തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ആശങ്കയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കും. ഫസ്റ്റ് അലോട്ട്മെന്റ് മാത്രമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനുള്ള അവസരമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് 20 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. സീറ്റ് ഒഴിവുള്ള ജില്ലകളില്‍ നിന്നും കുറവുള്ള ജില്ലകളിലേക്ക് മാറ്റും. ക്ലാസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലായി നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ആഴ്ച്ചയില്‍ ആറ് ദിവസം ക്ലാസുകള്‍ ഉണ്ടാകും. ഉച്ചഭക്ഷണമടക്കം സ്കൂളുകളില്‍ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും.
ഇതിനായി ക്ലാസുകളെ രണ്ടാക്കി തിരിച്ച് ഉച്ചവരെയാകും ക്ലാസുകള്‍ നടത്തുക. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന രീതിയിലായിരിക്കും ക്ലാസുകള്‍ നടത്തുക. നിര്‍ദ്ദേശങ്ങളില്‍ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നല്‍കിയിട്ടുണ്ട്.
അധ്യാപക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുമായും യോഗം ചേരും. ഉന്നതതല യോഗത്തിനു ശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇന്ന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങി. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: