കല്ലറ: കല്ലറയെന്ന കാര്‍ഷിക ഗ്രാമീണ മേഖലയെ സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയിലേക്ക് ആവാഹിച്ച കലാപത്തിന് 83 ആണ്ട് തികയുന്നു. 1938 സപ്തംബര്‍ 22 മുതല്‍ 30 വരെയായിരുന്നു കലാപം. 30ന് രാത്രിയില്‍ കുതിരപ്പട്ടാളമെത്തി കലാപം അടിച്ചമര്‍ത്തി.
1938 ഫെബ്രുവരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സംഘടന നേരിട്ട് ഇടപെടേണ്ടെന്നും പകരം സ്വതന്ത്ര രാഷ്ട്രീയ സംഘടനകള്‍ക്ക് രൂപം നല്‍കണമെന്നും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 1938 ഫെബ്രുവരി 23ന് തന്നെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. 1114 കന്നി അഞ്ചിന് (1938സെപ്റ്റംബര്‍ 21ന്) സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. കല്ലറയില്‍ നിന്നുള്ള പലരും ഇതില്‍ പങ്കെടുത്തിരുന്നു. ജനദ്രോഹ നികുതി വര്‍ധനയ്ക്കെതിരെ പ്രാദേശികമായി സമരം ചെയ്യാന്‍ ഈ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.
കല്ലറയിലും പാങ്ങോടുമുള്ള ചന്തകളില്‍ കാര്ഷികോല്പന്നങ്ങള് വിറ്റഴിക്കുന്നതിനുള്ള പ്രവേശനചുങ്കം അകാരണമായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ കൊച്ചപ്പി പിള്ള, പ്ലാക്കീഴ് കൃഷ്ണപിള്ള, ചെല്ലപ്പന് വൈദ്യന്, ചെറുവാളം കൊച്ചുനാരായണന് ആചാരി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ചു. 1930 സെപ്തംബര്‍ 22ന് അവര്‍ കല്ലറ ചന്തയില്‍ ചുങ്കപ്പിരിവ് നല്‍കാതെ പ്രതിക്ഷേധിച്ചു. നികുതിപിരിവുകാരുമായി സംഘര്‍ഷമായി. നികുതിപിരിവുകാരെ തല്ലിയോടിച്ചു. നികുതിപിരിവുകാരോടൊപ്പം നിന്ന പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകാതെ വന്നു. 29ന് കൂടുതല്‍ പോലീസെത്തി.
കാരേറ്റ് നിന്ന് ഒരു വണ്ടി പോലീസുമായി ഇന്‍സ്പെക്ടര്‍ ഉസ്മാന് ഖാന് എത്തി മര്‍ദ്ദനമുറകള്‍ സ്വീകരിച്ചു. തച്ചോണത്ത് വെച്ച് പോലീസുമായി സംസാരിക്കാനെത്തിയ കൊച്ചാപ്പി പിള്ളയെ തോക്കുകൊണ്ട് അടിച്ച് ജീപ്പില്‍ കയറ്റി പാങ്ങോട് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. ഇതറിഞ്ഞ് നാട്ടുകൂര്‍ കൂടുതല്‍ പ്രകോപിതരായി. തിരുവനന്തപുരത്തുനിന്നും പാങ്ങോട്ടേയ്ക്കുള്ള എല്ലാ റോഡുകളും മരം വെട്ടിയിട്ടും കല്ലുകള്‍ നിറച്ചും അടച്ച് കൂടുതല്‍ പോലീസ് സേന എത്തുന്നത് തടഞ്ഞു. പാലോട്, പെരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകര്‍ കല്ലറയിലേക്കെത്തി. കുറ്റിമുടു മുതലുള്ള പ്രദേശങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ടും റോഡില്‍ കിടങ്ങുകള്‍ തീര്‍ത്തും പോലീസ് വാഹനങ്ങളുടെ വഴിയടച്ചു. ഇതോടെ ഒറ്റപ്പെട്ട ഔട്ട്പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ഭയന്നു. പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി അക്രമിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയും പട്ടാളത്തില്‍ നിന്ന് വിരമിച്ച പട്ടാളം കൃഷ്ണന് എന്ന സമരനേതാവ് പോലീസുമായി സന്ധിസംഭാഷണം നടത്തുകയും ചെയ്തു. മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് കണ്ട് കൊച്ചപ്പിപ്പിള്ളയെ മോചിപ്പിച്ചു.
പോലീസ് മര്‍ദ്ദിച്ചവശനാക്കിയ കൊച്ചപ്പിപ്പിള്ളയെ കണ്ടതോടെ സമരക്കാരുടെ രോഷം അണപൊട്ടി. കല്ലറയിലെ റോഡ് ഉപരോധം നീക്കാന്‍ ശ്രമിച്ച കുഞ്ഞുകൃഷ്ണനെന്ന പോലീസുകാരനെ അടിച്ചുകൊന്നു. അന്നുച്ചയ്ക്ക് നാട്ടുകാര്‍ പാങ്ങോട് പോലീസ് ഔട്ട്പോസ്റ്റിലേയ്ക്ക് നാടന്‍തോക്കുകളും കയ്യില്‍കിട്ടിയ പണിയായുധങ്ങളുമായി മാര്‍ച്ച് ചെയ്തു. നാട്ടുകാരും പോലീസും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ സമരനേതാക്കളായ പ്ലാക്കീഴ് കൃഷ്ണപിള്ളയും ചെറുവാളം കൊച്ചുനാരായണന് ആചാരിയും മരിച്ചുവീണു. ഓലമേഞ്ഞ പോലീസ് ഔട്ട്പോസ്റ്റിന് തീയിട്ടു. വെടിയേറ്റുവീണ സമരനേതാക്കളുടെ മൃതശരീരം അവിടെത്തന്നെ കിടന്നു. രാത്രിയുടെ മറവില്‍ ഗോപാലന് എന്ന കര്ഷകന് പോലീസ് വേഷത്തിലെത്തി മൃതദേഹങ്ങള്‍ സ്റ്റേഷനുമുന്നില്‍ മറവുചെയ്തു. അടുത്ത ദിവസം കൂടുതല്‍ പോലീസ് തിരുവനന്തപുരത്തുനിന്ന് എത്തി. കുതിരപ്പട്ടാളം സമരക്കാരെ കുതിരയുടെ കാലില്‍ കെട്ടിവലിച്ചിഴച്ചു. പലരെയും കൊലപ്പെടുത്തി. സമരക്കാരുടെ മൃതദേഹം വീടുകളിലും പുറത്തുംകിടന്ന് പുഴുവരിച്ചു. പോലീസ് അതിക്രമത്തെത്തുടര്‍ന്ന് പലരും നാടുവിട്ടു. സമരം ക്രൂരമായി അടിച്ചമര്‍ത്തി.
കേസിലെ ഒന്നാം പ്രതിയും പതിമൂന്നാം പ്രതിയുമായിരുന്ന കൊച്ചപ്പി പിള്ളയേയും പട്ടാളം കൃഷ്ണനെയും 1940 ഡിസംബര്‍ 17നും 18 നുമായി തൂക്കിക്കൊന്നു. മറ്റുള്ളവരെ കഠിന തടവിനും ശിക്ഷിച്ചു. മറ്റൊരു പ്രതിയായ രാമേലിക്കോണം പദ്മനാഭന് പോലീസ് വീട് വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു. പാലുവള്ളി അബ്ബാസ് ചട്ടമ്പി, മടത്തുവാതുക്കല്‍ ശങ്കരന് മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ്രൈഡവര്‍ വാസു, ഗോപാലന്, പനച്ചക്കോട് ജമാല്‍ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവകുറുപ്പ്, കൊചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞന്‍ പിള്ള, പാറ നാണന് തുടങ്ങിയവരായിരുന്നു സമര നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: