പഴയകാല സ്മരണകളുടെ സുഗന്ധം നിറയുന്ന നോവലാണ് കൈലാസ് നാരായണന്‍ രചിച്ച ഓര്‍മ്മകളുടെ കൂട്ടിരിപ്പ്. പഴയ നമ്പൂതിരി ഇല്ലവും അതിനോട് ചേര്‍ന്നുള്ള ജീവിതങ്ങളുമാണ് നോവലിന്റെ പശ്ചാത്തലം. സുഭദ്രയെന്ന വീട്ടമ്മയാണ് കേന്ദ്രബിന്ദു. മേലേക്കാട്ട് മനയിലെ ഗോവിന്ദന്‍ നമ്പൂതിരിയാണ് സുഭദ്രയുടെ ഭര്‍ത്താവ്. ഈ നോവലിലെ കേന്ദ്രകഥാപാത്രമാണ് ഗോവിന്ദന്‍. സുഭദ്രയ്‌ക്ക്, തന്നേക്കാള്‍ ഇരുപത് വയസ്സ് കൂടുതലുള്ള ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടിവരുന്ന തിരസ്‌കരണവും അവഗണനയും സുഭദ്രയുടെ ജീവിതത്തെ എപ്രകാരമെല്ലാം ബാധിക്കുന്നുവെന്നാണ് ഈ നോവല്‍ പറഞ്ഞുവയ്‌ക്കുന്നത്.
ജീവിതത്തോട് താല്‍പര്യമില്ലാതെ പരസ്പര ആവശ്യമില്ലാതെ രണ്ട് ധ്രുവങ്ങളിലായി ജീവിക്കുന്ന അനേകം ഭാര്യാഭര്‍ത്താക്കന്മാരെപോലെ ഗോവിന്ദനും സുഭ്രദയും.
മുരളിയെന്ന കഥാപാത്രത്തിന്റെ ഓര്‍മ്മകളിലൂടെയാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ മുന്നില്‍ വന്ന് പോകുന്നത്. ഒരു കാലഘട്ടത്തിലെ സംഭവങ്ങളും ചില സാമൂഹിക മാറ്റങ്ങളുമാണ് ഇതിലൂടെ നോവലിസ്റ്റ് വരച്ചിടുന്നത്. വലിയൊരു വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തീര്‍ക്കാന്‍ വിധിക്കപ്പെട്ട, ഭര്‍ത്താവിന്റെ ദാസിയായി നിലനിന്നുകൊണ്ട് സ്വന്തം കാമനകളെ ഉള്ളിലൊതുക്കേണ്ടി വരുന്ന ഹതഭാഗ്യരായ അനേകം സ്ത്രീജന്മങ്ങളുടെ പ്രതീകമാണ് സുഭദ്ര. മേലേക്കാട്ട് മനയുമായി ബന്ധമുള്ള നിരവധി കഥാപാത്രങ്ങള്‍ വിരുന്നുകാരെപ്പോലെ വന്നുപോകുന്നു. മുരളി എന്ന കഥാപാത്രത്തിന്റെ ഓര്‍മ്മകളിലൂടെയാണ് നോവലിന്റെ സഞ്ചാരം. ഗോവിന്ദന്‍ നമ്പൂതിരിയുടെ വിനീത ദാസനായ പരമുനായരുടെ ഓര്‍മ്മകളും കഥയില്‍ ഇടകലരുന്നുണ്ട്.
ഒരു നമ്പൂതിരി തറവാടിന് കാലാന്തരത്തില്‍ ഉണ്ടാകുന്ന അപചയവും അന്യാധീനപ്പെട്ടുപോകുന്നതുമായ കാര്യങ്ങള്‍ സൂക്ഷ്മമായി നോവലില്‍ വരച്ചിടാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. പല നമ്പൂതിരി ഇല്ലങ്ങളുടേയും കോവിലകങ്ങളുടേയും അപചയവും വസ്തുവകകള്‍ അന്യാധീനപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനഹാനിയും വിശപ്പും ദാരിദ്രവും, ഇതെല്ലാം അനുഭവിക്കേണ്ടി വരുമ്പോഴും കൈവിടാത്ത മൂല്യബോധങ്ങളും തറവാട്ടിലെ വ്യക്തികള്‍ക്ക് നേരിടേണ്ടേി വരുന്ന അപമാനങ്ങളും നഷ്ടബോധവും എല്ലാം സാമൂഹിക മാറ്റങ്ങളുടെ ചരിത്ര രേഖകള്‍ പോലെ വായനക്കാരിലേക്ക് എത്തുന്നുണ്ട്.
ഗോവിന്ദന്റേയും സുഭദ്രയുടേയും ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളും അവരുടെ ഇടയിലെ ആത്മസംഘര്‍ഷങ്ങളും എത്രത്തോളമായിരുന്നു എന്നതിന്റെ സൂചനകള്‍ മാത്രമേ നോവലില്‍ പ്രകടമാകുന്നുള്ളു. എങ്കിലും അതിന്റെ തീവ്രത സുഭദ്രയുടെ ഭാവഭേദങ്ങളിലൂടെ ആവിഷ്‌കരിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. താലിച്ചരട് കഴുത്തില്‍ മുറുകുമ്പോള്‍ അവളറിയുന്നില്ല പ്രാണവായുപോലും ഇനി വലിച്ചെടുത്തേ ശ്വസിക്കാന്‍ പറ്റൂ എന്ന്. പെണ്ണിന്റെ ജീവിതം അതോടെ തീര്‍ന്നു. ജീവനുള്ള പ്രതിമ. അവള്‍ക്ക് സ്വന്തമായി വികാരങ്ങള്‍ പാടില്ല, സ്വന്തമായി മോഹങ്ങള്‍ പാടില്ല. പിന്നീടവള്‍ക്ക് സ്വന്തമായി യാതൊന്നുമില്ല എന്ന സുഭദ്രയുടെ വാക്കുകളില്‍ അവള്‍ അനുഭവിച്ച വേദനകള്‍ എല്ലാമടങ്ങിയിട്ടുണ്ട്. ജീവിതത്തോട് ചേര്‍ത്തുവയ്‌ക്കാനാവാതെ പോയ പ്രണയത്തിന്റെ വേദനയില്‍, പ്രണയിനിയെത്തന്നെ അവസാന നാള്‍ വരെ മനസ്സില്‍ കൊണ്ടു നടന്ന ഗോവിന്ദന് ഭാര്യയുടെ മനസ്സ് കാണാനാവാതെ, സ്വന്തം മകന്‍ ഉണ്ണിയോട് നീതി പുലര്‍ത്താനാവാതെ താന്‍ ഒരു തമ്പുരാന്‍ ആണെന്ന മേനി നടിച്ച് കാലം കഴിച്ച ഗോവിന്ദനോട് വായനക്കാരുടെ മനസ്സില്‍ പലവിധ വികാരങ്ങളാവും പ്രതിഫലിക്കുക. ഒടുവില്‍ സുഭദ്ര തന്റെ താലി ഒരു തുണിപ്പൊതിയില്‍ പൊതിഞ്ഞ് മരണക്കിടക്കയില്‍ ആയ ഗോവിന്ദന്റെ കൈയില്‍ തന്നെ ഏല്‍പ്പിക്കുന്നു. അതൊരു തരത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി വ്യാഖ്യാനിക്കാം. സാമൂഹിക മാറ്റത്തിനൊപ്പം പ്രകൃതിയുടെ മാറ്റവും രേഖപ്പെടുത്തുന്ന ഓര്‍മ്മകളുടെ കൂട്ടിരിപ്പ് എന്ന നോവല്‍ സുന്ദരമായ ഒരു വായനാ അനുഭവം സമ്മാനിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: