കരുനാഗപ്പള്ളി: ആദിനാട്ടുകാരുടെ കണ്ണിലുണ്ണിയായ ഗജവീരന്‍ സജ്ജയനു കാഴ്ച നല്കാന്‍ അമേരിക്കയില്‍ നിന്നും മരുന്ന് എത്തി. ആദിനാട് സ്വദേശി ശാല്‍ കൃഷ്ണയുടെ ശ്രമഫലമായി അമേരിക്കയില്‍ താമസമാക്കിയ വടകര സ്വദേശി ശ്രീധരന്‍ സുരേന്ദ്രനാണ് മരുന്ന് വാങ്ങി നല്കിയത്. അമേരിക്കയില്‍ നിന്നും എത്തിയ സുരേന്ദ്രന്റെ സുഹൃത്തുവഴി തിരുവനന്തപുരത്ത് മരുന്ന് എത്തിക്കുകയായിരുന്നു. ഒരു മാസത്തേക്ക് ഉപയോഗിക്കാനുള്ള നാലു ഡോസ് മരുന്നാണ് ഇപ്പോള്‍ എത്തിച്ചത്. ഇതിന് 55000 ഇന്ത്യന്‍ രൂപ വിലയുണ്ട്.
ഇന്നലെ രാവിലെ ആര്‍എസ്എസ് പ്രാന്തവ്യവസ്ഥാ പ്രമുഖ് വി. ഉണ്ണി കൃഷ്ണന്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണുവിന് മരുന്ന് കൈമാറി. ക്ഷേത്ര മേല്‍ശാന്തി ശ്രീഹരി, വിഭാഗ് പ്രചാരക് ജി. വിഷ്ണു, സബീണ്‍, രതീഷ്, പഞ്ചായത്ത് മെമ്പര്‍മാരായ അജീഷ്, ആര്യ രാജ്, ഉഷാ പാടത്ത് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. നാളെ രാവിലെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍, ദേവസ്വം വെറ്ററിനറി ഡോക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മരുന്ന് നല്‍കുമെന്ന് സബ് ഗ്രൂപ്പ് ഓഫീസര്‍ അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കരുനാഗപ്പള്ളി സബ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ കൊമ്പന്‍ സജ്ജയനാണ് ഏറെ നാളായി കണ്ണിന് കാഴ്ച മങ്ങുന്ന അസുഖം ബാധിച്ചിരിക്കുന്നത്. നാട്ടില്‍ ലഭ്യമായ മരുന്നുകള്‍ പലതും പരീക്ഷിച്ചെങ്കിലും കാഴ്ചശക്തി പൂര്‍ണമായും തിരിച്ചെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് വിദേശത്തു നിന്നും മരുന്ന് എത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. അമേരിക്കയില്‍ മാത്രം ലഭ്യമായ ലാനോമാക്‌സ് എന്ന തുള്ളി മരുന്ന് സജ്ജയന്റെ ചികിത്സയ്‌ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു.
ആനയുടെ കണ്ണിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ആനപ്രേമി സംഘവും, പ്രദേശത്തെ നാട്ടുകാരും ആനയുടെ ചികിത്സയ്‌ക്ക് ആവശ്യമായ ലാനോമാക്‌സ് എന്ന തുള്ളി മരുന്ന് സംഘടിപ്പിക്കാന്‍ ഫെയ്സ്ബുക്ക് ഉള്‍പ്പെടെ ഉള്ള നവ മാധ്യമങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു. ദേവസ്വം ബോര്‍ഡിലെ വെറ്ററിനറി ഡോക്ടര്‍ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ നടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: