തൃശൂര്‍: പൊതുജനങ്ങള്‍ക്കും ഭാവി തലമുറയ്ക്കുമെതിരായ തൃശൂര്‍ കോര്പ്പറേഷന് മാസ്റ്റര്‍ പ്ലാന്‍ അഴിമതി നടത്താന്‍ വേണ്ടി മാത്രമുള്ളതാണെന്ന് സിപിഐ നേതാവ് അഡ്വ. റോബ്സണ് പോള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൃഷി ഭൂമി മണ്ണിട്ട് നികത്തിയവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാനാണിത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ നിയമവിരുദ്ധമാണ്. 2021ലാണ് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചതെങ്കില്‍ അന്ന് മേയറല്ലാത്ത അജിത വിജയനാണ് ഇതില്‍ ഒപ്പിട്ടിട്ടുള്ളത്. സര്‍ക്കാരിലേക്ക് കോര്പ്പറേഷന് അയച്ച മാസ്റ്റര്‍ പ്ലാനില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മേയറും ഒപ്പിട്ടിട്ടുള്ളത് തിയതി വെക്കാതെയാണ്.
മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളൊന്നും കോര്പ്പറേഷന് പാലിച്ചിട്ടില്ല. കരട് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ 60 ദിവസത്തിനുള്ളില്‍ രണ്ട് പത്രങ്ങളിലെങ്കിലും പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. ഇതിനായി സ്പെഷല്‍ കമ്മിറ്റി രൂപീകരിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതാണ്. തുടര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി കൗണ്‍സിലില്‍ സമര്‍പ്പിച്ച് അംഗീകരിക്കണം. ഇത്തരം നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രകാരം തനിക്ക് കോര്പ്പറേഷന് മറുപടി നല്‍കിയിട്ടുണ്ട്.
സിപിഎം, സിപിഐ ഉള്‍പ്പെയെടുള്ള പാര്‍ട്ടികളൊന്നും മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കസേരക്കളിയാണ് കോര്‍പ്പറേഷനില്‍ നടക്കുന്നത്. സിപിഐ പ്രവര്‍ത്തകനായ തനിക്ക് ഭാരവാഹിത്വമൊന്നും നിലവിലില്ലെങ്കിലും കോര്പ്പറേഷന് നിവാസിയെന്ന നിലയിലാണ് മാസ്റ്റര്‍പ്ലാനിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനിനെ ന്യൂനതകളെ കുറിച്ച് സിപിഐ ജില്ലാ സെക്രട്ടറി, തൃശൂര്‍ എംഎല്‍എ എന്നിവരോട് വ്യക്തിപരമായി ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിക്കാനുള്ള തീരുമാനമാണ് കൗണ്സിലെടുക്കേണ്ടത്. മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമ പോരാട്ടം തുടരുമെന്നും റോബ്സണ് പോള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: