ഇടുക്കി: പരുന്തുംപാറക്ക് സമീപം പാറയിടുക്കിൽ ഒളിപ്പിച്ച നിലയില്‍ ആനക്കൊമ്പുകള്‍ വനംവകുപ്പ് സംഘം കണ്ടെത്തി. വനം ഇന്റലിജന്‍സിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു കാട്ടിനുള്ളില്‍ പരിശോധന. എരുമേലി റേഞ്ചിലെ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമ്പി കൊക്ക ഭാഗത്ത് നിന്നാണ് ഇന്നലെ ഉച്ചയോടെയാണ് രണ്ട് ആനക്കൊമ്പ് കണ്ടെത്തിയത്.
കൊമ്പുകള്‍ക്ക് ആകെ 11 കിലോയോളം തൂക്കം വരും. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുപാറയുടെ താഴ്ഭാഗമാണ് ഗ്രാമ്പികൊക്ക മേഖല. അതേ സമയം ആനക്കൊമ്പുകള്‍ വില്‍പ്പനക്കായി സമീപവാസികളാരോ ഇവിടെ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇയാളെ കണ്ടെത്താനായി വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊമ്പുകള്‍ ഊരിയെടുത്ത നിലയിലായതിനാല്‍ ആന ചരിഞ്ഞതെങ്ങനെ എന്നതും ഇതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി മേഖലയില്‍ വ്യാപക പരിശോധന നടത്താനും വനംവകുപ്പ് ഒരുങ്ങുകയാണ്.
മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ചര്‍ മഹേഷ്, ഫോറസ്റ്റ് എ.കെ. വിശ്വംഭരന്‍, ഉദ്യോഗസ്ഥരായ പോള്‍സണ്‍ ജോര്‍ജ്, ദേവകുമാര്‍, സജിമോന്‍ എന്നിവരും തിരുവനന്തപുരത്ത് നിന്നെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കേസ് പിടികൂടിയത്. ജില്ലയില്‍ ഈ വര്‍ഷം മാത്രം പിടികൂടുന്ന നാലാമത്തെ ആനക്കൊമ്പ് കേസാണിത്. കൊവിഡെത്തിയതിന് പിന്നാലെ സംസ്ഥാനത്തെമ്പാടും ആനക്കൊമ്പ്, മൃഗവേട്ട, കാട്ടിറച്ചി വ്യാപാരം എന്നിവ തകൃതിയായി നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: