കൊച്ചി: വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ചാനല്‍ ചര്‍ച്ച നടത്തിയതിന് ഏഷ്യാനെറ്റിനും അവതാരകന് വിനു വി ജോണിനും ദേശാഭിമാനിയുടെ ഭീഷണി. ഇന്നു രാത്രി എട്ടിന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠന് വിനുവിനെതിരെയും ഏഷ്യാനെറ്റിനെതിരെയും ഭീഷണി മുഴക്കിയത്.
‘നിയമസഭയിലെ തെമ്മാടികള്‍’ എന്നപേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ എല്‍ഡിഎഫ് നടത്തിയ അഴിഞ്ഞാട്ടമാണ് ചര്‍ച്ച ചെയ്തിരുന്നത്. ചര്‍ച്ചയുടെ പാനലില്‍ എം.ആര് അഭിലാഷ്, ജോസഫ് സി. മാത്യു, ശ്രീജിത്ത് പണിക്കര്‍ എന്നിവരാണ് പങ്കെടുത്തത്.
ഇതിനിടെയാണ് ദേശാഭിമാനിയില്‍ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ എത്തിയത്. ഇക്കാര്യം ഉടന്‍ തന്നെ വിനു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ‘മന്ത്രി വി ശിവന്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ താനാരാണ്. ഇതു പോലെ ചാനലില്‍ നെഗളിച്ചവരുടെ വിധി ഓര്‍ക്കുക.’ എന്നാണ് ഭീഷണി മുഴക്കിയത്. എന്നാല്‍, താന്‍ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു ചര്‍ച്ചയില്‍ വ്യക്തമാക്കി.
താന്‍ വേണു ബാലകൃഷ്ണനെപ്പോലും ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതില്‍ താന്‍ പോലീസില്‍ പരാതിപ്പെടും. ഭീഷണികള്‍ക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന് ഈ ഭീഷണിയില്‍ നയം വ്യക്തമാക്കണം.
താന്‍ രണ്ടു പെണ്മക്കളുടെ അപ്പനാണ്. മാന്യമായി തൊഴില്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാല്‍, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണമെന്നും വിനു വി ജോണ്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: