തിരുവനന്തപുരം: മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന ശംഖുമുഖം-വിമാനത്താവളം റോഡ് കേരളവികസനത്തിന്റെ തനിപകര്‍പ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. തലസ്ഥാനത്തെ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ കേരളത്തിന് അപമാനമാണെന്നും സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു. ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണുള്ളത്. കേരളത്തിന്റെ വികസനത്തിന്റെ മാതൃക ചോദ്യം ചെയ്യപ്പെടുകയാണ്.
തിരുവനന്തപുരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്കുന്ന സ്മാര്‍ട്ട്സിറ്റി, വിമാനത്താവള വികസനം, വിഴിഞ്ഞം പദ്ധതി എന്നിവയെല്ലാം കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പിലാകുമ്പോള്‍ ഒരു റോഡ് നിര്‍മ്മിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല. വിമാനത്താവള റോഡ് മാസങ്ങളായി പരിഹരിക്കാന്‍ കഴിയാത്തത് കേരളത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കി.
ഇതുവരെ നടന്ന അറ്റകുറ്റ പണികളെല്ലാം അശാസ്ത്രീയമാണ്. ഈ നിലയിലാണ് റോഡ് നിര്‍മ്മിക്കുന്നതെങ്കില്‍ അതും ജനങ്ങള്‍ക്ക് ഉപദ്രവമാകും. റോഡ് പണിയുടെ പേരില്‍ തീരദേശവാസികള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ ഒരു ഓട്ടോറിക്ഷ പോലും കടത്തിവിടാത്ത സ്ഥിതിയാണുള്ളത്.
സ്ഥലം എംപിയും മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന മന്ത്രിയും വോട്ട് ചെയ്ത് ജയിപ്പിച്ച ജനത്തിന്റെ ദുരിതത്തിന് മറുപടി പറയണം. നടപടി ഉണ്ടായില്ലെങ്കില്‍ പ്രദേശവാസികളുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന വൈസ്പ്രസിഡന്റ് വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, കരമന ജയന്, വിജയന് തോമസ്, ഒബിസി മോര്‍ച്ചാ ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, സിനിമാതാരം കൃഷ്ണകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: