ന്യൂദല്‍ഹി: മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 118 അര്‍ജുന്‍ എംകെ 1 എ യുദ്ധടാങ്കുകള്‍ നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവ് നല്‍കി. 7523 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ യുദ്ധപ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും നെടുംതൂണാകുന്ന പ്രധാന യുദ്ധടാങ്കുകളാണിവ.
പഴയ അര്‍ജുന്‍ എംകെ1 ടാങ്കിന്റെ പുതുക്കിയ മോഡലാണ് അര്‍ജുന്‍ എംകെ1 എ ടാങ്കുകള്‍. ഇതില്‍ പുതുതായി 72ഓളം പുതുമുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് അര്‍ജുന്‍ എംകെ1 എ ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്. വെടിയുതിര്‍ക്കാനുള്ള അധികശേഷി, ഏത് ഭൗമോപരിതലത്തിലും അനായാസ ചലനശേഷി, അതിജീവനശക്തി എന്നിവയാണ് പുതിയ അര്‍ജുന്‍ ടാങ്കിന്റെ സവിശേഷതകള്‍.
ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമുള്ള മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ആക്കം കൂട്ടാന്‍ ഈ പദ്ധതി ഉപകരിക്കും. പ്രതിരോധമേഖലയിലെ ഗവേഷണസ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഒട്ടേറെ പുതുമകള്‍ കൂടി ചേര്‍ത്ത് അര്‍ജുന്‍ എംകെ1എ ടാങ്കുകള്‍ തയ്യാറാക്കിയത്. രാത്രി-പകല്‍ വ്യത്യാസമില്ലാതെ കൃത്യമായി ലക്ഷ്യത്തെ തകര്‍ക്കാനുള്ള ശേഷിയാണ് പുതിയ മോഡലിന്റെ മുഖമുദ്ര. ഏത് ഭൗമോപരിതലത്തിലും ഈ ടാങ്കിന് ചലിക്കാനും കൃത്യതയോടെ ലക്ഷ്യത്തിലെത്താനും സാധിക്കും.
പുതിയ ഈ അര്‍ജുന്‍ എംകെ1എ യുദ്ധടാങ്ക് ഫിബവരിയില്‍ പ്രധാനമന്ത്രി മോദി കരസേന മേധാവി മനോജ് നരവനെയ്‌ക്ക് നല്‍കി ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ കരസേനയില്‍ അര്‍ജുന്‍ എംകെ1 ടാങ്കുകളുടെ രണ്ട് റെജിമെന്റുകള്‍ ഉണ്ട്. ഇത് 2005ലും 2010ലുമാണ് സേനയില്‍ എത്തിയത്.
‘ആവഡിയിലെ ഫാക്ടറിക്ക് നല്‍കിയിട്ടുള്ള ഈ ഉല്‍പാദനഉത്തരവ് ഏകദേശം 200ഓളം വരുന്ന ഇന്ത്യയിലെ ചെറുകിട-ഇടത്തരം ഉല്‍പാദനയൂണിറ്റുകള്‍ക്ക് സഹായകരമാവും. 8,000ത്തോളം പേര്‍ക്ക് പുതുതായി ജോലി ലഭിക്കും.
ഇപ്പോള്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഒരു അര്‍ജുന്‍ ഹബ്ബും സ്ഥാപിച്ചിട്ടുണ്ട്. അര്‍ജുന്‍ടാങ്കുകളുടെ അറ്റകുറ്റപ്പണിയും മറ്റ് സാങ്കേതിക പിന്തുണയും നല്‍കാനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: