തിരുവനന്തപുരം :- കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ്സിന്റെ മകള്‍ ഇ എം രാധയെ ആദ്യമായി കണ്ടപ്പോള്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിഭവം. ഇത്രയും നാളായിട്ടും ഇ എം രാധ തന്നെ ഫോണില്‍പ്പോലും ഒന്നു വിളിച്ചില്ലല്ലോ എന്നായിരുന്നു വിഷമം. ഇനിയിപ്പോള്‍ രാധയെ അങ്ങോട്ട് വിളിക്കാം എന്നദ്ദേഹം പറഞ്ഞപ്പോള്‍ അച്ഛന്റെ സുഹൃത്തായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ ഇതുവരെ കാണാതിരുന്നതില്‍ ഇ എം രാധക്കും വിഷമമായി .
ഇ എം രാധ ട്രസ്റ്റിയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് കല സാമൂഹികക്ഷേമ രംഗത്തെ മികച്ച മാതൃകയാകുന്ന വനിതക്ക് ഏര്‍പ്പെടുത്തിയ പ്രഥമ മദര്‍ തെരേസ പുരസ്കാരം നടി സീമ ജി നായര്‍ക്ക് സമ്മാനിക്കുന്ന ചടങ്ങിനിടെ രാജ്ഭവനില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ചയും ഗവര്‍ണറുടെ ഊഷ്മളമായ സ്നേഹപ്രകടനവും.
സഹപ്രവര്‍ത്തക ശരണ്യയുടെ ജീവന് സംരക്ഷിച്ച് നിലനിര്‍ത്താന്‍ സ്വന്തം സമ്പാദൃം ചെലവിട്ട സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതക്കുള്ള പുരസ്കാരം സീമ ജി നായര്‍ക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. ‘കല’യുടെ രക്ഷാധികാരി അമേരിക്കന്‍ മലയാളി സുനില്‍ ജോസഫ് കൂഴാംപാല നല്കിയ അന്‍പതിനായിരം രൂപയുടെ ചെക്ക് സീമയ്ക്ക് കൈമാറി. കല ട്രസ്റ്റികളായ ലാലു ജോസഫ് , അഭിരാം കൃഷ്ണന്, സുഭാഷ് അഞ്ചല്‍, ബിജുപ്രവീണ്‍ എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: