കോഴിക്കോട്: ശബരിമല വിമാനത്താവള നിര്‍മാണം സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒളിച്ചുവച്ച വിവരങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തുനിന്ന് വിളിച്ചുവരുത്തും. വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ കൈയേറ്റ ഭൂമിയാണെന്നും ഈ വസ്തുവിന്റെ പേരില്‍ വിജിലന്‍സ് കേസുകളും അന്വേഷണവും കോടതി നടപടികളും ഉണ്ടെന്ന വിവരവും 600 പേജ് ആധികാരിക രേഖകള്‍ക്കൊപ്പം പിഎംഒയിലെത്തി. ഇതില്‍ നടപടി തുടങ്ങിയെന്നാണ് വിവരം.
വസ്തുതകള്‍ മറച്ചുവച്ചെങ്കില്‍ അത്, സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അതീവ ഗൗരവമായ പിഴവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പിഎംഒയുടെ നടപടി വരിക. നിയമപരമായി നോക്കുമ്പോള്‍ വലിയ കുറ്റമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. കോടതി, നിയമ നിര്‍മാണസഭകള്‍, ഭരണ നിര്‍വഹണ സംവിധാനം എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ സമര്‍പ്പിക്കുന്ന രേഖ ആധികാരികമായിരിക്കണമെന്നുണ്ട്. വാസ്തവവും വസ്തുതകളും ഒളിച്ചുവെക്കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍, വിമാനത്താവള ഭൂമിയുടെ കാര്യത്തില്‍ അഞ്ച് പ്രധാന വസ്തുതകള്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയില്‍നിന്നും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നും മറച്ചുവച്ചു.
ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 2263 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റേതാണ്, അത് ആര്‍ക്കും നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുക്കേണ്ടതല്ല.
ചെറുവള്ളി എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസുകളും വിജിലന്‍സ് കേസുകളുമുണ്ട്. (കേസ് നമ്പര്‍: വിസി 9-13-എസ്ഐയു 2, തിരുവനന്തപുരം വിജിലന്‍സ് കോടതി) വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന കേസിലെ വിജിലന്‍സ് എഫ്ഐആര്‍ സുപ്രീംകോടതിയും ശരിവച്ചതാണ്.
2014 ഒക്ടോബര്‍ 20 ന് കേരള ഹൈക്കോടതി ഈ വിഷയത്തില്‍ എസ്റ്റേറ്റ് ഭൂമി കൈവശക്കാര്‍ക്കെതിരേ വിധി പറഞ്ഞിട്ടുള്ളതാണ്. (ക്രിമിനല്‍ എംസി 6447-2013).
കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം നിയോഗിച്ച സ്പെഷല്‍ ഓഫീസര്‍ രാജമാണിക്യം ഐഎഎസ്, ഭൂമി കൈയേറ്റ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതാണ് (റിപ്പോര്‍ട്ട് നമ്പര്‍ ജിഎല്‍ആര്‍-(എല്‍ആര്‍)-4-2013-എച്ച്എംഎല്‍, 24-09-2016). ഈ വിവരങ്ങളുടെ ആധികാരിക രേഖകള്‍ സഹിതമാണ് പിഎംഒയില്‍ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ തോട്ടം ഭൂമി കൈയേറ്റക്കാര്‍ക്കെതിരേ ഫെറാ നിയമം ലംഘിച്ചതിന് കേസ് നടക്കുന്ന വിവരവും പിഎംഒയിലെത്തിയ റിപ്പോര്‍ട്ടിലുണ്ട്.
2016 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ള ഭരണപരമായ നടപടികള്‍ എല്ലാംതന്നെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറിയ എസ്റ്റേറ്റ് ഉടമകളെ സഹായിക്കാനാണെന്ന് സ്ഥാപിക്കുന്ന രേഖകളും ഇതിലുണ്ട്. പിഎംഒ ആവശ്യപ്പെടുന്നതോടെ സംസ്ഥാനം രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും. അതില്‍, രാജമാണിക്യം റിപ്പോര്‍ട്ട് ഒഴിവാക്കാനാവില്ല. അങ്ങനെ വന്നാല്‍, അഞ്ച് ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖയിലൂടെയാണ് കൈവശം വച്ചിരിക്കുന്നതെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും, നടപടിയുമുണ്ടാകുമെന്നാണ് നിയമവൃത്തങ്ങളും പ്രതീക്ഷ പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: