരണഘടനാ സ്ഥാപനമായിരുന്നു എന്നതോര്‍ക്കുക. ഇത്തരം അനവധിപേരെ ആ വേദിയില്‍ അന്ന് കോണ്‍ഗ്രസ് കുടിയിരുത്തിയിരുന്നു.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ ഒരു പ്രധാന ദല്ലാള്‍ കൂടിയാണിത്. സോറോസും സോണിയയും തമ്മിലെ ബന്ധങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ടല്ലോ. ദേശീയ ചിന്താധാരയും മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികളും അട്ടിമറിക്കണം എന്നതാണിവരുടെ ചിന്ത. ഇന്ത്യയെ തളര്‍ത്തണം എന്ന അജണ്ട. അതിനായി സൊറോസ് ചെലവിടുന്നത് കുറെ ബില്യണ്‍ ഡോളറാണ് എന്നാണ് അടുത്തിടെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അത് വിവിധ ഏജന്‍സികള്‍ക്ക് കൊടുക്കുന്നു. ഇറ്റലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറ പാസിസ് ഇനിഷ്യേറ്റിവ് (എപിഐ)യുടെ കൈയയച്ച സഹായവും ലഭിക്കുന്നുണ്ടത്രേ. ഇത് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ ഉള്‍പ്പെട്ട സംഘടനയാണ്. ഇറ്റാലിയന്‍ ബന്ധത്തിന്റെ പൊരുള്‍ ഇന്ത്യയില്‍ വിശദീകരിക്കേണ്ടതുണ്ടോ? ഇന്നിപ്പോള്‍ വിദേശ പണമെത്തിക്കാന്‍ എഫ്സിആര്‍എ ലൈസന്‍സും എന്‍ജിഒയും വേണമല്ലോ. അതിലൊന്നാണ് മന്ദറുടേത്. ഇന്ത്യ വിരുദ്ധ വിദേശ സംഘങ്ങളുടെ ചട്ടുകം. അത് കേന്ദ്ര ഏജന്‍സികള്‍ തിരിച്ചറിഞ്ഞു, അന്വേഷണം നടത്തുന്നു.
ഇതുപോലെ അനവധി ശക്തികള്‍ രാജ്യത്തുണ്ട്. നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തിടെ നടത്തിയ ഒരു പ്രസംഗമുണ്ട്; ‘ഭീകര പ്രസ്ഥാനങ്ങളെ മാത്രമല്ല നാം കരുതിയിരിക്കേണ്ടത്; ദേശവിരുദ്ധ ശക്തികള്‍ മറ്റുപല വിധത്തിലും ഇവിടെ സജീവമായുണ്ട്. അവയില്‍ പലര്‍ക്കും വിദേശപണം ലഭിക്കുന്നത് സേവനത്തിനല്ല മറിച്ച് രാഷ്‌ട്രവിരുദ്ധ നീക്കങ്ങള്‍ക്കാണ്.’ ഇത് ഓരോ ഇന്ത്യക്കാരനും മനസ്സില്‍ കരുതേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: