കെ.എം. രാജന്
(ആര്യപ്രചാരക് & അധിഷ്ഠാതാവ്, കാറല്‍മണ്ണ വേദഗുരുകുലം)
ദേശീയ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം കേരളത്തില്‍ വന്നത് 1921ലെ മാപ്പിളലഹളക്കാലത്തു ദുരിതാശ്വാസപ്രവര്ത്തനങ്ങള്ക്കായിട്ടാണ്. അതിന് മുമ്പും മഹര്ഷിദയാനന്ദ സരസ്വതിയുടെ വിചാരധാരകള്‍ കേരളത്തില്‍ അങ്ങിങ്ങായി എത്തിയിരുന്നു. എന്നാല്‍ ഒരു സംഘടനാരൂപത്തില്‍ അത് രംഗ പ്രവേശനം ചെയ്തത് 1921 ലാണ്.
മലബാറിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
മലബാറില്‍ നടന്ന കൂട്ടക്കൊലകളെക്കുറിച്ചും നിര്‍ബന്ധിത മതം മാറ്റങ്ങളെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന കഥകളാണ് ആര്യസമാജം പ്രവര്‍ത്തകര്‍ പുറത്തു കൊണ്ടുവന്നത്. ലഹോറില്‍ നിന്നെത്തിയ ശ്രീ ഖുശ്ഹാല്‍ ചന്ദ് ഖുര്‍സദ് ഇങ്ങനെ എഴുതി ‘കോഴിക്കോട് താലൂക്കില്‍ ഞാന്‍ ഒറ്റക്ക് തന്നെ കിഴക്ക് 20 മൈല്‍ (32 കി.മി) കാല്‍നടയായി പുത്തൂര്‍ അംശത്തിലെത്തി. ഇവിടെയായിരുന്നു മൂന്നു കിണറുകളില്‍ ഹിന്ദുക്കളുടെ ശവശരീരങ്ങള്‍ വലിച്ചെറിഞ്ഞു നിറച്ചത്…… ഹിന്ദു വീടുകള്‍ എല്ലാം കത്തി നശിപ്പിച്ചതായി കാണപ്പെട്ടു…’ ആര്യസമാജം നടത്തിയിരുന്ന ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആയിരുന്ന കോഴിക്കോട്, മായനാട്, തിരൂരങ്ങാടി, നിലമ്പൂര്‍, തുവ്വൂര്‍, മുക്കം തുടങ്ങിയ ഡിപ്പോകളില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്ക് ആശ്രയം നല്കി. കോഴിക്കോട്, പൊന്നാനി ആര്യസമാജങ്ങള്‍ ശുദ്ധി പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടത്തി. വെള്ളിനേഴി ആര്യസമാജം ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘1921- മലബാറും ആര്യസമാജവും’ എന്ന ഗ്രന്ഥത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്.
സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍
കല്‍പ്പാത്തി സമരം, വൈക്കം സത്യാഗ്രഹം, ശ്രീനാരായണഗുരുദേവന്‍ ആലുവയില്‍ വിളിച്ചു ചേര്‍ത്ത വിശ്വമത സമ്മേളനം എന്നിവയിലും ആര്യസമാജത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കേരള ദയാനന്ദന് എന്ന് വിശേഷിപ്പിക്കാവുന്ന കേരളീയ നവോത്ഥാന നായകനായ വാഗ്ഭടാനന്ദ ഗുരുദേവനുമായി ആര്യപ്രചാരകന്മാരായ പണ്ഡിറ്റ് ഋഷിറാം, വേദബന്ധു ശര്‍മ്മ എന്നിവര്‍ക്ക് വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.
കേരളത്തില്‍ ആര്യസമാജം നടത്തിയ നവോത്ഥാന മുന്നേറ്റങ്ങള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ തമസ്കരിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് അതിപ്രസരം തന്നെയാണ് ഇതിന്റെ മുഖ്യ കാരണം. കമ്മ്യൂണിസം ഇന്ത്യയില്‍ വരുന്നതിനുമുമ്പ് നടന്ന സമാജ നവീകരണ പ്രവര്‍ത്തനങ്ങള്‍ പോലും തങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്ന പ്രവണതയാണ് ഇവിടെ കണ്ടു വരുന്നത്.
ആദ്യകാല ആര്യസമാജ പ്രവര്‍ത്തകര്‍
1920 കളില്‍ മഹര്‍ഷി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് കേരളത്തിലെ നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ആ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി. പി. കേശവദേവ്, നാരായണദേവ്, അഭയദേവ്, ആര്.സി. ദാസ്, രാമകൃഷ്ണദാസ് തുടങ്ങിയവര്‍ എല്ലാം അതില്‍പ്പെടും. കോഴിക്കോട് ആര്യസമാജത്തിലെ ബുദ്ധസിംഹന്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവച്ചത്. 1947 ല്‍ ഉണ്ണീന്‍ സാഹിബിനെയും കുടുംബത്തെയും ശുദ്ധിക്രിയയിലൂടെ വൈദിക ധര്‍മ്മത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ധര്‍മ്മപത്നിയായിരുന്ന സുഗന്ധീ ബായ് ആര്യയും വളരെ സജീവമായി പ്രവര്‍ത്തനം നടത്തിയിരുന്നു. വേദബന്ധു ശര്‍മ്മയുടെ സമകാലികര്‍ ആയിരുന്നു ആര്യ ഭാസ്കര്‍ജി, ആചാര്യ നരേന്ദ്ര ഭൂഷണ്, കീഴാനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരി, വേലായുധ ആര്യ, എ.പി. ഉപേന്ദ്രന് തുടങ്ങിയവര്‍. ഇവരില്‍ മിക്കവരും ഉത്തര ഭാരതത്തിലെ ആര്യസമാജ ഗുരുകുലങ്ങളില്‍ നിന്ന് പഠനം നടത്തി കേരളത്തില്‍ വൈദിക സാഹിത്യങ്ങളുടെ പ്രചാരവും പഠനക്ലാസ്സുകളും നടത്തി ജനങ്ങളെ വൈദിക മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ഇവര്‍ ധര്‍മ്മ പ്രചരണം നടത്തിയത്. അറിയപ്പെടാത്തവര്‍ ആയി നിരവധി പേര് ഇനിയും കാണും. ഈ നൂറാം വാര്‍ഷികാവസരത്തില്‍ ഇവരെയൊക്കെ നാം ആദരപൂര്‍വം അനുസ്മരിക്കുകയാണ്.
ആര്യസമാജം സമകാലിക കേരളത്തില്‍
കേരളത്തിലെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ ആര്യസമാജത്തിന്റെ പ്രസക്തി ഏറെയാണ്. ഹിന്ദു സമാജം ഇന്ന് പൂര്‍വ്വാധികം വെല്ലുവിളികള്‍ അകത്തു നിന്നും പുറമേ നിന്നും നേരിടുകയാണ്. വേദങ്ങളെ പരമപ്രമാണം ആയി സ്വീകരിച്ചാല്‍ ഈ ആന്തരികമായ വെല്ലുവിളികളെ ഒരു പരിധിവരെ നേരിടാം.
കാറല്‍മണ്ണ വേദഗുരുകുലം
വേദാദി സത്യശാസ്ത്രങ്ങളുടെ പഠന-പാഠനമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പോംവഴി. മറ്റു മതക്കാരില്‍ നിന്നും നാസ്തിക മതങ്ങളില്‍ നിന്നും അര്‍ബന്‍ നക്സലുകളില്‍ നിന്നുമാണ് ബാഹ്യ വെല്ലുവിളികള്‍. അവയെ പ്രതിരോധിക്കാന്‍ യുവാക്കളെ തയ്യാറാക്കേണ്ടതുണ്ട്. പഠനക്ലാസ്സുകളും പ്രചാരണ പ്രവര്‍ത്തനങ്ങളും നിരന്തരം നടക്കേണ്ടതാണ്. അവ നടത്തിക്കാന്‍ കെല്‍പ്പുള്ള ആചാര്യന്മാരെ വാര്‍ത്തെടുക്കാന്‍ കൂടുതല്‍ ഗുരുകുലങ്ങളും ഉണ്ടാവേണ്ടതുണ്ട്. വെള്ളിനേഴി ആര്യസമാജം നേതൃത്വം നല്കുന്ന കാറല്‍മണ്ണ വേദഗുരുകുലം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബ്രഹ്മചാരികളെ തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. സാംഗോപാംഗം വേദപഠനത്തോടൊപ്പം കേരളീയ രീതിയിലുള്ള വേദാലാപനവും ശ്രൗത യാഗങ്ങള്‍ വരെ നടത്താനുള്ള പരിശീലനവും വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസം ഇല്ലാതെ ഇവിടെ നടക്കുന്നുണ്ട്. ഇത് കേരള നവോത്ഥാന ചരിത്രത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. കൂടാതെ സന്ധ്യാവന്ദനം, അഗ്നിഹോത്രം, ജനനം മുതല്‍ മരണം വരെ ചെയ്യേണ്ട ഷോഡശ സംസ്കാര ക്രിയകളും ഇവിടെ തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്. ഈ ഗുരുകുലം കേന്ദ്രീകരിച്ചു നിരവധി സേവാപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
ഭാരത സ്വാതന്ത്ര്യസമരവും ആര്യസമാജവും
ആര്യസമാജം കേരളത്തില്‍ എത്തിയതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ആര്യസമാജം ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ചെലുത്തിയ സ്വാധീനം ഒന്ന് വിലയിരുത്തുകയാണിവിടെ. ഭാരത സ്വാതന്ത്ര്യ സമരത്തിന് പ്രചോദനം നല്‍കിയത് മഹര്‍ഷി ദയാനന്ദ സരസ്വതിയും അദ്ദേഹം സ്ഥാപിച്ച ആര്യസമാജവും ആയിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം പരാജയപ്പെട്ടതില്‍ നിരാശരായി തീര്‍ന്ന ദേശസ്നേഹികളില്‍ സ്വാഭിമാനവും കര്‍ത്തവ്യ ബോധവും ഐക്യവും ഉത്പന്നമാക്കിയത് മഹര്‍ഷി ദയാനന്ദന് ആണെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം. ആര്യസമാജത്തില്‍ നിന്ന് പ്രചോദനം നേടിയ ആയിരക്കണക്കിന് യുവാക്കള്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടി. അവരില്‍ ഏതാനും പേരെ മാത്രം ഒന്ന് ഇവിടെ പരിചയപ്പെടുത്താം. എല്ലാവരെയും കുറിച്ച് എഴുതാന്‍ അനേകായിരം താളുകള്‍ വേണ്ടി വരും.
ശ്യാംജി കൃഷ്ണവര്‍മ്മ
40 വര്‍ഷത്തോളം വിദേശത്ത് താമസിച്ചു ഭാരതീയ വിപ്ലവകാരികള്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്കിയ ഇവരില്‍ പ്രാതഃ സ്മരണീയനാണ്. മഹര്‍ഷി ദയാനന്ദന്റെ ഈ പ്രിയ ശിഷ്യന് ഇംഗ്ലണ്ടില്‍ സ്ഥാപിച്ച *ഇന്ത്യാ ഹൗസ്* ആണ് വീര്‍ സാവര്‍ക്കര്‍ തുടങ്ങിയ വിപ്ലവകാരികള്‍ക്ക് കേന്ദ്രമായത്.
ക്രാന്തിവീര്‍ സര്‍ദാര്‍ അജിത് സിംഗ്
സര്‍ദാര്‍ ഭഗത് സിംഗിന്റെ അമ്മാവനും ആര്യസമാജം നടത്തിയിരുന്ന ലഹോര്‍ ഡിഎവി കോളജില്‍ നിന്നുള്ള ബിരുദധാരിയുമായ ക്രാന്തിവീര്‍ അജിത് സിംഗ് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയതിന്റെ പേരില്‍ മ്യാന്മറിലെ മണ്ഡാലേ ജയിലില്‍ അടക്കപ്പെട്ട അദ്ദേഹം പിന്നീട് യുറോപ്യന്‍ നാടുകളില്‍ യാത്ര ചെയ്തു ഭാരത സ്വാതന്ത്ര്യ സമരത്തിന് വിപ്ലവകാരികളെ തയ്യാറാക്കി.
രാം പ്രസാദ് ബിസ്മില്‍, രോഷന്‍ സിംഗ് തുടങ്ങിയ രക്തസാക്ഷികള്‍
1857ലെ സമരത്തിന് ശേഷം ആദ്യമായി തൂക്കുമരം പൂകിയ വിപ്ലവകാരികളില്‍ പ്രമുഖരായ രാം പ്രസാദ് ബിസ്മില്‍, രോഷന്‍ സിംഗ് തുടങ്ങിയവര്‍ ആര്യസമാജത്തിന്റെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ ആയിരുന്നു.
സോഹന്‍ലാല്‍ പാഠക്
1857 ലെ പട്ടാളവിപ്ലവത്തിന് ശേഷം ആദ്യമായി തൂക്കുമരം പൂകിയ വിപ്ലവകാരികളില്‍ മറ്റൊരു പ്രമുഖനായ സോഹന്‍ലാല്‍ പാഠക് ആര്യസമാജിയായിരുന്നു.
മദന്‍ലാല്‍ ധീഗ്ര
വിദേശത്ത് വച്ച് ആദ്യം തൂക്കിലേറ്റപ്പെട്ട ഭാരതീയ വിപ്ലവകാരി മദന്‍ലാല്‍ ധീംഗ്രയും ആര്യസമാജിയായിരുന്നു.
ഭായ് ബാല്‍മുകുന്ദ്
ബ്രിട്ടീഷ് വൈസ്റോയി ഹാര്ഡിങ്കേക്കു നേരെ ഡല്‍ഹിയില്‍ ബോംബേറു നടത്തിയതിന് തൂക്കിലേറ്റപ്പെട്ട വീരവിപ്ലവകാരി ഭായ് ബാല്‍മുകുന്ദ് ആര്യസമാജിയായിരുന്നു.
രക്തസാക്ഷി ഹരികൃഷ്ണ ആര്യയും അദ്ദേഹത്തിന്റെ സഹോദരന് ഭക്തറാമും
1939ല്‍ പഞ്ചാബ് ഗവര്‍ണര്‍ക്ക് നേരെ വെടിവച്ചു ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച രക്തസാക്ഷി ഹരികൃഷ്ണ ആര്യയും ഒരു മുസ്ലിം പത്താന്റെ വേഷം ധരിച്ചു സുഭാഷ് ചന്ദ്രബോസിനെ ജര്‍മ്മനിയില്‍ എത്തിച്ച അദ്ദേഹത്തിന്റെ (ഹരികൃഷ്ണ ആര്യയുടെ) സഹോദരന് ഭക്തറാമും ആര്യസമാജികള്‍ ആയിരുന്നു.
ചന്ദന്‍സിംഗ് ഗഡ്വാളി
പെഷവാരിലെ സത്യാഗ്രഹികള്‍ക്ക് നേരെ നിറയൊഴിക്കാന്‍ വിസമ്മതിച്ചതിന് ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന സൈനിക ഉദ്യോഗസ്ഥന് ആയിരുന്ന ചന്ദന്‍സിംഗ് ഗഡ്വാളീ ആര്യസമാജിയായിരുന്നു.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പോലീസ് തെരച്ചില്‍ നടത്തിയ ഒരേ ഒരു ഉപദേശക് വിദ്യാലയം (വേദ പ്രചാരകന്മാരെ തയ്യാറാക്കുന്ന കേന്ദ്രം) ആര്യസമാജത്തിന്റെ ലാഹോറിലെ ഉപദേശക് വിദ്യാലയം ആയിരുന്നു. സ്വാമി ശ്രദ്ധാനന്ദന്റെ കാങ്ഡി ഗുരുകുലത്തിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. അവിടെ നിന്ന് കണ്ടെടുത്തത് വലിയ ഒരു ബോംബ് ആയിരുന്നുവത്രേ (സത്യാര്‍ത്ഥപ്രകാശം എന്ന മഹര്‍ഷി ദയാനന്ദന്റെ അമര ഗ്രന്ഥത്തെയാണ് ബ്രിട്ടീഷ് ഓഫീസര്‍ ബോംബുണ്ടാക്കാനുള്ള ഫോര്‍മുല എന്ന് വിശേഷിപ്പിച്ചത്.)
ബ്രിട്ടീഷ് കോടതിയെ വിമര്‍ശിച്ചതിന് ശിക്ഷിക്കപ്പെട്ട ആദ്യ സത്യാഗ്രഹി ആര്യസമാജത്തിലെ സുപ്രസിദ്ധ പണ്ഡിതന് ആയിരുന്ന ‘മനസാ റാം വൈദിക് തോപ്പ്’ ആയിരുന്നു. ഭാരത സ്വാതന്ത്ര്യ സമരക്കാലത്ത് ജയിലിലാക്കിയ ഒരേ ഒരു വൈജ്ഞാനികന് ഡോ. സത്യപ്രകാശ് എന്ന ആര്യപണ്ഡിതന് ആയിരുന്നു. ബോംബ് ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം.
സ്വാതന്ത്ര്യസമരകാലത്ത് ചുട്ടുകൊല്ലപ്പെട്ട നാലു ദേശഭക്തര്‍ ആര്യസമാജികള്‍ ആയിരുന്നു. ഹൈദരാബാദുകാരായിരുന്നകൃഷ്ണറാവു ഇറ്റേക്കര്, അദ്ദേഹത്തിന്റെ പത്നി ശ്രീമതി. ഗോദാവരി ദേവി, കാശിറാവു ധാരൂര്‍, ഗോവിന്ദ റാവു എന്നിവര്‍ ആയിരുന്നു അവര്‍. കാണ്‍പൂര്‍ ഡിഎവി കോളേജിന്റെ ഹോസ്റ്റലില്‍ കടന്നു കയറിയ ബ്രിട്ടീഷ് അധികാരികള്‍ സാലിഗ്റാം എന്ന ആര്യ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്നു. ആര്യസമാജം ഗുരുകുലങ്ങളും കോളജുകളും ഭാരതസ്വാതന്ത്ര്യസമരത്തിന് ആത്മാര്‍പ്പണം നല്കാന് സന്നദ്ധരായ അനേകം വിദ്യാര്‍ത്ഥികളെ തയ്യാറാക്കി. ഭാരതീയ സ്വാതന്ത്ര്യ സമരക്കാലത്തു വിഷം കൊടുത്തുകൊന്ന ഒരേ ഒരു ജയില്‍പ്പുള്ളി ആര്യസമാജത്തിന്റെ മഹാനായ നേതാവായിരുന്ന ഭായ് ശ്യാംലാല്‍ വക്കീല്‍ ആയിരുന്നു. ആര്യസമാജം വെട്ടിതെളിച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ ഭാഗമായി ദല്‍ഹി ജുമാമസ്ജിദില്‍ നിന്ന് വേദമന്ത്രങ്ങള്‍ ചൊല്ലി ജനങ്ങളെ അഭിസംബോധന ചെയ്ത ഒരേ ഒരു ഹിന്ദു സന്ന്യാസി സ്വാമി ശ്രദ്ധാനന്ദനായിരുന്നു.
ആര്യസമാജം ശതാബ്ദി ആഘോഷം
ആര്യസമാജത്തിന്റെയും മാപ്പിളലഹളയുടെയും നൂറാം വാര്‍ഷികമായ ഈ അവസരത്തില്‍ സമാനമനസ്കരായ ഹൈന്ദവ സംഘടനകളുമായി കൈകോര്‍ത്തു വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി കൊണ്ടിരിക്കുന്നു. മത-സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളാല്‍ പിന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്ന സനാതനധര്‍മ വിശ്വാസികളില്‍ ആത്മവിശ്വാസം ഉണ്ടാക്കാനും വൈദിക ധര്‍മത്തെ പുഷ്ടിപ്പെടുത്താനും കൂട്ടായ പരിശ്രമം ആവശ്യമുണ്ട്. മറ്റു ഹൈന്ദവ സംഘടനകളുമായി സഹകരിച്ചു കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു കര്‍മ്മ പദ്ധതി ആര്യസമാജം കേരളത്തില്‍ തയ്യാറാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: