തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ചര്ച്ചചെയ്യരുതെന്ന പാര്‍ട്ടി വിലക്കിന് പുല്ലുവില. ഇരിങ്ങാലക്കുട ഏരിയയിലെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിനിധികള്‍. ജില്ലയിലെ സീനിയര്‍ നേതാക്കളായ ബേബി ജോണ്‍, എ.സി.മൊയ്തീന്, കെ.രാധാകൃഷ്ണന് എന്നിവര്‍ക്കെതിരെയെല്ലാം രൂക്ഷമായ വിമര്‍ശനമാണ് താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
ബാങ്കിലെ തട്ടിപ്പുകള്‍ ചൂണ്ടിക്കാണിച്ചതിന് പാര്‍ട്ടി പുറത്താക്കിയ സുജീഷിന്റെ മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തില്‍ നേതൃത്വം നിര്‍ദ്ദേശിച്ചയാളെ സെക്രട്ടറിയാക്കാനായില്ല. ഒടുവില്‍ സുജീഷിനെ പിന്തുണച്ച് പാര്‍ട്ടിയില്‍ നിലപാടെടുത്തയാളെ ഒത്തുതീര്‍പ്പ് എന്ന നിലയില്‍ സെക്രട്ടറിയാക്കേണ്ടി വന്നു. തട്ടിപ്പിന് പിന്നില്‍ നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടെന്ന തരത്തിലാണ് വിമര്‍ശനമേറെയും. വര്‍ഷങ്ങളായി പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിന് മറുപടിയില്ലാതെ നേതൃത്വം കുഴങ്ങുകയാണ്.
പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പലരും ബാങ്കില്‍ നിക്ഷേപിച്ച പണം നഷ്ടമായവരാണ്. അതുകൊണ്ട് തന്നെ വിമര്‍ശനത്തിന് മൂര്‍ച്ചയേറെയാണ്. കരുവന്നൂര്‍ വിഷയവും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് തട്ടിപ്പ് കേസും പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് നേതൃത്വം രഹസ്യമായി നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ അണികള്‍ ഈ നിര്‍ദ്ദേശം തള്ളുകയായിരുന്നു. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ശേഷം ലോക്കല്‍- ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ വിമര്‍ശനവും ഏറ്റുമുട്ടലും കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: