അനന്തപൂര്‍ (ആന്ധ്ര): അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്… ഒരു നാടിനാകെ തണല്‍… തിമ്മമ്മ മാരിമാനു അഥവാ തിമ്മമ്മയുടെ ആല്‍മരം വിസ്മയമാണ്… ലോകത്തിലെ ഒറ്റമരമേലാപ്പാണ് തിമ്മമ്മ മാരിമാനു. 1989ല്‍ ഗിന്നസ് ബുക്കിലിടം തേടിയതു മുതല്‍ ലോകം തിമ്മമ്മയുടെ ആല്‍മരം തേടി എത്തുന്നു.
ഭര്‍ത്താവിന്റെ ചിതയില്‍ പ്രാണന് ഉപേക്ഷിക്കേണ്ടിവന്ന തിമ്മമ്മ എന്ന സാധാരണ വീട്ടമ്മയുടെ നിത്യജീവന്റെ പ്രതീകമാണ് ഈ പടുകൂറ്റന്‍ തണല്‍മരം. തിമ്മമ്മ എരിഞ്ഞുതീര്‍ന്ന ചിതയില്‍ കിളിര്‍ത്തതാണിത്. തിമ്മമ്മയുടെ ആത്മാവ് ഈ വൃക്ഷമായി പുനര്‍ജനിച്ചുവെന്നും നാടിനാകെ തണലായി വളര്‍ന്നുവെന്നും കഥകള്‍ പിറന്നു. തിമ്മമ്മ പിന്നെ നാടിന് ദേവിയായി. ഈ തണലില്‍ ക്ഷേത്രമുയര്‍ന്നു. കുഞ്ഞുങ്ങളില്ലാത്തവര്‍ തിമ്മമ്മയെ പ്രാര്‍ത്ഥിച്ചാല്‍ അതിന് ഫലമുണ്ടാകുമെന്ന് വിശ്വാസം വളര്‍ന്നു.
ജാതിയും മതവും ഉയര്‍ത്തിയ മതിലുകള്‍ മറികടന്ന് തിമ്മമ്മ മാരിമാനുവിന്റെ തണലിലേക്ക് ആശ്വാസം തേടി ആയിരങ്ങളെത്തി. മരം അവര്‍ക്ക് അമ്മയായി… ഓരോ ദിവസവും വളരുകയാണ് തിമ്മമ്മ… സ്നേഹത്തിന്റെ നൂറുകണക്കിന് കരങ്ങള്‍ വേരുകളാക്കി മണ്ണിലൂന്നി, ജീവിതത്തണല്‍ തേടുന്നവര്‍ക്ക് ആശ്രയമായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: