കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. കോഴിക്കോട് കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ഉമാകാന്തന്‍ ബിനാമി അക്കൗണ്ടിലേക്ക് 97600 രൂപ മാറ്റിയതായി സീനിയര്‍ ഫിനാന്‍സ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് തവണയായി 43400 രൂപയും, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 9 തവണയായി 34200 രൂപയും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി. ഇത് കൂടാതെ ഒരേ അക്കൗണ്ടിലേക്ക് പലതവണയായി 20000 രൂപയും നല്‍കിയിട്ടുണ്ട്. പണം കിട്ടിയ ഇയാളുടെ ബന്ധുവില്‍ നിന്നും പണം തിരിച്ചു പിടിച്ചിരുന്നു . ഉമാകാന്തന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
മഹാപ്രളയത്തില്‍ കോഴിക്കോട് താലൂക്കില്‍ പ്രളയം ബാധിച്ച 20,000-ത്തിലധികം പേര്‍ക്കായി അടിയന്തിര ധനസഹായ തുക 22 കോടി 35 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
ഒരു അക്കൗണ്ടിലേക്ക് 9 തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപ ഈയിനത്തിൽ നഷ്ടപ്പെട്ടെന്നും ഇത് തിരിച്ചു പിടിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
അടിയന്തര ധനസഹായമായി പ്രളയ ബാധിതർക്ക് വിതരണം ചെയ്യാൻ 1 കോടി 17 ലക്ഷം രൂപയോളം എക്സ്പെൻഡീച്ചർ ആയെങ്കിലും വിതരണം ചെയ്യാതെ ഇപ്പോഴും സസ്പെൻസ് അക്കൗണ്ടിൽ കിടക്കുകയാണെന്നും ഗുരുതര അനാസ്ഥയിലേക്കാണ് ഈ നടപടി വിരൽ ചൂണ്ടുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: