തിരുവനന്തപുരം : ലീഡര്‍ കെ. കരുണാകരനെ വിറ്റ കാശാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ കീശയിലുള്ളതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. സുധാകരന്റെ ഏറ്റവും വലിയ വക്താവായി മാറിയിരിക്കുന്നത് അതേ കെ കരുണാകരന്റെ മകനായ കെ മുരളീധരനാണ്. അദ്ദേഹം സുധാകരന്റെ ഭക്തനായി മാറി സ്തുതി പാടുകയാണെന്നും റഹീം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കെപിസിസിയുടെ അധ്യക്ഷപദവിയിലിരിക്കുന്ന ആള്‍ കരുണാകരനെ വിറ്റ അഴിമതിക്കാരനാണ്. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 16 കോടിയാണ് കെ സുധാകരന്‍ പിരിച്ചത്. ആ പണത്തെ സംബന്ധിച്ച വിശദാംശങ്ങളോ കണക്കുകളോ സുധാകരന്‍ വിശദീകരിച്ചിട്ടില്ല. കരുണാകരനെ സ്നേഹിക്കുന്ന ആളുകള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
ഇത് കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ വര്‍ഗീയവാദിയെന്നും ശിഖണ്ഡിയെന്നും വിശേഷിപ്പിച്ച സുധാകരന്റെ പ്രസ്തവനയേയും റഹീം വിമര്‍ശിച്ചു. ജെണ്ടര്‍ പൊളിറ്റിക്സ് ഒരുപാട് വികസിച്ചതൊന്നും തിരിച്ചറിയാത്ത മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്‌കൃതനാണ് കെ. സുധാകരന്‍. അതാണ് സുധാകരന്റെ നിലവാരം. എ വിജയരാഘവന് കെ സുധാകരന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ടന്നും റഹീം പറഞ്ഞു.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നത് നല്ല കാര്യമാണ്. വിളിക്കണമെന്ന് തന്നെയാണ് ഡിവൈഎഫ്ഐയുടേയും അഭിപ്രായം. എന്നാല്‍ അത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. യോഗം വിളിക്കേണ്ട എന്ന നിലപാട് സര്‍ക്കാരിനുണ്ടെന്ന് കരുതുന്നില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
















