അരവി
9387174961
കുറിപ്പിലൊരു പിശകുണ്ട്. ശത്രു പറഞ്ഞു. മിത്രം കൊടുത്ത വിളമ്പര പത്രത്തിലാണ് കുഴപ്പം. ആദ്യമുണ്ടായത് സംഗീതം. പിന്നെയാണ് സാഹിത്യം. ശത്രുഘ്നന്റെ വിശദീകരണം കേട്ട് പാമരന് അമ്പരപ്പ്.
ഉദ്ദേശ്യം സാഹിത്യകാരന്മാരുടെ കൂട്ടായ്മ തന്നെയാണ്. ഇടയ്ക്ക് സംഗീതം കൊണ്ടുവന്നത് പുനത്തില്‍ കുഞ്ഞബ്ദുള്ളയും.
അറിഞ്ഞോ അറിയാതെയോ ഈ ഏടാകൂടത്തില്‍ പെട്ടുപോകാന്‍ ഇടയാക്കിയത്, പ്രശസ്ത പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജായിരുന്നു.
അദ്ദേഹത്തിന്റെ ഒരു ചോദ്യത്തില്‍ നിന്നോ അല്ലെങ്കില്‍ നിര്‍ദോഷമായ സജഷനില്നിന്നോ ഇന്സ്പിരിറ്റഡ് ആയപ്പോല്‍ പൊട്ടിയ ലഡുവാണത്. അബദ്ധങ്ങളായ എടുത്തുചാട്ടങ്ങള്‍ എന്റെ കൂടപ്പിറപ്പുകളാണ്. രാപകല്‍ വ്യത്യാസമില്ലാതെ നിഴലായി കറുപ്പും വെളുപ്പും കരടികളെപോലെ ഒപ്പം മുരണ്ട് നിന്നുപോരുന്നു.
പത്രാധിപര്‍ രാധാകൃഷ്ണനെ കഥാപാത്രമാക്കി ഒരു നുണക്കഥയുണ്ടാക്കി അവന്റെ മാസികയിലേക്ക് ഇ-മെയില്‍ ചെയ്തു. ഒരു അടിക്കുറിപ്പോടെ, എന്നാല്‍ ഈ ഫുട്നോട്ട് പ്രസിദ്ധീകരിക്കാനുള്ള അശ്ലീലമായിരുന്നില്ല.
മുഖ്യപത്രാധിപരും, പ്രസാധകനുമായ ഹരിനാരായണന് വിളിച്ചു പറഞ്ഞു. ഗംഭീരമായിരുന്നു. രാധേട്ടനെക്കുറിച്ച് മറ്റാര്‍ക്കും ഇങ്ങനെ കഥ ഉണ്ടാക്കാന്‍ പറ്റില്ല. കഥാനായകനും അഭിപ്രായ വ്യത്യാസമില്ല. പ്രശ്നം അവന് എഡിറ്ററാണ്. അവന്റെ മാസികയില്‍ തന്നെ ഇത് എങ്ങനെ ചേര്‍ക്കും.
മുമ്പ് അയച്ചതെല്ലാം, ബ്ലേഡ് വക്കാതെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, ഇത് വയ്യ. പോട്ടെ ”പേര് വയ്ക്കാതെ വിട്ട കഥയ്ക്ക് ഒരു തലവാചകം പറയടേ, യംജിയാറണ്ണേ” ”കുഴപ്പന്ത്രായി!”
”എന്തേഡേയ്. ഇതിന്റെ അര്‍ത്ഥം?”
”വല്ലപ്പോഴെങ്കിലും ശ്ബ്ദതാരാവലി നോക്കണം”
”പുരുഷാര്‍ത്ഥത്തിന്റെ ഗുട്ടണ്സിന് പോലും ടി കിത്താബ് തുറന്നിട്ടില്ല. പിന്നെല്ലേ, കുഴപ്പന്ത്രായിക്ക്. ഒന്നു പോഡേയ്.”
കുഴപ്പന്ത്രായി. മറ്റൊരു മാസികയിലേക്ക് ഇ-മെയിലായി. സംഗതി അച്ചടിച്ചുവന്നു. അശ്ലീല അടിക്കുറിപ്പോടെ, ഡി ലിറ്റ് ചെയ്യാന്‍ മറന്നേപോയ്. അതിന്റെ എഡിറ്ററും എഴുതിയവനും.
* * * *
വ്യക്തമായ ആശയമോ സങ്കല്പമോ ഇല്ലാതെ തിരക്കിട്ട് എടുത്ത തീരുമാനമായിരുന്നു. ആദ്യത്തെ സര്‍ഗ്ഗസംഗമ പരിപാടിയുടേത്.
കൂടിക്കാഴ്ചകള്‍ക്കിടയില്‍ എപ്പോഴോ ജോര്‍ജ് സാര്‍ വെറുതെ എന്തോ പറഞ്ഞത് കേട്ട് ആവേശം പൂണ്ട്, കള്ളക്കലി ജ്വരത്തില്‍ വാളെടുത്ത് ആക്രോശിച്ച് വെളിപ്പെടുത്തിയതായിരുന്നു സര്‍ഗ്ഗസംഗമം.
ജോര്‍ജ് സാറിന്റെ മുന്നില്‍ ആദ്യമായി എത്തിച്ചത് പുനത്തില്‍ തന്നെയാണ്. ഒരാളെ ഇഷ്ടമായാല്‍ തന്റെ മറ്റേ ഇഷ്ടക്കാരെ ഇയാള്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു രീതി. അക്കാലത്ത് ഡോക്ടര്‍ക്കുണ്ടായിരുന്നു. വ്യക്തികളുടെ വലിപ്പ ചെറുപ്പമോ ആണ്‍പെണ്‍ വ്യത്യാസമൊന്നും പരിഗണിക്കാതെ. ഇംഗ്ലീഷില്‍ എഴുതുന്ന ടി.ജെ.എസിന് മലയാള സാഹിത്യ ഗന്ധ പരിചയമുണ്ടെന്ന് അറിയില്ലായിരുന്നു. ആദ്യ സന്ദര്‍ശനത്തില്‍ അങ്ങനെ തോന്നിയതുമില്ല.
ബദല്‍ ജീവിത (മാധ്യമം വാരിക)ത്തിലെ ഒരദ്ധ്യായത്തിന്റെ പകുതിയും എനിക്ക് കുഞ്ഞബ്ദുള്ള നല്കിയിട്ടുള്ളതിനാല് ഞങ്ങള്‍ തമ്മിലുള്ള സ്റ്റണ്ടിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് കടക്കുന്നില്ല.
അതില്‍ പയാതെ പോയ പലതിനും പ്രസക്തിയില്ലെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. എന്നാല്‍ അവയില്‍ എനിക്ക് ഓര്‍ക്കാനുള്ള ഒന്ന് ഞങ്ങളുടെ പുട്ടപര്‍ത്തി യാത്രയാണ്.
അവിടെ വെച്ചാണ് ഡിസി (കിഴക്കുംമുറി) സാറിനെ പുനത്തില്‍ പരിചയപ്പെടുത്തിയത്. ആ ബന്ധം മൂലം തിരഞ്ഞെടുത്ത കുറെ പുസ്തകങ്ങള്‍ വളരെ നിസ്സാര വിലയ്ക്ക് ഡിസി ബുക്സ് എനിക്ക് അയച്ചുതരികയുണ്ടായി. അതിനാലാണ് മറ്റൊരു സര്‍ഗ്ഗസംഗമ വേളയില്‍, മലയാള പുസ്തക പ്രദര്‍ശനം സാധ്യമായത്.
എനിക്ക് ഒരു പഴയ കാര്‍ ഉണ്ടായിരുന്നു. കുഞ്ഞബ്ദുള്ളയുടെ ഓരോ വരവിലും ടിജെഎസ് സന്ദര്‍ശനം അത്യാവശ്യമായിരുന്നു, അദ്ദേഹത്തിന്.
എനിക്ക് ഡ്രൈവറായേ പറ്റൂ. കുഞ്ഞബ്ദുള്ളയ്ക്ക് ശേഷം വന്നിരുന്ന പല പ്രമുഖര്‍ക്കും ടിജെഎസിനെ കാണണം. ചിലര്‍ക്ക് പരിചയം പുതുക്കണം. അവര്‍ക്കും ഞാന്‍ അനുസരണയുള്ള ഡ്രൈവര്‍ തന്നെയായിരുന്നു. ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായ ടിജെഎസുമായി ഇവര്‍ക്ക് എന്തുകാര്യമെന്ന് ഞാന്‍ ആദ്യം സംശയിച്ചിരുന്നു. കാരണം എനിക്ക് അദ്ദേഹത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അറിയുന്തോറും സാറിന്റെ വീട്ടിലേക്കുള്ള യാത്ര സന്തോഷത്തിന്റേതായി തുടങ്ങി. ഈ പോക്ക് വരവ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ എപ്പഴോ ജോര്‍ജ് സാര്‍ പറഞ്ഞതായിരുന്നു.
”തനിക്ക് കുറെയേറെ സാഹിത്യകാരെ പരിചയമുണ്ടല്ലോ. അവരില്‍ ചിലരെ ഒരേ സമയം ഒരുമിച്ച് ചേര്‍ത്ത് ഒരു മലയാള സാഹിത്യപരിപാടി ബാംഗ്ലൂരില്‍ നടത്തരുതോ.”
ലഡു പൊട്ടിയെങ്കിലും, ഉടനെ മറുപടി പറഞ്ഞില്ല. കാരണം ഇങ്ങനെയുള്ള സംഗതികളില്‍ നമുക്ക് മുന്‍പരിചയമില്ല. പിട്രോഡ കമ്പനി പ്രതിനിധിയായി ഇന്ത്യന്‍ നഗരങ്ങളില്‍ കറങ്ങി നടന്നിരുന്ന എനിക്ക് അങ്ങനെ എന്നല്ല; ഒരു സാദ മലയാള ഗാനമേളപോലും കാണാന്‍ അവസരമുണ്ടായിരുന്നില്ല.
പിട്രോഡയുടെ ബാംഗ്ലൂര്‍ ബ്രാഞ്ച് മാനേജരായപ്പോള്‍ സ്വസ്ഥം, യാത്രകള്‍ കുറവ്. അപ്പോഴാണ് സാഹിത്യഹത്യക്ക് ഒരു മാസിക ആകാമെന്ന വെളിപാട് ഉണ്ടാകുന്നതും, മിനി മാഗസിന് ജനിക്കുന്നതും.
മാസാമാസം മാസികയ്ക്കുള്ള മാറ്റര്‍ സംഘടിപ്പിക്കാനുള്ള തത്രപ്പാടില്‍ ആദ്യകാലങ്ങളില്‍ പോയിരുന്നത്, കോഴിക്കോടാണ്. അവിടെ എന്നെ സഹായിക്കാന്‍ രണ്ട് ശത്രുക്കളുണ്ട്; എന്‍.പി. ഹാഫീസ് മുഹമ്മദും, കക്കട്ടില്‍ നിന്ന് ഓടിയെത്തുന്ന അക്ബറും, അവരുടെ മിടുക്കില്‍ മിനി മാഗസിന് പ്രഗത്ഭരുമായി അടുക്കാന്‍ കഴിഞ്ഞു. എന്‍.പി. മുഹമ്മദ്, തിക്കൊടിയന്, യു.എ. ഖാദര്‍, പോള്‍ കല്ലാനോട്, ജെ.ആര്. പ്രസാദ്, യു.കെ. കുമാരന്, ശത്രുഘ്നന്‍, പി.ആര്. നാഥന്, വി.ആര്. സുധീഷ് അങ്ങനെ എത്രയോ പേര്. ഇവരും തുടര്‍ന്ന്, അക്ബറിനേയും ഹാഫീസിനേയും പോലെ, പലപ്പോഴും സഹകരിക്കുകയും സാഹിത്യസഹായങ്ങള് ചെയ്തു തരികയുണ്ടായി.
പിന്നീട് മലയാള സാഹിത്യത്തിലെ പലരും മിനി മാഗസിന്റെ അതിഥികളായി ബാംഗ്ലൂരില്‍ വന്നിരുന്നു. അവരുടെ സഹകരണ പ്രതീക്ഷയും സര്‍ഗ്ഗ സംഗമമൊരുക്കാന്‍ പ്രേരണയായിട്ടുണ്ട്.
ഇതില്‍ തുടര്‍ച്ചയായി മൂന്നു സംഗമങ്ങളില്‍ പങ്കെടുത്ത കവി മണമ്പൂരായിരുന്നു. സംഗമങ്ങളില്‍ സംഗീതകച്ചേരി നടത്തിയവരില്‍ സുകുമാരി നരേന്ദ്രമോന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവരുണ്ട്.
ദത്തന് പുനലൂരിന്റെ ഫോട്ടോ എക്സിബിഷന് പുന്നിഞ്ചിത്തായയുടെ പെയിന്റിങ് ഡെമണ്‍സ്ട്രേഷന്‍, കേരള സാഹിത്യ അക്കാദമിയുടെ പുസ്തക പ്രദര്‍ശനം എന്നിവകള്‍ സര്‍ഗ്ഗസംഗമത്തിലെ പ്രത്യേക ഇനങ്ങളായിരുന്നു.
സര്‍ഗസംഗമ ന്യൂസ് ആദ്യം വന്നത് മലയാള മനോരമ എന്ന പംക്തിയിലാണ്. നാഗപ്പൂരില്‍ നിന്നും വന്ന ഗോപി ആനയടിയാണ്, ഈ മേളയുടെ വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതിലെ പ്രസക്തഭാഗങ്ങള്‍ പിന്നീട് ഇടമറുക് കേരള ശബ്ദം വാരികയില്‍ വിശദീകരിച്ചിരുന്നു. മിനി മാഗസിന്റെ മറ്റു ചില പരിപാടികളില്‍ പങ്കെടുത്ത പ്രതിഭകള്‍, യു.എ.ഖാദര്‍, വൈശാഖന്, കെ.പി. ശങ്കരന് മാഷ്, ടി.വി. കൊച്ചുബാവ, അശോകന് ചരുവില്‍, പി.കെ. പാറക്കടവ്, മാര്‍ഷല്‍, കെ.എല്‍. ശ്രീകൃഷ്ണദാസ് എന്നിവരാണ്.
വരുംവരായ്മകളെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ആദ്യ സര്ഗ്ഗസംഗമത്തിനൊരുങ്ങിയപ്പോള് അങ്കലാപ്പ് ഒട്ടുമില്ലായിരുന്നു. കുഞ്ഞബ്ദുള്ളയെ വിളിച്ച് പറഞ്ഞു.
”ഡോക്ടറേ, സാഹിത്യ സര്‍ഗ്ഗസംഗമത്തിന് വേദിയൊരുങ്ങുന്നു. ടി.ജെ.എസ്. അധ്യക്ഷന്‍, അതിഥികളായി പുനത്തില്‍, യേശുദാസന്, അക്ബര്‍, ഹാഫീസ്, മണമ്പൂര്‍, പി.ആര്. നാഥന്, കല്ലാനോട് തുടങ്ങിയവര്‍, പോരേ?”
”പോരാ, സുകുമാരി നരേന്ദ്ര മേനോന്റെ സംഗീതകച്ചേരി വേണം. പി.ടി. നരേന്ദ്ര മേനോന് പ്രബന്ധം അവതരിപ്പിക്കും!”
വലഞ്ഞു. സംഗീതകച്ചേരിക്ക് ചെലവ് എത്ര വരും. അറിഞ്ഞുകൂടാ. പ്രബന്ധ വിഷയം, അറിഞ്ഞൂടാ. ഒന്നും അറിയില്ല.
പക്ഷേ, പറഞ്ഞത് മറ്റൊന്നായിരുന്നു. എനിക്ക് സുകുമാരി മേനോനെയോ അവരുടെ ഭര്‍ത്താവ് കവി കൂടിയായ പി.ടി. നരേന്ദ്ര മേനോനെയോ അറിയില്ല., അവര്‍ എവിടെയാണെന്നും.
”ഡോക്ടറേ, ഞാന്‍ ഇവരെ എവിടെ പോയി കണ്ടുപിടിക്കും?”
”അക്കാര്യം എനിക്ക് വിട്ടേക്ക്. നീ നിന്റെ കടലാസ് പണികള്‍ തുടങ്ങിക്കോ.”
ഹാഫീസിനെ വിളിച്ച് ആവലാതി/അങ്കലാപ്പ് ആലാപിച്ചു. ലവന്റെ മൊഴി ഇങ്ങനെ.
”ങ്ങള് ബേജാറാകേണ്ട. അവരെ നമുക്കറിയാം. സര്ഗസംഗമത്തില് സംഗീതം കൂടെ ചേര്‍ത്തോളീന്‍.”
സംഗീതം സാഹിത്യത്തിന്, മുന്‍പോ പിന്‍പോ പ്രതിഷ്ഠിക്കേണ്ടതെന്ന് എന്നവന് പറഞ്ഞില്ല. നമ്മള് സാഹിത്യം മുന്പിലേയ്ക്കും, സര്‍ഗ്ഗസംഗമം എതിര്‍ദിശയിലേക്കും തള്ളി ഇടയില്‍ സംഗീതം തിരുകി തലവാചകം തീര്‍ത്തു;
അങ്ങനെ അത്, സാഹിത്യ സംഗീത സര്‍ഗ സംഗമമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: