ബെയ്ജിംഗ്: കാനഡയുടെ വീട്ടുതടങ്കില്‍ നിന്നും മോചനം നേടി ചൈനയില്‍ തിരിച്ചെത്തിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ ടെലികോം സേവന കമ്പനിയായ വാവെയുടെ സിഇഒ മെങ് വാന്ഷുവിന് ചൈനയില്‍ വീരോചിത വരവേല്‍പ്പ്.
അമേരിക്കയ്ക്കെതിരെ ചൈനക്കാരെ മുഴുവന്‍ ഒന്നിപ്പിച്ച, ചൈനയുടെ ദേശസ്നേഹം ഉണര്‍ത്തിവിട്ട വലിയ സംഭവമായി മെങ് വാന്‍ഷുവിന്റെ മോചനം മാറിക്കഴിഞ്ഞു. ഞായറാഴ്ച വാവേയ് കമ്പനിയുടെ ആസ്ഥാനമായ ചൈനയിലെ ഷെന്‍സന്‍ നഗരത്തില്‍ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത് വിമാനത്തില്‍ വന്നിറങ്ങിയ മെങ് വാന്‍ഷുവിനെ ചുവന്ന പരവതാനി വിരിച്ചാണ് ചൈന വരവേറ്റത്. സാഹചര്യത്തിന് ചേരും വിധം ചൈനയുടെ ദേശസ്നേഹം ഉണര്‍ത്താന്‍ പാകത്തില്‍ ചൈനീസ് ചെങ്കൊടിയുടെ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് മെങ് വാന്‍ഷു എത്തിയത്. ചൈനയുടെ കൊടികള്‍ ആഞ്ഞുവീശിയാണ് മെങിനെ ചൈനീസ് ജനത വരവേറ്റത്. സമൂഹമാധ്യമങ്ങളിലും മെങിനെ മൂന്ന് വര്‍ഷത്തെ വീട്ടുതടങ്കലിന് ശേഷമുള്ള തിരിച്ചുവരവ് വലിയ കോലാഹലത്തോടെയാണ് വരവേറ്റത്. മോചനത്തിന് അവര്‍ ഷീ ജിന്‍പിങിനെ അഭിനന്ദിച്ചു. ഓരോ ചൈനീസ് പൗരനേയും ഷീ ജിന്‍പിങ് രക്ഷിയ്ക്കുമെന്നും വിശ്വാസത്തിന് ഒരു നിറമുണ്ടെങ്കില്‍ അത് ചുവപ്പാണെന്നും മെങ് പറഞ്ഞു.
എന്തായാലും മെങ് വാന്‍ഷുവിന്റെ ഈ മോചനം തല്‍ക്കാലത്തേക്കെങ്കിലും ജോ ബൈഡന് കനത്ത തിരിച്ചടിയും ഷീ ജിന്‍പിങിന് വലിയ മുന്നേറ്റവും നല്‍കിയിരിക്കുകയാണ്.
ചൈനയുടെ ലോക ഒന്നാം നമ്പര്‍ ടെലികോം സേവന കമ്പനിയായ വാവെയ് സ്ഥാപിച്ച ചൈനീസ് ബിസിനസുകാരന് റന് ഴെങ്ഫൈയുടെ മകള്‍ കൂടിയാണ് മെങ് വാന്‍ഷു. റന് ഴെങ്ഫൈയ്ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പിടിയുണ്ട്. അതുകൊണ്ട് കൂടിയാണ് മെങ് വാന്‍ഷുവിന്റെ അറസ്റ്റും കാനഡയിലെ മൂന്നു വര്‍ഷത്തെ വീട്ടുതടങ്കലും ചൈനയുടെ ദേശീയ പ്രശ്നമായി മാറിയത്.
പിന്നാലെ ചാരവൃത്തി ആരോപിച്ച് ചൈന അറസ്റ്റ് ചെയ്ത രണ്ട് കനേഡിയന്‍ യുവാക്കളെ ചൈനയും മോചിപ്പിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഈ നടപടികള്‍.
യുഎസ് ആവശ്യപ്പെട്ടതനുസരിച്ചാണ് മൂന്ന് വര്‍ഷം മുമ്പ് കാനഡ മെങിനെ അറസ്റ്റ് ചെയ്തത്. യുഎസ് ഉപരോധം ലംഘിച്ച് ഇറാന് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നല്‍കിയതിനാലാണ് ന്യൂയോര്‍ക്ക് കോടതി 2018 ആഗസ്തില്‍ മെങിന് വാറന്റയച്ചു. ഇവര്‍ ഡയറക്ടറായ ഹോങ്കോങിലെ സ്കൈകോ എന്ന വ്യാജകമ്പനി വഴിയാണ് ഇറാനുമായി ഇടപാട് നടത്തിയതെന്നാണ് ആരോപണം. ഇതോടെ വാവെയ് കമ്പനിയ്ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തി. ഇതിന് പുറമെ അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ സാങ്കേതിവിദ്യകളും വ്യാപാര രഹസ്യങ്ങളും ചോര്‍ത്തിയെന്നും മെങ് വാന്‍ഷുവിനെതിരെ ആരോപിക്കപ്പെട്ടിരുന്നു.
കാനഡ ഇവരെ വീട്ടു തടങ്കലിലാക്കെയെങ്കിലും ആഡംബര വസതിയിലാണ് താമസിപ്പിച്ചത്. കുടുംബക്കാര്‍ക്ക് ഇവരെ സന്ദര്‍ശിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ചൈന അറസ്റ്റ് ചെയ്ത കാനഡയിലെ രണ്ട് യുവാക്കള്‍ക്കും നരകതുല്യമായ ജയില്‍വാസമായിരുന്നു. എന്തായാലും അഫ്ഗാനില്‍ നിന്നും പട്ടാളക്കാരെ ഒറ്റയടിക്ക് പിന്‍വലിച്ച് താലിബാന്റെ കയ്യില്‍ ഭരണം ഏല്പിച്ചതുപോലെ മറ്റൊരു നയതന്ത്ര തിരിച്ചടിയായിരിക്കുകയാണ് അമേരിക്കയ്ക്ക് മെങ് വാന്‍ഷുവിന്റെ മോചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: