കോട്ടയം : പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വിവാദമാക്കുന്നത് ഗൗരവമുള്ള ആ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്ന് സിറോ മലബാര്‍ കാത്തലിക് ഫെഡറേഷന്. നാര്‍ക്കോട്ടിക് ജിഹാദ് പ്രശ്നങ്ങള്‍ ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് തത്പ്പര കക്ഷികള്‍ നടത്തുന്നത്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേത് കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമാണെന്നും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സീറോ മലബാര്‍ കാത്തലിക് ഫെഡറേഷന് അറിയിച്ചു.
കേരളത്തില്‍ പിടി മുറുക്കുന്ന ലഹരി ഉപയോഗവും തീവ്രവാദവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇവ രണ്ടും കേരളത്തില്‍ ഉണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതീവ ഗൗരവവും സത്വര നടപടി ആവശ്യകവുമായ ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിശ്വാസികളോട് ജാഗ്രത പുലര്‍ത്താന്‍ കല്ലറങ്ങാട്ട് പിതാവ് ആവശ്യപ്പെട്ടതിനെ വര്‍ഗീയവല്‍കരിക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെയാണെന്ന് കേരള സമൂഹം തിരിച്ചറിയണം.
തീവ്രവാദത്തിന് എതിരായ പ്രതികരണം ഒരു മതത്തിനോ സമുദായത്തിനോ എതിരല്ല. മറിച്ച് തീവ്രവാദ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെയാണ്. എപ്പോഴും തീവ്രവാദത്തിന്റെ പ്രധാന ഇര സ്വസമുദായം തന്നെയാണ്. അഫ്ഗാനിസ്ഥാനിലെ അനുഭവം തന്നെ ഉദാഹരണം. ചില കപട മതേതര വാദികളും അവസരവാദി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ക്രൈസ്തവ വിരോധം വച്ചുപുലര്‍ത്തുന്ന ചില മാധ്യമങ്ങളുമാണ് ബിഷപ്പ് മാപ്പ് പറയണം എന്ന് മുറവിളി കൂട്ടുന്നത്.
കല്ലറങ്ങാട്ടിന്റെ വാക്കുകളെ മുന്‍നിറുത്തി തട്ടിക്കൂട്ട് സമാധാന ചര്‍ച്ച നടത്തുകയല്ല വേണ്ടത്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളുമ്പോളാണ് നിലനില്‍ക്കുന്ന സമാധാനത്തിനു കളമൊരുങ്ങുന്നത്. പിതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയോ പ്രസ്താവന പിന്‍വലിപ്പിക്കുകയോ ചെയ്യാന്‍ ചില പ്രമുഖര്‍ കാണിക്കുന്ന ഉത്സാഹം യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനുള്ള പരോക്ഷമായ പിന്തുണയാണ്.
ആസന്നമായ അപകടം ചൂണ്ടിക്കാണിക്കുന്ന പിതാവിന്റെ വാക്കുകള്‍ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ അതിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ പഠിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളുവാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും തയ്യാറാവണമെന്നും കാത്തലിക് ഫെഡറേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: