രാജീവ് നമ്പീശന്
ആസ്വാദകരാലും പ്രയോക്താക്കളാലും ഇന്നും ഏറെ വാഴ്ത്തപ്പെടുന്ന ഒരു കലാരൂപമാണല്ലോ കഥകളി. ഇതിനോടകം നവതി പിന്നിട്ട കേരള കലാമണ്ഡലമാണ് കഥകളിയുടെ ഈറ്റില്ലമായി എല്ലാവരും കണക്കാക്കുന്നത് എങ്കിലും, അതിനും പത്ത് വര്‍ഷം മുന്‍പ് ആരംഭിച്ചതും ഇന്നും നാമമാത്രമായിട്ടാണെങ്കിലും നിലകൊള്ളുന്ന ഒരു കളി യോഗമുണ്ട്. ഒട്ടേറെ പ്രാരാബ്ധങ്ങള്‍ക്കിടയിലും കളിയരങ്ങുകളിലൂടെ നൂറ് വര്‍ഷത്തെ സഞ്ചാരം പൂര്‍ത്തീകരിച്ച ഈ കളിയോഗത്തെപ്പറ്റി ഇനിയും കളിക്കമ്പക്കാര്‍ അധികമൊന്നും അറിഞ്ഞിട്ടില്ല. തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് പൊയ്യയിലെ കെസിഎസ്എം നാട്യസംഘത്തിന്റെ വിശേഷങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.
1917 ല്‍ കഥകളിഭ്രമം മൂത്ത പൊയ്യക്കാരന്‍ സന്തപ്പന്‍ ചെന്നെത്തിയത് കഥകളി ആചാര്യന് പറവൂര്‍ ഏഴിക്കര പദ്മനാഭപിള്ളയുടെ അടുത്തായിരുന്നു. തന്നെയും മക്കളെയും കഥകളി പഠിപ്പിക്കാനായി ഗുരുനാഥന് പൊയ്യയിലെ തന്റെ വീടിനോട് ചേര്‍ന്ന് ഒരു കളരിയൊരുക്കിയ സന്തപ്പനും സംഘവും 1920ല്‍ നാട്ടിലെ കാര്‍ത്തികക്കാവില്‍ വച്ച് നളചരിതം രണ്ടാം ദിവസം കെട്ടിയാടി. അതായിരുന്നു ആ സപര്യയുടെ തുടക്കം.
കാട്ടൂക്കാരന്‍ ചാന്ത് സന്തപ്പന്‍ മെമ്മോറിയല്‍ നാട്യസംഘം എന്ന പേരില്‍ നൂറു വര്‍ഷം പിന്നിട്ട കെസിഎസ്എം കളിയോഗത്തിന്റെ ഇപ്പോഴത്തെ ആചാര്യന് പൊയ്യ ശിവന് ആണ്.
മുത്തച്ഛനും അച്ഛനും ഇളയച്ഛന്മാരും കളിവിളക്കില്‍ പകര്‍ന്നു നല്കിയ അഗ്നി ഇന്നും കെടാവിളക്കായി മനസ്സില്‍ സൂക്ഷിയ്ക്കുന്ന ഇദ്ദേഹത്തിന് 60 വര്‍ഷത്തിലേറെ നീണ്ട അരങ്ങറിവും, നാല്‍പ്പതിലേറെ കഥകളുടെ അവതരണ പരിചയവും കൈമുതലായുണ്ട്.
തുടക്കകാലത്ത് വേഷക്കാരനായിരുന്ന ഇദ്ദേഹം പിന്നീട് പാട്ടുകാരനാവുകയും 25 വയസ്സ് പിന്നിട്ടപ്പോഴേക്കും പൊന്നാനി പാട്ടുകാരനായി മാറുകയുമായിരുന്നു. യശഃശരീരനായ വേങ്ങൂര്‍ രാമകൃഷ്ണനാശാന്റെ വേഷത്തിന് സദനം ദിവാകരനാശാന്റെ ചെണ്ടയ്ക്കൊപ്പം തൃശൂരില്‍ ദുര്യോധനവധം പാടിയത് ശിവനാശാന്‍ ഇന്നും ഓര്‍ത്തെടുക്കുന്നു.
പണ്ട് തിരുവഞ്ചിക്കുളത്ത് തന്റെ മുത്തച്ഛന്റെ നേതൃത്വത്തില്‍ ഉത്സവക്കളി നടന്നു കൊണ്ടിരിക്കെ, തൃപ്പുണിത്തുറ തമ്പുരാന് കളി കാണാനിടയാവുകയും, കളിക്കാരെപ്പറ്റി അന്വേഷിച്ചറിഞ്ഞ തമ്പുരാന് തന്റെ മുത്തച്ഛന് ‘തിരുവഞ്ചിക്കുളം മൂപ്പന്’ എന്ന പേര് നല്‍കുകയും, തൃപ്പുണിത്തുറയില്‍ കളിക്കാന്‍ അനുവദിക്കുകയും ചെയ്ത ചരിത്രം ഏറെ അഭിമാനത്തോടെയാണ് ഇദ്ദേഹം പറയുന്നത്.
ഈയടുത്ത കാലം വരെ തൃപ്പുണിത്തുറ, അന്നമനട, തിരുവഞ്ചിക്കുളം, കുഴൂര്‍, ചെറായി തുടങ്ങി ഒട്ടേറെ ദേവസ്വങ്ങളില്‍ ഈ യോഗം കളി അവതരിപ്പിച്ചു വന്നിരുന്നു.
കലാമണ്ഡലത്തിനും പത്ത് വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് ഈ കളിയോഗമെന്നിരിക്കിലും, നൂറാം വാര്‍ഷികം ഈക്കഴിഞ്ഞയിടെ ആരുമറിയാതെ ഒരു ചടങ്ങുപോലും നടത്താതെ കഴിഞ്ഞു പോവുകയാണുണ്ടായത്.
ഈ കളിയോഗത്തിലാണ് പുത്തൂര്‍ അച്യുതമേനോന്റെ പുത്രന് വേഷം പഠിച്ച് അരങ്ങേറിയത്. ഇരിങ്ങാലക്കുടയില്‍ വെച്ച് ദക്ഷയാഗമായിരുന്നു കഥ. പഴയ കഥകളിപ്പാട്ടുകാരനായിരുന്ന അമ്പലപ്പുഴ ഗോപാലകൃഷ്ണനാശാന്‍ ഒരു വര്‍ഷത്തോളം തങ്ങളുടെ സംഘത്തില്‍ ചേര്‍ന്നിരുന്നു എന്നും, അക്കാലത്താണ് തനിക്ക് ഒരു സംഗീതാലാപനശൈലി കൈവന്നത് എന്നും ശിവനാശാന്‍ സ്മരിക്കുന്നു.
1986 മുതല്‍ നാമമാത്രമായി സര്‍ക്കാര്‍ വക ഗ്രാന്റ് ലഭിച്ചിരുന്നുവെങ്കിലും, അത് ഏറ്റുവാങ്ങാന്‍ പോകുന്ന ചെലവുപോലും ഗ്രാന്റ് തുകകൊണ്ട് തികയാതെ വന്നപ്പോള്‍ ഇവര്‍ അത് ഒഴിവാക്കുകയായിരുന്നു. കളിയോഗത്തിന്റെ പേരില്‍ സ്വന്തമായി സ്ഥലം ഉണ്ടെങ്കില്‍ കെട്ടിട ഗ്രാന്റ് ലഭിക്കുമെന്ന വാഗ്ദാനപ്രകാരം സ്വന്തം കിടപ്പാടം പേരു മാറ്റി അപേക്ഷിച്ചിട്ടും നടപടി ഒന്നുമാകാതിരുന്നതും, മുറ്റത്ത് അവശേഷിച്ചിരുന്ന കളരിയും സാമഗ്രികളും പ്രളയകാലത്ത് നശിച്ചുപോയതും ഇവരുടെ സങ്കടങ്ങളാണ്.
ഭൂരിഭാഗവും സവര്‍ണ്ണ വിഭാഗങ്ങള്‍ക്കിടയിലായി പ്രയോഗവും ആസ്വാദനവും നടന്ന ഒരു കലാരൂപമായ കഥകളിയുടെ പ്രയോക്തക്കളായി ഈ പ്രത്യേക വിഭാഗക്കാരെ കാണാനുള്ള പലരുടെയും താല്പര്യമില്ലായ്മയും ഈ സംഘത്തിന്റെ നൊമ്പരമായി ഇന്നും നിലനില്ക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും കുടുംബി സമുദായത്തിലെ അംഗങ്ങളുമാണ് ഈ കളിയോഗത്തിലെ ഒട്ടുമിക്ക കലാകാരന്മാരും.
കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രാരാബ്ധത്തിന്റെ നടുക്കടലില്‍ നില്ക്കുന്ന ഇവര്‍, കലയെ മാറ്റിവച്ച് ഉപജീവനത്തിനായി ഉഴറുമ്പോള്‍, വേണ്ടത്ര പാട്ടുകാരും വേഷക്കാരുമൊന്നും ഇല്ലാതെ തങ്ങളുടെ കളിയോഗം നിശ്ചലാവസ്ഥയിലാണെന്ന് ശിവന് പൊയ്യ സങ്കടപ്പെടുന്നു.
എങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ ചെണ്ട, കോപ്പ് എന്നിവയുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ഒക്കെയായി ഇവര്‍ മുന്നേറുകയാണ്. ഒപ്പം തങ്ങളുടെ അഞ്ചാം തലമുറയിലെ കുട്ടികളെ അരങ്ങേറ്റത്തിന് പ്രാപ്തരാക്കിയ ചാരിതാര്‍ത്ഥ്യത്തിന്റെ തിളക്കവും ഈ ആശാനില്‍ കാണാം.
രണ്ടാം മുണ്ട് ചുറ്റി, കളിവിളക്ക് തെളിയിച്ച് അരങ്ങിലെത്തിയാല്‍, തനിക്ക് ഇന്നും പ്രായം നാല്പ്പതാണ് എന്ന് ചെറുചിരിയോടെ മൊഴിയുന്ന നവതിയോടടുത്ത ഈ കലാകാരനും സംഘവും, ഗുരുനാഥന്റെയും മുത്തച്ഛന്റെയും തട്ടകത്തെ ദേവിയായ കാര്ത്തിക്കാവിലമ്മയുടെയും അനുഗ്രഹത്താല്‍ ഇനിയും ഒട്ടേറെ വേദികളില്‍ നിറസാന്നിധ്യമാകാനാവും എന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ്.
കഥകളി ആസ്വാദകരുടെയും സര്‍ക്കാരിന്റെയും വേണ്ടത്ര ശ്രദ്ധയും പരിഗണനയും ഈ കളിയോഗത്തിനും കൈ വന്നാല്‍, അത് കലാലോകത്തിന്റെ സുകൃതം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: