ഇന്ത്യയില്‍നിന്നുള്ള കൊവിഷീല്‍ഡ് വാക്സിന് അംഗീകരിക്കില്ലെന്നും, രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും പത്ത് ദിവസത്തെ ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്നുമുള്ള ബ്രിട്ടന്റെ തീരുമാനം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയുണ്ടായി. ബ്രിട്ടനിലെതന്നെ ഒാക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനക എന്ന കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനാണ് കൊവിഷീല്‍ഡ്. ഇന്ത്യയില്‍ അത് നിര്‍മിച്ചത് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ്. കൊവിഷീല്‍ഡിനു പുറമെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവാകിസ്നുമാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിച്ചത്. ഈ വാക്സിനുകള്‍ ഉപയോഗിച്ച് ജനസംഖ്യയില്‍ വലിയൊരു ശതമാനത്തിന് പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അവശേഷിക്കുന്നവരുടെ വാക്സിനേഷന് യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നെത്തുന്നവര്‍ക്ക് അനാവശ്യ ക്വാറന്റൈന് ഏര്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം ഒരു നിലയ്ക്കും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. ബ്രിട്ടണ് ആവശ്യപ്പെട്ടതനുസരിച്ച് അന്‍പത് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് ഇന്ത്യ നിര്‍മിച്ചു നല്കുകയുണ്ടായി. അത് ഉപയോഗിച്ചശേഷം പുതിയ വിലക്കുമായി ആ രാജ്യം വന്നിരിക്കുന്നത് അങ്ങേയറ്റം പരിഹാസ്യവുമാണ്. ലോകം മുഴുവന്‍ ഒറ്റക്കെട്ടായി കൊവിഡ് മഹാമാരിയോട് പോരടിക്കുമ്പോള്‍ ഇത്തരം ഇരട്ടത്താപ്പുകള്‍ തിരിച്ചടികള്‍ക്ക് കാരണമാകും.
ലോകത്ത് ഒരു പരിഷ്കൃത രാജ്യമായാണ് ബ്രിട്ടണ് അറിയപ്പെടുന്നതെങ്കിലും അതിനനുസൃതമായല്ല അവിടുത്തെ ഭരണകൂടം ആധുനിക കാലത്ത് പെരുമാറിയിട്ടുള്ളത്. ഒരുകാലത്ത് തങ്ങള്‍ അടക്കിഭരിച്ചിരുന്ന ജനതകളോട് കൊളോണിയല്‍ മനോഭാവത്തോടെയുള്ള വിവേചനങ്ങള്‍ കാണിക്കാന്‍ ഈ രാജ്യം മടിക്കാറില്ല. സാമ്രാജ്യത്വ ഭരണകാലത്ത് ചെയ്തുകൂട്ടിയിട്ടുള്ള കൊടുംക്രൂരതകള്‍ക്ക് മാപ്പുപറയണമെന്ന ആവശ്യങ്ങളോട് മുഖംതിരിച്ചു നില്ക്കുന്ന സമീപനമാണ് ബ്രിട്ടണ് സ്വീകരിക്കാറുള്ളത്. സ്വാതന്ത്ര്യസമരകാലത്ത് പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയില്‍ മാപ്പുപറയണമെന്ന ആവശ്യം നിരസിക്കുന്നത് ഇതിന് തെളിവാണ്. ലോകം ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന ഇക്കാലത്തും വര്‍ണവെറിയന്‍ വിവേചനങ്ങള്‍ പുറത്തെടുക്കാനുള്ള അവസരം- അതും ഒരു മഹാമാരിക്കാലത്ത്- ബ്രിട്ടണ് പാഴാക്കുന്നില്ല എന്നത് മാനവരാശിക്കു മുഴുവന്‍ മാനക്കേടുണ്ടാക്കുന്ന കാര്യമാണ്. മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെ അലങ്കോലപ്പെടുത്തുകയും, രാജ്യാന്തരതലത്തില്‍ അനാവശ്യമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ ബ്രിട്ടന്റെ തന്നെ താല്പര്യങ്ങള്ക്ക് എതിരായിത്തീരും. യൂറോപ്യന്‍ യൂണിയനില്‍തന്നെ പല കാര്യങ്ങളിലും ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോള്‍ ഭാരതത്തെപ്പോലെ ശക്തമായ ഒരു ജനാധിപത്യ രാജ്യത്തിന്റെ ശത്രുത ക്ഷണിച്ചുവരുത്തുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബാധ്യത ബ്രിട്ടനുണ്ട്.
കൊവിഷീല്‍ഡിനെ അംഗീകരിക്കാത്തതുവഴി ഇന്ത്യന്‍ പൗരന്മാരുടെ സന്ദര്‍ശനത്തെ ബാധിക്കുന്ന ബ്രിട്ടന്റെ നടപടിയെ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് ആ രാജ്യത്തെ അറിയിച്ചുകഴിഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ പ്രശ്നം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്കു മുന്നില്‍ ശക്തമായി ഉന്നയിക്കുകയും ചെയ്തു. രണ്ട് ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ ഇന്ത്യക്കാരെ വാക്സിനേഷന് എടുത്തവരായി കണക്കാക്കാനാവില്ലെന്ന ബ്രിട്ടന്റെ നയം അങ്ങേയറ്റം വിവേചനപരമാണെന്നും, ഇത് പിന്‍വലിച്ചില്ലെങ്കില്‍ സമാനമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പൗരന്മാര് വാക്സിനേഷന് പൂര്ത്തീകരിച്ചവരാണെങ്കിലും ക്വാറന്റൈനില്‍ പോകേണ്ടിവരും. കൊവിഷീല്‍ഡ് ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ്. എന്നിട്ടും ഇതിന്റെ പേരില്‍ വിവേചനമുണ്ടായാല്‍ ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ പ്രതികരിക്കേണ്ടിവരും. സ്വീഡന് ഉള്‍പ്പെടെയുള്ള ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരത്തെ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന്റെ ഫലമായി ആ രാജ്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്കാരെ വിലയ്ക്കുന്നില്ല. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ശക്തമായ നടപടി ഭയന്ന് ബ്രിട്ടണും അയഞ്ഞുതുടങ്ങിയതായാണ് പുതിയ വിവരം. ഇന്ത്യയുടെ വാക്സിനല്ല, വാക്സിനെടുത്തവരുടെ സര്‍ട്ടിഫിക്കറ്റാണ് പ്രശ്നമെന്നാണ് ഇപ്പോള്‍ ആ രാജ്യം പറയുന്നത്. ഇന്ത്യ പഴയ കോളനിയല്ല. ആരുടെയെങ്കിലും ദയാദാക്ഷിണ്യത്തിന് നിന്നുകൊടുക്കേണ്ട ആവശ്യവുമില്ല. ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: