തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കാത്തതിനാല്‍ ഹോട്ടല്‍ വ്യവസായ മേഖലയിലെ തകര്‍ച്ചയിലേക്ക്. വ്യാപാരമേഖലയ്ക്കും മറ്റും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടും ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കുമുള്ള അതിനിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതിനാല്‍ മേഖലയിലെ പതിസന്ധി തുടരുകയാണ്. കൊവിഡ് ഭീതിക്കിടെ ദുരിതത്തിലാണ് ഹോട്ടല്‍ ഉടമകളും ജീവനക്കാരുമിപ്പോള്‍.
ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 5 മാസമായി ഹോട്ടലുകള്‍ അടഞ്ഞുകിടക്കുകയാണ്. നിലവില്‍ ഹോം ഡെലിവറിയും പാഴ്സലും മാത്രമേ ഹോട്ടലുകളില്‍ നിന്ന് അനുവദിക്കുന്നുള്ളൂ. ജനങ്ങള്‍ എത്താതായതോടെ വലിയ നഷ്ടത്തിലാണ് ഹോട്ടല്‍, റസ്റ്ററന്റ് മേഖല. ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തു പോകുമ്പോള്‍ ഭക്ഷണം കഴിക്കാനും മറ്റും ആശ്രയിക്കുന്നത് ചെറുതും വലുതുമായ ഹോട്ടലുകളെയാണ്. കഴിഞ്ഞ മൂന്നു മാസത്തോളമായി ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കുന്നില്ല. സംസ്ഥാനത്ത് പ്രൈമറി സ്കൂളുകള്‍ വരെ തുറക്കാന്‍ തീരുമാനമെടുത്ത സംസ്ഥാനസര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
ജില്ലയില്‍ ചെറുതും വലുതമായി 2000ലേറെ ഹോട്ടലുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 25,000ഓളം തൊഴിലാളികള്‍ ഹോട്ടല്‍ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. ജീവിത ചിലവുകള്‍ കണ്ടെത്താനാവാതെ ഹോട്ടലുടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. 85 ശതമാനം ഹോട്ടലുകളും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭീമമായ കെട്ടിടവാടക നല്കാനാകാതെ ഉടമകള്‍ ബുദ്ധിമുട്ടുമ്പോള്‍ ദിവസ വേതനക്കാരായ ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പലരും ഹോട്ടലുകള്‍ ആരംഭിച്ചത്. ഉപജീവനത്തിനും കുടുംബം പോറ്റാനുമായി നാട്ടിന്‍പുറങ്ങളില്‍ നടത്തുന്ന ചായക്കടകളും ചെറുകിട ഹോട്ടലുകാരും അനുഭവിക്കുന്ന ദുരിതം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ നൂറുക്കണക്കിന് ഹോട്ടലുകള്‍ ഇതിനകം പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലയ്ക്ക് സഹായകരമായ ഒരു പാക്കേജും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 100 ദിവസത്തിലേറെയായി ഡൈനിങ് അനുവദിക്കാത്ത ഹോട്ടലുകള്‍ക്ക് ജിഎസ്ടി, തൊഴില്‍ക്കരം അടക്കമുള്ള നികുതിയടക്കണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അടച്ചിടല്‍ തുടരുകയാണെങ്കില്‍ ഹോട്ടലുടമകളും തൊഴിലാളികളും കൂട്ടആത്മഹത്യ ചെയ്യേണ്ടി വരും. നിയമസഭ കാന്റീനിലും, കളക്ട്രേറ്റ്, പോലിസ്, ആശുപത്രി കാന്റീനുകളിലുമെല്ലാം ആളുകള്‍ക്ക് ഇരുത്തി ഭക്ഷണം നല്കുമ്പോള് ഹോട്ടലുകള്‍ക്ക് മാത്രമാണ് അവഗണനയെന്ന് ഉടമകള്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തെ എല്ലാ വ്യാപാരമേഖലകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. പൊതുഗതാഗത സംവിധാനവും പഴയതുപോലെയായി. ഇവിടെങ്ങുമില്ലാത്ത കൊവിഡ് വ്യാപനം ഹോട്ടലുകളില്‍ മാത്രം ഉണ്ടാകുമെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടലുടമകള്‍ ആത്മഹത്യയുടെ വക്കില്‍
ഹോട്ടലുകളില്‍ ഡൈനിങ്് അനുവദിക്കാത്തതിനാല്‍ ഹോട്ടലുകള്‍ തുറക്കുവാനാകാതെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയിലെ നൂറുക്കണക്കിന് ചെറുകിട ഇടത്തരം ഹോട്ടലുടമകള്‍ ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ 113 ദിവസമായി ഭൂരിഭാഗം ഹോട്ടലുടമകളും തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നും ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള വായ്പകള്‍ അടയ്ക്കാനാകാതെയും നിരവധി ഹോട്ടലുടമകള്‍ ഇതിനകം ആത്മഹത്യ ചെയ്തു. ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലാണ് ഉടമകള്‍ക്ക് ഇപ്പോഴും അടയ്ക്കേണ്ടി വരുന്നത്. കെട്ടിട വാടക നല്‍കാനാകാതെയും ഉടമകള്‍ ബുദ്ധിമുട്ടുകയാണ്.. എല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനു പിന്നില്‍ മറ്റ് നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. സ്വയംതൊഴില്‍ കണ്ടെത്തി ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്കുന്ന ഹോട്ടല്‍ മേഖലയെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
-ഉണ്ണികൃഷ്ണന് ഈച്ചരത്ത് (ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ്)
ഹോട്ടലുകാരോടുള്ള രണ്ടാനമ്മ പോര് അവസാനിപ്പിക്കണം
കൊവിഡ് കാലം മുതല്‍ അടച്ചുപൂട്ടി കിടക്കുകയാണ് ഭൂരിഭാഗം ഹോട്ടലുകളും. ചെറിയ ഇളവുകള്‍ ലഭിച്ചപ്പോള്‍ ഹോട്ടലുകള്‍ തുറന്ന് പാര്‍സല്‍ നല്‍കാമെന്ന് ഉത്തരവ് ലഭിച്ചെങ്കിലും ഇപ്പോഴും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കൊവിഡ് വ്യാപനം കുറയുകയും 90 ശതമാനത്തിലേറെ മേഖലകള്‍ തുറന്ന് കൊടുക്കുകയും ചെയ്തിട്ടും ഹോട്ടലുകാരോട് മാത്രം സര്‍ക്കാര്‍ രണ്ടാനമ്മ പോര്. കാണിക്കുകയാണ്. കൊവിഡിനൊപ്പം ജീവിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഹോട്ടലുകാരും ഇതില്‍പ്പെടുന്നുണ്ട്. ഒരു പരിധിവരെ ഹോട്ടലുകാരാണ് കൊവിഡിന് മുമ്പും സാമൂഹിക അകലം പാലിക്കുന്നത്. ഒരു മേശയില്‍ പരമാവധി ഇരിക്കുന്നവര്‍ നാലു പേരാണ്. മറ്റിടങ്ങളില്‍ ഇങ്ങനെയാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം.
-രാജന് മണലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: