കോഴിക്കോട്: വൈദ്യുതി ബോര്‍ഡിനെതിരേ ജീവനക്കാരുടെ ഇടതുപക്ഷ സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന് ഇന്ന് നടത്താന്‍ നിശ്ചയിച്ച വൈദ്യുതിഭവന് പ്രതിഷേധ സമരം സിപിഎം ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. സംഘടനയില്‍ത്തന്നെ സമരത്തിന്റെ പേരില്‍ ഭിന്നാഭിപ്രായവും വന്നു. ഇതിനു പുറമേയാണ് ഭരണ കക്ഷിയുടെ സര്‍വീസ് സംഘടന സര്‍ക്കാര്‍ നടപടിക്കെതിരേ സമരം പ്രഖ്യാപിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചത്. നേതാക്കള്‍ക്കെതിരേ നടപടി ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജമേഖലയില്‍ കൊണ്ടുവരുന്ന വന്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ ട്രേഡ് യൂണിയന്റെ ചട്ടംവിട്ടുള്ള നടപടികള്‍ അവസാനിപ്പിക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ സിപിഎം വൈദ്യുതി വകുപ്പ് ഒഴിയുകയും ജനതാദള്‍ മന്ത്രിയെക്കൊണ്ട് ഇടതുപക്ഷ യൂണിയന് നേതാക്കളെ നിലയ്ക്ക് നിര്‍ത്തുകയും ചെയ്തു. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉള്‍പ്പെടെ രാഷ്ട്രീയമായി ഇഷ്ടാനുസരണം ചെയ്തിരുന്ന ഇടത് നേതാക്കളുടെ തോന്നിവാസങ്ങള്‍ നിന്നു. ഇതോടെയാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിനെതിരേ സമരത്തിന് തീരുമാനിച്ചത്. ബോര്‍ഡും വകുപ്പ്മന്ത്രിയും നേതാക്കളെ അവഗണിച്ച വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ രണ്ടുവരെ 500 പേരെ പങ്കെടുപ്പിച്ച് ബോര്‍ഡ് ആസ്ഥാനത്ത് സമരം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, ഇന്നലെ വൈകിയും സമരം പിന്‍വലിച്ചതായി അസോസിയേഷന് നേതാക്കള്‍ അംഗങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എച്ച്ആര്‍ മാനേജര്‍, ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അടക്കം മര്‍മ്മപ്രധാന സ്ഥാനങ്ങളില്‍ ഇടത് മുന്നണി വിരുദ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ച് ട്രാന്‍സ്ഫര്‍ നടപടികള്‍ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നതിനെതിരെയും, സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികളെ (ഫഌഗ്ഷിപ് പദ്ധതികള്‍) തകിടം മറിക്കുന്ന തരത്തിലുള്ള മാനേജ്മെന്റ് നിലപാടിനെതിരെയും ശക്തമായ പ്രക്ഷോഭം തുടങ്ങുവാന്‍ തീരുമാനത്തിന്റെ ആദ്യ പടി എന്ന നിലയിലായിരുന്നു പ്രതിഷേധം നിശ്ചയിച്ചത്. തിരുവനന്തപുരത്തെ കേന്ദ്രകമ്മിറ്റി അംഗങ്ങളുടെയും കേന്ദ്ര ഭാരവാഹികളുടെയും ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ഇത് പിണറായി സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രവും വിചാരണയുമായി മാറുകയായിരുന്നു തത്ത്വത്തില്‍. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ നടപ്പിലായിലെന്നും നിയമനങ്ങള്‍ രാഷ്ട്രീയ പക്ഷപാതം നോക്കിയാണെന്നും സര്‍ക്കാര്‍ പക്ഷത്തുള്ള യൂണിയന്‍തന്നെ ആരോപിക്കുന്നതായിരുന്നു സമരത്തിന് പറഞ്ഞ കാരണം. ഓഫീസേഴ്സ് യൂണിയന് നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: