മുംബൈ: സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെമ്പോയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മഹാരാഷ്ട്രമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറെയെടുത്ത നിലപാടിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി മുംബൈ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി.
സാക്കിനാക്ക ബലാത്സംഗക്കേസിലെ പ്രതി ഉത്തര്‍പ്രദേശിലെ യുപിയില്‍ നിന്നായതിനാല്‍ ‘ജോന്‍പൂര്‍ രീതി’ മുംബൈയില്‍ എത്രത്തോളം കളങ്കപ്പെടുത്തിയെന്ന് കൂടുതല്‍ അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാമെന്നായിരുന്നു ശിവസേന മുഖപത്രം സാമ്ന എഴുതിയത്. പരോക്ഷമായി ബിജെപി ഭരിയ്ക്കുന്ന ഉത്തര്‍പ്രദേശിന്റെ തലയില്‍ കുറ്റം കെട്ടിവെയ്ക്കാനുള്ള ലക്ഷ്യമായിരുന്നു ശിവസേനയുടെ ജോന്‍പൂര്‍ ആരോപണത്തിന്റെ പിന്നില്‍.
എന്നാല്‍ ശിവസേനയുടെ ഈ നിലപാടിനെ എതിര്‍ത്ത് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശ്വബന്ധു റായി മഹാരാഷ്ട ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയ്ക്ക് കത്തെഴുതി. ‘മഹാരാഷ്ട്ര മുഖ്യമന്ത്രി ഒരു പ്രാദേശിക പാര്‍ട്ടിയുടെ മേധാവിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശങ്കകളും തികച്ചും പ്രാദേശിക സ്വഭാവമുള്ളതാണ്. തന്റെ വോട്ടര്‍മാരെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹം മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെ ലക്ഷ്യംവെയ്ക്കുകയാണ്,’ വിശ്വബന്ധു റായിയുടെ കത്തില്‍ പറയുന്നു.
പ്രതി ഇരുമ്പുവടി വരെ ഉപയോഗിച്ച് യുവതിയെ പീഡിപ്പിച്ചിരുന്നതായും പറയുന്നു. ഈ ക്രൂരമായ ബലാത്സംഗക്കൊലയെ ഉത്തര്‍പ്രദേശിലെ ഹത്രാസ് ബലാത്സംഗക്കേസുമായി താരതമ്യം ചെയ്യുന്നതിനെ ഉദ്ദവ് താക്കറെയും ശിവസേനയും എതിര്‍ത്തിരുന്നു. ഉദ്ദവ് താക്കറെയോട് കടുത്ത അതൃപ്തിയും നിരാശയും പ്രകടിപ്പിക്കുന്നതായിരുന്നു വിശ്വബന്ധുറായിയുടെ കത്ത്.
‘സാക്കിനാക്ക ബലാത്സംഗക്കേസിന് ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മഹാരാഷ്ട്രയിലെ ബലാത്സംഗക്കേസിന്റെ പേരില്‍ മറ്റ് സംസ്ഥാനങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തുകയാണ്. ബലാത്സംഗക്കേസിലെ പ്രതിയെ മതപരമോ, ഭാഷാപരമോ, ജാതിപരമോ ആയ മുന്‍ഗണനകള്‍ നോക്കാതെ തൂക്കിക്കൊല്ലണം,’ വിശ്വബന്ധുറായി എഴുതുന്നു.
‘ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുംബൈയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം 144 ശതമാനം വര്‍ധിച്ചു. 2020ല്‍ മാത്രം 2051 ബലാത്സംഗക്കേസുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തത്,’- വിശ്വബന്ധു റായി എഴുതുന്നു.
ഈ കേസില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ മുംബൈയിലെ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്റാലേ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ബലാത്സംഗം നടക്കുന്ന സ്ഥലത്ത് പൊലീസിന് സന്നിഹിതരാവാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്റാലെയുടെ പ്രതികരണം. ‘ആദ്യം സര്‍ക്കാര്‍ ഈ പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്,’ കത്തില്‍ വിശ്വബന്ധു റായി ആവശ്യപ്പെടുന്നു. ‘എന്തായാലും സംസ്ഥാനത്തിനകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ പ്രത്യക്ഷമായോ പരോക്ഷമായോ ലക്ഷ്യം വെയ്ക്കുന്നത് ശരിയല്ല,’ വിശ്വബന്ധു റായി എഴുതുന്നു.
ബലാത്സംഗക്കേസില്‍ പ്രതികളുടെ സമൂഹ്യപശ്ചാത്തലം ഉയര്‍ത്തിക്കാട്ടി ഒരു പ്രത്യേക പ്രദേശത്തെ (ജോന്‍പൂര്‍) കുറ്റപ്പെടുത്തുന്ന മറ്റ് ചില ചെറിയ പ്രാദേശിക പാര്‍ട്ടികളും മഹാരാഷ്ട്രയിലുണ്ടെന്ന് റായി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: