തിരുവനന്തപുരം : ഭാര്യയേയും കുടംബത്തേയും കടക്കെണിയിലാക്കി മുങ്ങിയയാള്‍ ഭീകര സംഘടനയായ ഐഎസില്‍. കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായ പ്രജു എന്ന മുഹമ്മദ് അമീനാണ് ഐഎസില്‍ ചേരാന്‍ നാടുവിട്ടത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് കുടുംബം തന്നെ ഇക്കാര്യം തിരിച്ചറിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലിലാണ് തന്റെ ഭര്‍ത്താവ് ഐഎസില്‍ ചേര്‍ന്നതായി ബാലുശ്ശേരി സ്വദേശിനിയായ യുവതി അറിയുന്നത്. ഭാര്യയ്ക്കും അവരുടെ കുടുംബത്തിനും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ശേഷം പ്രജു എട്ട് വര്‍ഷം മുമ്പ് നാട് വിടുകയായിരുന്നു.
ഇയാള്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ബാലുശ്ശേരി സ്വദേശിനിയെ വിവാഹം കഴിക്കുന്നതിന് മൂന്നുവര്‍ഷംമുമ്പ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കടുത്ത മതവിശ്വാസം പുലര്‍ത്തിയിരുന്ന ഇയാള്‍ ആ വഴിക്ക് നീങ്ങാന്‍ സുന്നി വിശ്വാസിയായ തന്നേ നിര്‍ബന്ധിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ ഇഷ്ടംപോലെ പണം കിട്ടുമെന്നു പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തി.
2009 ലാണ് മങ്കയം വാരിയമലയിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധിക ആമിന ഉമ്മ കൊലചെയ്യപ്പെട്ടത്. കേസില്‍ തെളിവില്ലാത്തതിനെത്തുടര്‍ന്ന് പ്രജുവിനെയും മറ്റൊരു പ്രതിയായ ആമിന ഉമ്മയുടെ മകളുടെ മകന് മന്സൂറിനെയും കോടതി വെറുതെവിട്ടു. കുറ്റവിമുക്തരായെങ്കിലും കേസ് നടത്തിപ്പിനായി വലിയ സാമ്പത്തികച്ചെലവ് വന്നിരുന്നു. ഈയാവശ്യത്തിനായി ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യവ്യക്തിക്ക് പണയപ്പെടുത്തി ഇയാള്‍ ഏഴ് ലക്ഷം രൂപ വാങ്ങി. പോലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപിച്ച് അന്നവര്‍ പത്രസമ്മേളനം നടത്തുകയും ചെയ്തു.
യുവതിയുടെ പരിചയക്കാരും ബന്ധുക്കളുമായ പല വ്യക്തികളില്‍നിന്നും കടംവാങ്ങി. വിവാഹസമയത്തുനല്‍കിയ 15 പവന് സ്വര്‍ണവും കൈക്കലാക്കി ഇയാള്‍ മുങ്ങുകയായിരുന്നു. നാടുവിടുമ്പോള്‍ യുവതിയുടെ സ്കൂട്ടറും എടുത്തിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും ഇത്ര വര്‍ഷമായിട്ടും വിവരമൊന്നും കിട്ടിയിരുന്നില്ല.
പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ സാധ്യതയുള്ള ഇയാള്‍ ഭീകരസംഘടനയിലെത്തിയതില്‍ അതിശയിക്കാനൊന്നുമില്ല. എന്നാല്‍ ഇയാള്‍ മൂലം കിടപ്പാടവും പോയി, കടവും പെരുകി ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലാണെന്ന് യുവതി പറയുന്നു. ഉമ്മയ്ക്കും മകനുമൊപ്പം തറവാട്ടുപറമ്പിലെ ചെറിയ വീട്ടിലാണ് ഇവരുടെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: