തിരുവനന്തപുരം: സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ ജനദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കര്‍ഷകസമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡില്‍ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരും ആലോചിക്കണം. കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത പിണറായി സര്‍ക്കാര്‍ ദില്ലിയിലെ ചില ഇടനിലക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
മണ്ഡി സംവിധാനമില്ലാത്ത ഓപ്പണ്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്ക്കാന് സാധിക്കുന്ന സംസ്ഥാനമാണ് കേരളം. താങ്ങുവില നടപ്പിലാക്കാത്ത കേരളത്തില്‍ അതിന് ശ്രമിക്കാതെ പഞ്ചാബിലെ താങ്ങ് വിലയ്ക്ക് വേണ്ടി സമരം ചെയ്യുന്നത് അപഹാസ്യമാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദേഹം പറഞ്ഞു.
കൊവിഡില്‍ വലയുന്ന സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണം. മറ്റു സംസ്ഥാനങ്ങളെ പോലല്ല കേരളത്തില്‍ ടിപിആര്‍ കുറയുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊവിഡിനെ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ കുട്ടികളില്‍ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ അവസരമുണ്ടാക്കരുതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: