മലപ്പുറം : എത് ക്യാമ്പസ്സിലാണ് തീവ്രവാദം വളര്‍ത്തുന്നത്. ക്യാമ്പസ്സില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്ന സിപിഎം റിപ്പോര്‍ട്ടിലും നാര്‍ക്കോട്ടിക്, ലൗ ജിഹാദ് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് അറിയേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍.
സംസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പുണ്ടെങ്കില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്നതിനായി മുസ്ലിം ലീഗും ഒപ്പം നില്ക്കും. തീവ്രവാദത്തെ എതിര്‍ക്കുന്നതിനും അത് ഇല്ലാതാക്കുന്നതിനുമായി പരിശ്രമിക്കുന്ന പ്രസ്ഥാനമാണ് ലീഗ്. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരാണ് നടത്തിയതെന്ന് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി നല്‍കണം.
സര്‍ക്കാരിന്റെ കൂടെ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിന് ഒപ്പമുണ്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരെന്നും കൂടി വെളിപ്പെടുത്തണം. അത് പറയാതെ ഒളിപ്പിച്ചുവെച്ചുകൊണ്ട് ചില കാര്യങ്ങള്‍ പറയുമ്പോള്‍ അത് സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. സമുദായങ്ങളെ ഒന്നിച്ചുനിര്‍ത്തേണ്ടവര്‍, അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന് എത്രമാത്രം ഗുണകരമാണെന്നത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ രണ്ടു തട്ടിലാക്കുകയാണെന്നും മുനീര്‍ ആരോപിച്ചു. ചിലയിടങ്ങളില്‍ 70 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുമ്പോള്‍ ചിലയിടത്ത് 90 ശതമാനത്തിലധികം നേടിയവര്‍ക്കും സീറ്റില്ലെന്ന സ്ഥിതിയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സ്ഥാപനങ്ങളില്‍ പോലും ബാച്ച് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ രീതി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ കണ്ണൂര്‍ തളിപ്പറമ്പില്‍ മുസ്ലിം ലീഗിലെ വിഭാഗീയത ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു സമാന്തര കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മുനീറിന്റെ മറുപടി. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് കണ്ണൂരില്‍ തന്നെ തീര്‍ക്കുമെന്നും ഹരിതയുമായി ബന്ധപ്പെട്ട് ആര്‍ക്കും ആശങ്ക ആവശ്യമില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: