ന്യൂദല്‍ഹി: പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ സംവിധാനം നടപ്പാക്കുന്നതിലൂടെ ഓരോ പൗരന്റെയും ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, ചികിത്സാ രേഖകള്‍ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്യും. പതിനാല് അക്ക നമ്പരുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുക. ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാം. ആരോഗ്യ വിവരങ്ങളും രോഗ സാധ്യതകളും അറിയാം. ഓരോ തവണയും ആശുപത്രിയോ ഫാര്‍മസിയോ സന്ദര്‍ശിക്കുമ്പോള്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. ഡോക്ടറെ കാണുന്നതു മുതല്‍ ചികിത്സ വരെയുള്ള എല്ലാ വിവരങ്ങളും ഹെല്‍ത്ത് പ്രൊഫൈലില്‍ ലഭിക്കും. മരുന്നു കുറിപ്പടികള്‍, പരിശോധനാ ഫലങ്ങള്‍, ഡിസ്ചാര്‍ജ് സമ്മറി തുടങ്ങിയവയും രേഖപ്പെടുത്തും.
സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ടപ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനാണ് രാജ്യമാകെ വ്യാപിപ്പിക്കുന്നത്. ലക്ഷദ്വീപ്, പുതുച്ചേരി ഉള്‍പ്പെടെയുള്ള ആറു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്കു കീഴിലാണ് ഇതു നടപ്പാക്കുക.
ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും സെര്‍വറില്‍ നിന്ന് വിവരങ്ങള്‍ക്ക് അനുമതി കൊടുക്കുക. ആശുപത്രിയില്‍ നേരിട്ടെത്താതെ ടെലി കണ്‍സള്‍ട്ടേഷനും ഇ- ഫാര്‍മസികളില്‍ സേവനങ്ങളും ലഭ്യമാക്കും. ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ആരോഗ്യപരിരക്ഷ, ചികിത്സാ സഹായങ്ങള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: