ന്യൂദല്‍ഹി: ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഗിരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും 78 പേജുള്ള ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയത്.
നരേന്ദ്ര ഗിരിയുടെ അടുത്ത ശിഷ്യന് ആനന്ദ് ഗിരി, ബഡേ ഹനുമാന് മന്ദിര്‍ പുരോഹിതന് ആദ്യ തിവാരി, ഇയാളുടെ മകന് സന്ദീപ് തിവാരി എന്നിവരെ സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആത്മഹത്യക്കുറിപ്പില്‍ തനിക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കിയതായി ഗിരി ആരോപിച്ചവരാണ് ഈ മൂന്നു പേര്. ഇതില്‍ ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. ‘അദ്ദേഹം വളരെ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് ആത്മഹത്യ കുറിപ്പ് വായിച്ചപ്പോള്‍ മനസിലായത്. തന്റെ മരണത്തിന് ശേഷം ശിക്ഷ്യന്മാര് ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്’ – പ്രയാഗ് രാജിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് കെപി സിംഗ് പറഞ്ഞു. നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: