‘പാമ’ എന്ന സ്വകാര്യ ഏജന്‍സിക്ക് നല്‍കിയിരുന്ന അനുമതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പിന്‍വലിച്ചതോടെ വടക്കന്‍ പറവൂരിനടുത്തെ പട്ടണത്തില്‍ നടക്കുന്ന പുരാവസ്തു ഉത്ഖനനം ഒരിക്കല്‍ക്കൂടി വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. പ്രാചീന തുറമുഖമായിരുന്ന മുസിരിസ് തുറമുഖം പട്ടണമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കെസിഎച്ച്ആറിന്റെയും പാമയുടെയും മറ്റും ശ്രമങ്ങളുടെ പൊള്ളത്തരവും സ്ഥാപിത താല്‍പ്പര്യവും തുറന്നുകാട്ടി വിഖ്യാത ചരിത്രകാരന് എം.ജി.എസ്. നാരായണന് മാതൃഭൂമി വാരികയുടെ 2014 മെയ് 4-10 ലക്കത്തില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു
പട്ടണം ഖനനത്തെ മുസിരിസ് ഖനനം എന്നു വിളിച്ച് മുസിരിസ് കണ്ടെത്തിയതായി അവകാശപ്പെടുന്നത് കാപട്യമാണ് എന്നാണ് എന്റെ വാദം. അതിന്റെ പേരില്‍ ഒരു ബൃഹദ് പദ്ധതിയുണ്ടാക്കി ആളുകളെ തെറ്റിദ്ധരിപ്പിച്ച് യഥാര്‍ത്ഥ മുസിരിസ് അന്വേഷണത്തിന്റെ വാതില്‍ അടയ്ക്കുകയാണ് കക്ഷി താല്‍പ്പര്യവും പട്ടണത്തെ ഭൂമി വിലയില്‍ കണ്ണുമുള്ള ഒരു കൂട്ടര് ചെയ്തുപോന്നത്. ടൂറിസ്റ്റ് വകുപ്പിന്റെ ലാഭക്കൊതിക്ക് വഴങ്ങി ആര്‍ക്കിയോളജിയെ ഇങ്ങനെ ദുരുപയോഗപ്പെടുത്തരുത്.
ആദ്യം പട്ടണത്തില്‍ വര്‍ണക്കല്ലുകളും ആദി ചേര നാണയവും ആംഫോറക്കഷണവും മറ്റു കലപ്പൊട്ടുകളും ഇഷ്ടികക്കഷ്ണങ്ങളും കണ്ടെത്തിയപ്പോള്‍ അത് മുചിരി ആകുമോ എന്ന് പലരും സംശയിച്ചിരുന്നു. ഞാനും അങ്ങനെ സംശയിക്കുകയും എഴുതുകയും ചെയ്തിരുന്നു.
പിന്നീട് പല സീസണുകളില്‍ ഏഴെട്ടു കൊല്ലം നടന്ന ഖനനങ്ങളില്‍ ഒന്നിലെങ്കിലും മുസിരിസ്സിന്റെ പ്രത്യേകതയുള്ള ഒന്നും കണ്ടെത്താതെ വന്നപ്പോഴാണ് ഞാന്‍ വീണ്ടുവിചാരം നടത്തിയത്. ഖനനം ഉള്ളപ്പോള്‍ ചെറിയാന്റെ (കെസിഎച്ച്ആര്‍ മുന്‍ ഡയറക്ടര്‍ ഡോ. പി. ജെ. ചെറിയാന്)കൂടെയും അല്ലാതെയും പല തവണ ഞാന്‍ പട്ടണം സന്ദര്‍ശിച്ചു. മൂന്ന് സിഡികള്‍ നിറയെ റിപ്പോര്‍ട്ടുകളും ഫോട്ടോകളും എന്റെ ആവശ്യപ്രകാരം ചെറിയാന് തരികയും ചെയ്തു. അതെല്ലാം പഠിച്ചപ്പോഴാണ് പട്ടണം മുസിരിസ്സാകാന് ഒരു സാധ്യതയുമില്ലെന്നും ഏതോ ദുരുദ്ദേശ്യം വച്ച് തല്‍പ്പരകക്ഷികള്‍ അത്തരം പരസ്യം കൊടുക്കുകയാണെന്നും തീരുമാനിക്കേണ്ടി വന്നത്.
പട്ടണത്തില്‍ പലതവണ ഖനനം ചെയ്തിട്ടും ഒരൊറ്റ റോമന്‍ നാണയം പോലും കണ്ടെത്താനായിട്ടില്ല. മുസിരിസ് (മുചിരി)ബന്ധം കാണിക്കുന്ന ഒരു കലപ്പൊട്ടുപോലും കിട്ടിയിട്ടില്ല. പട്ടണത്തിലെ വര്ണക്കല് നിര്‍മിതിയുടെ മുഖ്യ പ്രായോജകര്‍ യവനരായിരുന്നില്ല എന്നാണിത് കാണിക്കുന്നത്. സെമി ട്രൈബല്‍ ആയ മഹാശിലാ സംസ്കാര കേന്ദ്രങ്ങളിലെ ആഭരണങ്ങള്‍ക്കാണ് ഇത്തരം വര്‍ണക്കല്ലുകള്‍ ധാരാളമായി ഉപയോഗിച്ചിരുന്നത്. ആ ശവക്കല്ലറകളില്‍ അവ നൂറുകണക്കിന് കാണപ്പെടുന്നു. ദക്ഷിണേന്ത്യയിലും പുറത്തും ഡോക്ടര്‍ സുബരായലുവിന്റെ ഖനനത്തില്‍ ഇതുപോലെ ഒരു വര്ണക്കല് നിര്‍മാണ കേന്ദ്രം കണ്ടെത്തുകയുണ്ടായി. കേരളത്തില്‍ എല്ലായിടത്തും ക്രിസ്തു അഞ്ചോ ആറോ നൂറ്റാണ്ടുകള്‍ വരെ കേരളീയ നിര്‍മിതികളായി ആ ശവക്കല്ലറകള്‍ മാത്രമേ ഉള്ളൂ; കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം വന്ന യവനര്‍ മടക്കക്കാറ്റുവരെ ചില മാസങ്ങള്‍ തങ്ങിയ ചില യവന സങ്കേതങ്ങളും കാണപ്പെടുന്നു. ചില ചെറു നഗരങ്ങള്‍ (വ്യാപാര സ്ഥാനങ്ങള്‍) ഉള്ളത് യവന സങ്കേതങ്ങളാണ്. കേരളത്തില്‍ എയ്യാല്‍, കോട്ടയം, വള്ളുവള്ളി, മാള എന്നിങ്ങനെ പലേടത്തും നൂറുകണക്കിന് റോമന്‍ നാണയങ്ങള്‍ കിട്ടിയിട്ടുണ്ട്. അവ ചേര്‍ത്തു വച്ചാല്‍ റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരുടെ കാലക്രമം തന്നെ സൃഷ്ടിക്കാമെന്ന് Cultural Symbiosis in Kerala എന്ന എന്റെ പുസ്തകത്തില്‍ (1972) ഞാന്‍ എഴുതിയിട്ടുണ്ട്. മറ്റു കെട്ടിട നിര്‍മിതിയുടെ ലക്ഷണങ്ങളില്ല.
പെരിയാറിന്റെ അഴിമുഖത്താണ് മുചിരി എന്ന് പറയുന്ന സംഘകാലപ്പാട്ടുകള്ക്കു പുറമെ പ്ലിനി, ടോളമി, പെരിപ്ലസ് എന്നീ യവനഗ്രന്ഥങ്ങളിലും മുചിരിയെപ്പറ്റി പരാമര്‍ശമുണ്ട്. പക്ഷേ, അവയിലെ സ്റ്റേഡിയ കണക്കുകള്‍ കൃത്യമായ ദൂരം കുറിച്ചുകൊള്ളണമെന്നില്ല. മുചിരിയുടെ സ്ഥാനത്തെക്കുറിച്ച് നിര്‍ണായകമായ ഒരു പ്രസ്താവമുള്ളത് പില്ക്കാലത്ത് ഭാസ്കര രവി എന്ന ചേരമാന്‍ പെരുമാളുടെ മുപ്പത്തെട്ടാം ഭരണവര്‍ഷത്തില്‍ (999-1000 എഡി) അദ്ദേഹം കൊടുങ്ങല്ലൂരിലെ യഹൂദപ്രമാണിയായ ജോസഫ് റബാന് ദാനം ചെയ്ത ചെമ്പുപട്ടയത്തിലാണ്. ചോളാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാമന്തരെയും സൈന്യനായകരെയും തലസ്ഥാനത്ത് വിളിച്ചുകൂട്ടി നഗരത്തിലെ ജൂത നേതാവിന് അനുവദിക്കുന്ന എഴുപത്തിരണ്ട് വിടുപേറുകള്‍ (സ്ഥാനമാനങ്ങള്‍)നല്കുന്ന ആ പ്രമാണം ‘മുയിരിക്കോട് ഇരുന്നരുളിയ നാള്’ സൃഷ്ടിച്ചതാണെന്ന് അതില്‍ കുറിച്ചിരിക്കുന്നു. ഈ മുയിരിക്കോട് പഴയ മുചിരി തുറമുഖം തന്നെ. ക്രിസ്തു ഒമ്പതാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ ആദ്യമായി നമ്മുടെ കേരളപ്രദേശത്ത് ഒരു ചേരരാജ്യം (കേരള രാജ്യം) സ്ഥാപിതമായപ്പോള്‍-ആദ്യത്തെ ചേര രാജ്യം ഇന്നത്തെ കേരളത്തിന് പുറത്ത് തൃശ്ശിനാപ്പള്ളിക്കടുത്തുള്ള കരൂരില്‍ (യവനരുടെ കരൗറ) ആയിരുന്നല്ലോ-കൊടുങ്ങല്ലൂരിലെപുതിയ രാജധാനിക്ക് മഹോദയപുരം എന്ന പേരും കൊടുത്തു. ആ നഗരത്തിന്റെ തുറമുഖം പഴയ മുചിരി തന്നെ ആയതിനാലാണ്, വിദേശ വ്യാപാരികളുടെ പണ്ടകശാലകള്‍ തുറമുഖത്തിനടുത്ത് ആയതിനാലാണ്, ‘മുയിരിക്കോട്ടു ഇരുന്നരുളിയ നാള്’ എന്നു പ്രത്യേകം പറഞ്ഞത്. ആദി ചേരന്മാരുടെ അധികാരക്കൈകള്‍ ഒന്നാം നൂറ്റാണ്ടിലോ മറ്റോ നദീമാര്ഗമായി മുചിരിയിലേക്ക് നീണ്ടുവന്നു. കാലവര്‍ഷക്കാറ്റിന്റെ വഴി കണ്ടെത്തി യവനര്‍ അപ്പോഴാണ് കേരളത്തില്‍ വരാന്‍ തുടങ്ങിയത്. പക്ഷേ, അന്നിവിടെ വാണവര്‍ സെമി ട്രൈബല്‍ മൂപ്പന്മാരായിരുന്നു എന്ന് സംഘകാലപ്പാട്ടുകള് (പതിറ്റുപ്പത്ത്, പുറനാനൂറ് മുതലായവ)-വായിച്ചാലറിയാം. ചിലപ്പതികാരം പിന്നീടുണ്ടായ കല്‍പ്പിത കഥയാണ്, ചരിത്രമല്ല. ചോളരുടെ കടലാക്രമണത്തെ (അങ്ങനെയാണ് ലിഖിതങ്ങള്‍ നിര്‍ദേശിക്കുന്നത്) ചെറുക്കാന്‍ ജൂതരുടെ കപ്പലുകളും സ്വര്‍ണവും അടക്കമുള്ള സഹായം ചേരമാന്‍ പെരുമാള്‍ക്ക് ആവശ്യമായതിനാലാവണം കേരളീയ പ്രഭുക്കള്‍ക്കുള്ള സ്ഥാമാനങ്ങള്‍ അന്ന് ജൂതര്‍ക്കും നല്കാന് ഇടവന്നത്.
മുചിരി-മുസിരിസ്സിനെപ്പറ്റിയുള്ള പ്രാചീനമായ പദ്യ-ഗദ്യപരാമര്ശങ്ങള് (ദേശീയ-വിദേശീയ പ്രസ്താവനകള്‍) യൂറോപ്യന്‍ സംബന്ധത്തിലൂടെയും മറ്റും ആധുനിക ദശയില്‍ പുറത്തുവന്ന കാലം തൊട്ട് ഒരു ധാരണയുണ്ടായി. റോമാ സാമ്രാജ്യവുമായി വ്യാപാരബന്ധമുള്ളതുകൊണ്ട്, ഇവിടത്തെ മലഞ്ചരക്കുകള്‍ (പ്രകൃതി വിഭവങ്ങള്‍)ആവശ്യപ്പെട്ട് വിദേശികള്‍ എത്തിയിരുന്നതുകൊണ്ട്, അവര്‍ക്ക് തുല്യമായ നാഗരികതയും ഇവിടെ ഉണ്ടായിരുന്നുവെന്ന് ആധുനിക ചരിത്ര പദ്ധതിയില്‍ പരിശീലനമില്ലാത്ത നമ്മുടെ ചരിത്രമെഴുത്തുകാര്‍ ചോദ്യം ചെയ്യാതെ അംഗീകരിച്ചു. അത് ഇരുപതാം നൂറ്റാണ്ടില്‍ ഉണര്‍ന്ന ദേശീയ ബോധത്തിന്റെ പ്രശ്നമായിത്തീരുകയും ചെയ്തു. ഇന്നും നിലവിലുള്ള യാഥാസ്ഥിതിക ധാരണയാണിത്. ശാസ്ത്രീയ പുരാവസ്തു പഠനത്തിന്റെ വളര്‍ച്ചയോടെ നശിച്ചുപോവുന്ന ഒരു വ്യാമോഹം! പുരാവസ്തു പഠനത്തിന്റെ പശ്ചാത്തലത്തില്‍ നമുക്കിന്നറിയാം. കേരളത്തിലെ മുയിരിക്കോട്ടു മാത്രമല്ല, കിഴക്കന്കരയിലെ അരിക്കമേട്, അളകന്കുളം മുതലായ കേന്ദ്രങ്ങളിലും ക്രിസ്തു ആദി ശതകങ്ങളില്‍ നാഗരിക റോമന്‍ വ്യാപാര കേന്ദ്രങ്ങളല്ലാതെ പ്രാദേശിക നാഗരികകേന്ദ്രങ്ങള് വളര്‍ന്നിരുന്നില്ല. കേരളത്തില്‍ എട്ടാം ശതകത്തിനു മുന്‍പ് നാട്ടുകാരുടെ ഒരു നഗരത്തിന്റെയോ ക്ഷേത്രത്തിന്റെയോ പള്ളിയുടെയോ അടിത്തറയുടെ അവശിഷ്ടംപോലും ഇതേവരെ കണ്ടുകിട്ടിയിട്ടില്ല. മഹാശിലായുഗ സംസ്കാരത്തിന്റെ പല രൂപത്തിലുള്ള ശവക്കല്ലറകള്‍ മാത്രമാണ് ക്രിസ്തു എട്ടാം നൂറ്റാണ്ടുവരെ പശ്ചിമഘട്ടങ്ങളുടെ ഇപ്പുറത്തുള്ള തമിഴക പ്രദേശത്ത് കാണപ്പെടുന്നത്; പിന്നെ വിദേശക്കച്ചവടക്കാരുടെ നാണയങ്ങളും വീഞ്ഞുപാത്രങ്ങളും.
ഇന്ത്യാ ചരിത്രം പഠിച്ചിട്ടില്ലാത്തതുകൊണ്ടാവാം നമ്മുടെ പുതിയ പുരാവസ്തു വിദഗ്ധന്‍ മറ്റൊരബദ്ധം കൂടി പറ്റിയിരിക്കുന്നു. ഹാരപ്പ-മോഹന്‍ജൊദാരോ സൈന്ധവനാഗരിക കേന്ദ്രങ്ങള്‍ തെക്ക് ഗുജറാത്തിനിപ്പുറത്തേക്ക് വ്യാപിച്ചിരുന്നതായി ഒരു തെളിവും കിട്ടിയിട്ടില്ല. ആ സൈന്ധവ ലിപികളടങ്ങിയ ചെറിയ ലിഖിതങ്ങള്‍ അവിടവിടെ, ഇടക്കല്‍ ഭാഗത്തടക്കം, ലഭിച്ചിട്ടുള്ളത് നഗരങ്ങളുടെ ഭാഗമായിട്ടല്ല, ഗുഹകളിലും പാറച്ചുമരുകളിലും മാത്രമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നാഗരികത വളര്‍ന്നത് ഏകരൂപമായിട്ടല്ല. സിന്ധു ഗംഗാസമതലത്തില്‍ ഹാരപ്പന്‍ സംസ്കൃതി വളര്‍ന്ന് ഏറെക്കാലം കഴിഞ്ഞ് ക്രിസ്തുവിന് ഏതാണ്ട് 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദിക ഗ്രാമീണ സംസ്കൃതിയും വ്യാപിക്കാന്‍ തുടങ്ങി. പിന്നെ ഉത്തരേന്ത്യയില്‍ ഇന്ദ്രപ്രസ്ഥം തുടങ്ങിയ നഗരങ്ങളുണ്ടായി. ക്രിസ്തുവിന് മുന്‍പ് ആറാം നൂറ്റാണ്ടോടെ സിന്ധു ഗംഗാസമതലത്തില്‍ കുറെ ജനപദങ്ങളും നഗരങ്ങളുമുണ്ടായി.
വ്യാപകമായി കേരളത്തില്‍ കാണുന്ന മഹാശിലാ സ്മാരകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വന്‍ നഗരമോ നാഗരികതയോ സംഭാവ്യമല്ല. യവനരുടെയും മറ്റും താല്‍ക്കാലിക വാണിജ്യകേന്ദ്രങ്ങള്‍ സംഭാവ്യമാണുതാനും. ഈ വിധത്തിലാണ് പട്ടണത്തിലെ അവശിഷ്ടങ്ങളെ കാണേണ്ടത്. അവയ്ക്ക് മുസിരിസ് എന്ന് പേര് വിളിക്കണമെങ്കില്‍ വര്ണക്കല് നിര്‍മാണ കേന്ദ്രത്തിനപ്പുറം മുസിരിസ് ബന്ധമുള്ള പേരുകളോ വസ്തുക്കളോ കിട്ടിയിരിക്കണം. അതൊന്നുമില്ല. മാത്രമല്ല, മുയിരിക്കോടു കൊടുങ്ങല്ലൂരില്‍ ആണെന്ന ഭാസ്കര രവി ലിഖിതത്തിന്റെ പില്ക്കാലത്തെളിവുണ്ടുതാനും. അത് മറികടക്കാന്‍ എളുപ്പമല്ല.
ഉയര്‍ന്നുവരുന്ന പുതിയ തലമുറയെ സഹായിക്കാന്‍ വേണ്ടി ചില വസ്തുതകള്‍ ഒന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ. ഇരുമ്പുയുഗാരംഭത്തില് പലേടത്തും പ്രചാരമുണ്ടായിരുന്ന വര്ണക്കല് നിര്‍മിതിയുടെ സജീവ കേന്ദ്രമായിരുന്നു പട്ടണത്തില്‍ ഇതുവരെ അനാവരണം ചെയ്യപ്പെട്ടത്. അവിടെ ലോകത്തിലെ പല നാഗരിക കേന്ദ്രങ്ങളില്‍നിന്നുമുള്ള വ്യാപാരികള്‍ സന്ദര്‍ശിച്ചതിന്റെ തെളിവുകളാണ് ലഭ്യമായ മണ്‍പാത്ര ശകലങ്ങള്‍. ആ പ്രാധാന്യം അതിനുണ്ട്, ആ പ്രാധാന്യം മാത്രമേ അതിനുള്ളൂ. അതുപോലെ പ്രൊഫസര്‍ നൊബോരു കരാഷിമയും ഡോ. ഷണ്മുഖവും ചൈനീസ് മണ്‍പാത്ര വിദഗ്ധരും ഡോ. എം.ആര്. രാഘവവാര്യരും ചേര്‍ന്ന് മംഗലാപുരം തൊട്ട് കന്യാകുമാരി വരെയുള്ള അറബിക്കടല്‍ തീരത്തെ പല സ്ഥാനങ്ങളില്നിന്നുമായി വിദേശ വ്യാപാരികളുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഒരുപാട് മണ്‍പാത്ര ശകലങ്ങള്‍ ശേഖരിച്ച് പഠനം ചെയ്യുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിസ്തു എട്ടാം നൂറ്റാണ്ടുവരെ പ്രാദേശിക സമൂഹത്തിന്റെ സ്വന്തം സൃഷ്ടികളായി മഹാശിലായുഗം എന്നറിയപ്പെട്ടിരുന്ന ഇരുമ്പുയുഗാരംഭത്തിലെ ശവക്കല്ലറകളും അവയിലെ ആഭരണങ്ങളും ആയുധങ്ങളും മാത്രമാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. യവനരുടെ ഒരു തുറമുഖ സങ്കേതമായ മുചിരി(മുസിരിസ്) ക്രിസ്തുവിന് ഒന്നുരണ്ടു നൂറ്റാണ്ട് മുന്‍പെങ്കിലും പ്രവര്ത്തനമാരംഭിച്ചിരിക്കണം. പക്ഷേ, കേരളീയ നഗരങ്ങളോ നഗരവീഥികളോ കെട്ടിടങ്ങളോ ആവാസഗൃഹങ്ങളോ ആരാധനാലയങ്ങളോ അക്കാലത്തൊന്നും ഇവിടെ ഉണ്ടായിരുന്നതിന്റെ തെളിവുകളില്ല. മുചിരി(മുസിരിസ്) പതിനാലാം നൂറ്റാണ്ടില്‍ സുനാമിയില്‍ (1341) മുങ്ങിപ്പോയിരിക്കണം. പട്ടണം മുസിരിസ് അല്ല, പട്ടണമാണ്. മറിച്ചുള്ള വ്യാജപ്രചാരണം പുരാവസ്തു ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കാനും തല്‍പ്പരകക്ഷികള്‍ക്ക് പണമുണ്ടാക്കാനും മാത്രമേ ഉപകരിക്കൂ. ഈ പ്രശ്നത്തില്‍ എഎസ്ഐയുടെ സഹായം കേരള സര്‍ക്കാര്‍ ഇനിയെങ്കിലും തേടേണ്ടതാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള പുരാവസ്തു വിഭാഗം ആ ശാസ്ത്രത്തില്‍ പരിചയം സമ്പാദിച്ച് സ്വയം വളരുകയും എഎസ്ഐയുടെ ആഭിമുഖ്യത്തില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും ശാസ്ത്രീയ നിരീക്ഷണ ഖനനാദികള് സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരു കാലം ഞാന്‍ പ്രതീക്ഷിക്കുന്നു. ടൂറിസത്തിന്റെ പേര് പറഞ്ഞ് ബ്യൂറോക്രസിയും രാഷ്ട്രീയ കക്ഷി നേതാക്കളും അതില്‍ ആധിപത്യം ചെലുത്തുന്നത് അനാരോഗ്യകരമാണ്. പല സര്‍വകലാശാലകളിലെ ചരിത്ര വിദഗ്ദ്ധരെയും സാമൂഹികശാസ്ത്ര വിദഗ്ധരെയും സാഹിത്യപണ്ഡിതരെയും ആണ് സഹകരിപ്പിക്കേണ്ടത്.
പട്ടണം സമ്പന്നമായ ഒരു പുരാവസ്തു സ്ഥാനമാണെന്നതില്‍ എനിക്കോ മറ്റുള്ളവര്‍ക്കോ സംശയമുണ്ടായിട്ടില്ല. അതു കൈകാര്യം ചെയ്ത രീതിയെപ്പറ്റിയും അതില്‍ നിന്നുണ്ടാക്കിയ നിഗമനങ്ങളെപ്പറ്റിയും ആണ് ആക്ഷേപമുള്ളത്.
ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ പട്ടണം പ്രദേശത്തെ പറമ്പുകളില്‍ ഉപരിതലത്തില്‍പ്പോലും മഴക്കാലത്ത് നൂറുകണക്കില്‍ വര്‍ണക്കല്ലുകളും പ്രാചീനമെന്ന് തോന്നിയ കലപ്പൊട്ടുകളും കണ്ടെത്തിയപ്പോഴാണ് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ അവിടെ പതിഞ്ഞത്. ക്രിസ്തുവര്ഷാരംഭത്തിലുണ്ടായ മൂന്ന് യവന ഗ്രന്ഥങ്ങളുടെ പരാമര്‍ശങ്ങളും സ്റ്റേഡിയ കണക്കുകളും ലഭിച്ചിട്ടും മുചിരി തുറമുഖത്തിന്റെ കൃത്യമായ സ്ഥാനം നിര്‍ണയിക്കപ്പെടാതെ കിടന്നതിന്റെ പശ്ചാത്തലത്തില്‍ പട്ടണം തന്നെയാവാം മുചിരി (മുസിരിസ്) എന്ന സംശയം പലര്‍ക്കുമുണ്ടായി. ഞാനും അതിനെക്കുറിച്ചെഴുതി.
പക്ഷേ, തൃപ്പൂണിത്തുറയിലെ പൈതൃകപഠന കേന്ദ്രത്തില്‍ റജിസ്ട്രാര്‍ ആയിരുന്ന ഗോപിയുടെ നേതൃത്വത്തില്‍ ഡോ. ഷാജനും ഡോ. ശെല്‍വകുമാറും 2004, 2005 വര്‍ഷങ്ങളില്‍ നടത്തിയ ഖനനങ്ങളെപ്പറ്റിയും പഠനങ്ങളെപ്പറ്റിയും ഡോക്ടര്‍ ചെറിയാന് എഴുതിയത് വാസ്തവമല്ല. അന്ന് ആ കേന്ദ്രത്തിന് (സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, അഥവാ സിഎച്ച്എസ്) ജേര്‍ണല്‍ ഉണ്ടായിരുന്നു. പിന്നെ വന്ന സര്‍ക്കാരാണ് അത് നിര്‍ത്തലാക്കിയത്. ആ ജേര്‍ണലിന്റെ വാള്യം ഒന്നില്‍ (The Journal of the Centre for Heritage Studies, Volume 1, 2004) പ്രസിദ്ധീകരിച്ച എന്റെ ഒരു ശില്‍പ്പശാല മുഖ്യ പ്രബന്ധത്തില്‍ (”Maritime History of Kerala; Notes for a Master Plan,” pages 39-50. Keynote address at the Inaugural Session of the International Workshop, CHS, 2004) ആര്യന് കുടിയേറ്റങ്ങളെയും റോമന്‍ വാണിജ്യബന്ധങ്ങളെയും അനുജന് അച്ചന്റെ ഖനനങ്ങളെയും പ്രസ്താവിച്ചശേഷം ക്രിസ്തു പത്താം നൂറ്റാണ്ടിലെ ഭാസ്കര രവി എന്ന കേരള രാജാവ് തന്റെ തലസ്ഥാനത്തു വച്ച് ജോസഫ് റബാന് കല്പ്പിച്ചു നല്കിയ ജൂതപ്പട്ടയത്തില്‍ ‘മുയിരിക്കോട്ട്’ ഇരുന്നരുളിയതായി ഉള്ള പരാമര്‍ശം (എഡി 1000)ഉദ്ധരിച്ചിരുന്നു. മഹോദയപുരം എന്ന രാജധാനിയുള്ള കൊടുങ്ങല്ലൂരിന്റെ തുറമുഖഭാഗമാണ് മുയിരിക്കോട് എന്നും അത് 1341 ലെ വലിയ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയിരിക്കാം എന്നും ഉള്ള ഒരനുമാനവും പ്രകടിപ്പിച്ചിരുന്നു. ആ പ്രബന്ധത്തില്‍ത്തന്നെ ഡോ. കെ.പി. ഷാജനും പി.
കെ. ഗോപിയും ഡോ. റോബര്‍ട്ടാ ടോംബറും ഡോക്ടര്‍ വി. സെല്‍വകുമാറും പട്ടണപ്രദേശത്തു നടത്തിയ ഖനനങ്ങളില്‍ റോമന്‍ ആംഫോറക്കഷണങ്ങളും (വീഞ്ഞുപാത്രത്തിന്റെ വക്കും പിടിയും) മണ്‍പാത്ര ശകലങ്ങളും കണ്ടെടുത്തതില്‍ പൈതൃകപഠന കേന്ദ്രത്തിലെ ഗവേഷകരെ അഭിനന്ദിക്കുകയും ചെയ്തു. ഇവ പട്ടണത്തെ മുസിരിസ്സായി വ്യാഖ്യാനിക്കുന്നതിനെ ബലപ്പെടുത്തുമെന്ന് പറയുന്നതോടൊപ്പം കൂടുതല്‍ പരീക്ഷണങ്ങളും ഖനനങ്ങളും അവിടെ നടത്തേണ്ടതാണ് എന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
മേല്‍പ്പറഞ്ഞ ജേര്‍ണലിന്റെ രണ്ടാം വാള്യത്തില്‍ (2005) കവര്‍ച്ചിത്രം തന്നെ അവര്‍ അന്ന് കണ്ടെടുത്ത ആദിചേര നാണ്യവും ഒരു മണ്പാത്രശകലവും ആയിരുന്നു. വി. ശെല്‍വകുമാറും പി.കെ. ഗോപിയും കെ.പി.ഷാജനും ചേര്‍ന്നെഴുതിയ പട്ടണം പരീക്ഷണ ഖനനത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും അതിലുണ്ടായിരുന്നു. (Trial Excavations at Pattanam-A Preliminary Report Pages 57-68, The journal of the Centre for Heritage Studies, Volume 2, 2005 )പട്ടണത്തെ ഇരുമ്പുയുഗാരംഭകാലത്തെ ഒരു പ്രധാനപ്പെട്ട പ്രാചീന സമുദ്ര വാണിജ്യ കേന്ദ്രമായും മഹാശിലാ സംസ്കാര സ്ഥാനമായും അവര്‍ ചിത്രീകരിച്ചു. പട്ടണം മുസിരിസ്സാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ ആവശ്യമാണെന്നും പട്ടണത്തിന് പുറത്ത് പെരിയാര്‍ അഴിമുഖപ്രദേശമാകെ നിരീക്ഷണം വേണമെന്നും അവര്‍ പ്രഖ്യാപിച്ചു.
അതേ വാള്യത്തില്‍ പട്ടണം ആംഫോറകളെപ്പറ്റി റോബര്‍ട്ടാ ടോംബറും എഴുതിയിരുന്നു (പേജ് 67-68) ഈ വാള്യങ്ങളുടെ എഡിറ്റര്‍ പി.കെ.ഗോപി ആയിരുന്നു. ഇതെല്ലാം നിസ്സാരവല്‍ക്കരിച്ചുകൊണ്ട് പി.ജെ. ചെറിയാന് എഴുതിയിരിക്കയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 2004 ല്‍ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസില്‍ അന്നുണ്ടായിരുന്ന പി.കെ. ഗോപിയും ശെല്‍വകുമാറും ഷാജനും ചേര്‍ന്ന് പട്ടണത്ത് രാജഗോപാലിന്റെ വീട്ടുപറമ്പില്‍ രണ്ട് ചെറിയ കുഴികളെടുത്തത്. നാല് ച. മീറ്റര്‍ വീതം വിസ്തീര്‍ണമുള്ള പരീക്ഷണക്കുഴികളായിരുന്നു അവയെന്നുള്ളതുകൊണ്ട് ചുരുക്കം പുരാവസ്തു തെളിവുകള്‍ മാത്രമേ അന്ന് ലഭിച്ചിരുന്നുള്ളൂ.
2005 ല്‍ അത് പൈതൃക പഠന സംഘം പട്ടണത്തില്‍ നടത്തിയ ഖനനത്തെക്കുറിച്ചോ ആദി ചേരനാണ്യം, ആംഫോറാശകലങ്ങള് എന്നിവയെക്കുറിച്ചോ ഡോക്ടര്‍ ചെറിയാന് ഒന്നും പറയുന്നില്ല. ഇതിനുശേഷം സിഎച്ച് എസ്സോ പുരാവസ്തുവകുപ്പോ മറ്റു സ്ഥാപനങ്ങളോ പട്ടണത്തേക്ക് തിരിഞ്ഞുനോക്കാതെ മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞെന്നും പിന്നീട് തന്റെ നേതൃത്വത്തില്‍ ഖനനം തുടങ്ങിയെന്നും മുസരിസ്സിനെപ്പറ്റി തെളിവുകള്‍ കിട്ടിയെന്നും ചെറിയാന് പ്രസ്താവിക്കുന്നു. അവര്‍ തിരിഞ്ഞുനോക്കാതിരിക്കയല്ല, മാറിയ ഭരണത്തലവന്മാര് അവരെ മാറ്റി നിര്‍ത്തി കെസിഎച്ച്ആറിനെ ചുമതലയേല്‍പ്പിക്കുകയാണ് ഉണ്ടായതെന്ന കാര്യം ചെറിയാന് മറച്ചുവയ്ക്കുന്നു. അതിരിക്കട്ടെ, 2007 മുതല്‍ ആറേഴു വര്‍ഷങ്ങളായി ചെറിയാന്റെ ഡയറക്ടര്‍ഷിപ്പില്‍ നടത്തിയ ഖനനങ്ങള്‍ കൂടുതല്‍ അവശിഷ്ടങ്ങളും ഒരു ചെറു തോണിക്കഷണവും കെട്ടുകുറ്റികളും പില്ക്കാലത്തെ വാണിജ്യസൂചകമായ കുറെയേറെ കലപ്പൊട്ടുകളും ആണ് കണ്ടെത്തിയത്. അവ സെന്ററിന്റെ കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തി ഉറപ്പിക്കുന്നു. എന്നാല്‍ ഒരൊറ്റ റോമന്‍ നാണ്യവും ഉള്ളതായി അറിവില്ല.
തുറമുഖത്തുണ്ടാവേണ്ട പണ്ടകശാലകളുടെ അവശിഷ്ടങ്ങളോ സൂചകങ്ങളോ ഒന്നുമില്ല. മഹാശിലാ സംസ്കാരത്തിന്റെ മുഖമുദ്രയായ വര്ണക്കല്മാലകളുടെ ഉപയോഗത്തിനുള്ള വര്‍ണക്കല്ലുകള്‍ കണ്ടെടുത്ത് അവയില്‍ ഇരുമ്പായുധങ്ങളാലോ മറ്റൊ തുളകളുണ്ടാക്കി നിര്‍മാണ വിതരണ വ്യവസായം നടത്തുന്ന ഫാക്ടറിയാണ് പട്ടണമെന്ന് മനസ്സിലാക്കാം. പലരും അവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യവന ഗ്രന്ഥങ്ങള്‍ വിവരിക്കുന്ന, ഏറെ മലഞ്ചരക്കുകള്‍ ക്രയവിക്രയം ചെയ്യുന്ന, കെട്ടിടങ്ങളോ സംവിധാനങ്ങളോ അവിടെയില്ലാത്തതിനാല്‍ അത് മുചിരി-മുസിരിസ് അല്ലെന്ന് കൂടി തിരിച്ചറിയാം. ഇതാണ് പട്ടണം സന്ദര്‍ശിച്ചശേഷം, ചെറിയാന് തന്നെ തന്ന മൂന്ന് സിഡികള്‍ നിറച്ചുള്ള റിപ്പോര്‍ട്ടുകളും ഫോട്ടോകളും നെറ്റിലെ വര്‍ണനകളും പഠിച്ചശേഷം, 2004 വര്‍ഷത്തിലെ അനുമാനം-പട്ടണം മുചിരി-മുസിരിസ് കണ്ടെത്തിക്കഴിഞ്ഞെന്ന വ്യാജപ്രചാരണം കൊടുമ്പിരി കൊള്ളിച്ചുകൊണ്ട് കെസിഎച്ച്ആറും ചെറിയാനും കൂട്ടരും മുന്നേറുകയാണ്. ആര്‍ക്കിയോളജിക്കള്‍ സര്‍വെ ഓഫ് ഇന്ത്യയിലെ പ്രശസ്തരായ പുരാവസ്തു വിദഗ്ദ്ധരെ ബോധപൂര്‍വം അകറ്റിനിര്‍ത്തിക്കൊണ്ട്, കൊടുങ്ങല്ലൂര്‍ പ്രദേശത്ത് വിശാലമായ ലാന്‍ഡ് സര്‍വെയും മാരിടൈം സര്‍വെയും നടത്താതെ, കേരളാ സ്റ്റേറ്റിലെ പുരാവസ്തു വകുപ്പിനെ പൂജ്യത്തിലാക്കി പുറംതള്ളി, ജനങ്ങളെ കബളിപ്പിക്കയാണ് കെസിഎച്ച്ആര്‍ ചെയ്തുപോന്നിട്ടുള്ളത്.
കണ്ടെത്താത്ത മുസിരിസിനെ ആധാരമാക്കിയുള്ള വ്യാജപ്രചാരണത്തിന്റെ രാഷ്ട്രീയ-സാമുദായിക-സാമ്പത്തിക വശങ്ങളെപ്പറ്റി പരസ്യാന്വേഷണമാണ് ചരിത്രസത്യാന്വേഷകര് ആവശ്യപ്പെടേണ്ടത്. ഇവിടത്തെ സ്റ്റേറ്റ് പുരാവസ്തു വിഭാഗത്തിനും സര്‍ക്കാരിനും ചരിത്രാന്വേഷകരുടെ പുതിയ തലമുറയ്ക്കും ആ വെളിവ്, പട്ടണവും മുചിരിയും തമ്മിലുള്ള തിരിച്ചറിവ്, ഇനിയെങ്കിലും ഉണ്ടാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: