തിരുവനന്തപുരം: മലയാള സിനിമയുടെ ആദ്യകാല നായകരിലൊരാളായ നടന് മധുവിന്റെ 88ാം പിറന്നാള്‍ ആഘോഷിച്ചു.
പൊതുവേ പിറന്നാള്‍ ആഘോഷത്തില്‍ താല്പര്യം കാട്ടാത്ത വ്യക്തിയാണെങ്കിലും വീട്ടില്‍ ബന്ധക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ആഘോഷം. പിറന്നാളിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തിയതായും മകള്‍ ഉമ പറഞ്ഞു.
1933 സപ്തംബര്‍ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്.പരമേശ്വരപിള്ളയുടെയും കമലമ്മയുടെയും മകനായാണ് ജനനം. കന്നിയിലെ വിശാഖമാണ് ജന്മനക്ഷത്രം. ആര്. മാധവന് നായര്‍ എന്നതായിരുന്നു മധുവിന്റെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയപ്പോള്‍ പേര് ചുരുക്കി മധുവായി. ബനാറസ് ഹന്ദു സര്‍വ്വകലാശാലയില്‍ നിന്നും ഹിന്ദിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
സിനിമയിലെത്തിയത് നാടകത്തിന്റെ വഴിയിലൂടെയാണ്. ത്യാഗത്തിന്റെ വഴിയിലൂടെയാണ് നാടകത്തിലെത്തിയത്. നാഗര്‍കോവില്‍ ഹന്ദു കോളെജിലെ ലക്ചര്‍ ഉദ്യോഗം വലിച്ചെറിഞ്ഞാണ് ദല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം പഠിക്കാന്‍ പോയത്.
ആദ്യചിത്രം 1959ല്‍ പുറത്തുവന്ന നിണമണിഞ്ഞ കാല്പാടുകള് ആയിരുന്നു. തുടര്‍ന്ന് 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മധുവിനെ ശ്രദ്ധേയമാക്കിയ ഒരു കഥാപാത്രമായിരുന്നു രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനിലെ പരീക്കുട്ടി എന്ന നിരാശാകാമുകന്. തിരുവനന്തപുരത്തെ പുളിയറക്കോണത്ത് അദ്ദേഹം ഉമ സ്റ്റുഡിയോ എന്ന സിനിമാ നിര്‍മ്മാണത്തിനുള്ള സ്റ്റുഡിയോ സ്ഥാപിച്ച് വ്യവസായസംരംഭകനായി. ചില ചിത്രങ്ങള്‍ ഒരുക്കി സംവിധായകന്റെയും മേലങ്കിയണിഞ്ഞു.
ഭാര്യ ജയലക്ഷ്മി 2014 ജനവരിയില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: