തൃശ്ശൂര്‍: ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള പട്ടണം ഉത്ഖനനത്തിന് പിന്നിലെ ദുരൂഹ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിലും സമാന രീതിയില്‍ തമിഴ്നാട്ടിലും ഉത്ഖനനത്തിന് നേതൃത്വം നല്കുന്ന ചിലര്‍ക്ക് നിരോധിത ഭീകര സംഘടന എല്‍ടിടിഇയുമായുള്ള ബന്ധം അന്വേഷിക്കണമെന്നാണ് ആവശ്യം. പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള ഉത്ഖനനം നിര്‍ത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണം.
ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തമിള്‍ മയ്യം എന്ന സംഘടനയുടെ പ്രസിഡന്റ് ഫാ. ഗാസ്പര്‍ രാജ് മരിയ പൗലിനുമായി ഡോ. ചെറിയാനും കൂട്ടര്‍ക്കുമുള്ള ബന്ധം ദുരൂഹമാണ്. എല്‍ടിടിഇയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് ഫാ. ഗാസ്പര്‍രാജും അദ്ദേഹത്തിന്റെ സംഘടനയുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംഘടനയിലെ മറ്റ് ചിലരും ഗവേഷണത്തിന്റെ ഭാഗമാണ്.
തമിഴ് വേറിടല്‍ വാദത്തിന് ചരിത്രപരമായി സാധുത നല്‍കാനുള്ള ശ്രമമാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ആരോപണം. ഇടതു ചരിത്രകാരന്മാരും ബുദ്ധിജീവികളും ഇതിന് കൂട്ടുനില്‍ക്കുകയാണ്. 2008ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്താണ് പട്ടണം ഉത്ഖനനത്തിന് ആരംഭം. പ്രാചീന തമിഴകത്തിന്റെ പ്രാഗ്-ചരിത്രം (പ്രീ ഹിസ്റ്റോറിക്) അന്വേഷിച്ചാണ് ഗവേഷണമെന്നാണ് കെസിഎച്ച്ആര്‍ അന്ന് കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിനെയും പൊതുസമൂഹത്തെയും ധരിപ്പിച്ചിരുന്നത്.
2016ല്‍ കെസിഎച്ച്ആറിന്റെ അനുമതി റദ്ദാക്കിയതിനെത്തുടര്‍ന്ന് ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള പാമയ്ക്ക് ലൈസന്‍സ് ലഭിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതിയംഗമായിരുന്ന ഇടതുപക്ഷ ചരിത്രകാരന് ഡോ. കെ. രാജന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും വ്യക്തമായിട്ടുണ്ട്. പഞ്ചാബിലെ സിഖ് വേറിടല്‍ വാദം പോലെ ദക്ഷിണേന്ത്യയില്‍ തമിഴ് വേറിടല്‍ വാദം വളര്‍ത്താന്‍ ആവശ്യമായ കൃത്രിമ ചരിത്രം നിര്‍മിച്ചെടുക്കുകയെന്ന ദൗത്യമാണ് ഡോ. ചെറിയാന്റെ നേതൃത്വത്തിലെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.
പട്ടണം ഉത്ഖനനം: ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധ ചരിത്രങ്ങള്‍
തൃശ്ശൂര്‍: പട്ടണം ഉത്ഖനനം സംബന്ധിച്ച ഡോ. ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധങ്ങളാണെന്ന് പുരാവസ്തു ശാസ്ത്രജ്ഞരടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2011ല്‍ തിരുവനന്തപുരത്ത് നടന്ന ആര്‍ക്കിയോളജി കോണ്‍ഫറന്‍സില്‍ ഡോ. ചെറിയാന് തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചുവെങ്കിലും രൂക്ഷവിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.
രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന മുസിരിസ് കൊടുങ്ങല്ലൂരല്ലെന്നും പറവൂരിനടുത്ത പട്ടണം എന്ന ചെറിയ സ്ഥലമാണെന്നുമായിരുന്നു ചെറിയാന്റെ വാദം. ബിസി ഒന്നാം നൂറ്റാണ്ടില്‍ തമിഴ് ചേര രാജാക്കന്മാര് പട്ടണം കേന്ദ്രമാക്കി ഭരണം നടത്തിയെന്നും പ്രാചീന റോമുമായി വ്യാപാര ബന്ധം പുലര്‍ത്തിയെന്നും സ്ഥാപിക്കാനാണ് ശ്രമം നടന്നത്. സെന്റ് തോമസിന്റെ വരവും ക്രിസ്തുമതത്തിന്റെ വ്യാപനവും സംബന്ധിച്ച നിഗമനങ്ങളും ചെറിയാന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു.
ഡോ. ചെറിയാന്റെയും ഫാ. ഗാസ്പര്‍ രാജിന്റെയും നേതൃത്വത്തില്‍ ഇതേ ലക്ഷ്യത്തോടെ തമിഴ്നാട്ടിലെ കീഴടി, ഉറൈയൂര്‍, കാവേരിപട്ടണം, അരിക്കമേട് എന്നിവിടങ്ങളിലും സമാനമായ ഗവേഷണം ആരംഭിക്കുകയും ഇത്തരം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
തെറ്റായ ചരിത്രമാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന് 2011-ല്‍ തന്നെ തമിഴ്നാട് ആര്‍ക്കിയോളജി വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. ആര്. നാഗസ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് എ. സുന്ദരയും ഇതേ അഭിപ്രായം രേഖപ്പെടുത്തി. ഡോ. ചെറിയാനുള്‍പ്പെടെ ഉത്ഖനനത്തിന് നേതൃത്വം നല്കിയവരാരും ആര്‍ക്കിയോളജിസ്റ്റുകളല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: