ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള മലയാള പത്രപാരമ്പര്യത്തില്‍ കേരളത്തിലെ ഹിന്ദുജനതയുടെ താല്‍പ്പര്യങ്ങളോടുള്ള പരോക്ഷമായ പരാങ്മുഖത എടുത്തുപറയേണ്ടതാണ്. ആദ്യകാല വൃത്താന്ത പത്രങ്ങളും, മറ്റു പത്രികകളും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഒരു മുന്നണി മുഖമായിട്ടാണല്ലൊ പുറത്തുവന്നത്. ഏറ്റവും പഴയ ദിനപത്രമായ ദീപികയുടെ തുടക്കം നസ്രാണി ദീപിക എന്നായിരുന്നു. പൊതുവായ വൃത്താന്തങ്ങള്‍ക്കും അതില്‍ സ്ഥാനം നല്‍കപ്പെടുന്നെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെയും കത്തോലിക്കാ സഭയുടെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കപ്പെട്ടിരിക്കുന്നതെന്നു കാണാം.
കത്തോലിക്കാ സഭയുടെ മുഖപത്രമെന്നപോലെ പുറത്തുവന്നുകൊണ്ടിരുന്ന ആ പത്രം പിന്നീട് അതിലെ ‘നസ്രാണി’യെ ഉപേക്ഷിച്ചു വെറും ദീപികയെന്ന പേരു സ്വീകരിച്ചു. കത്തോലിക്കാ പുരോഹിതര്‍ തന്നെ മര്‍മ്മസ്ഥാനം കയ്യാളുന്ന പത്രമാണത് എന്ന് എല്ലാവര്‍ക്കുമറിയാം. മലയാളഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള അക്രൈസ്തവരെ പത്രാധിപ സമിതിയില്‍ എടുക്കാറുണ്ടായിരുന്നു, ഇന്നും ഉണ്ടുതാനും എന്നാല്‍ ദീപികയുടെ നയങ്ങളും നിലപാടുകളും കത്തോലിക്കാ, അതും കര്‍മലീത്താ, വിഭാഗക്കാരെ ഉദ്ദേശിച്ചുള്ളതും ഇതരക്രൈസ്തവ വിഭാഗക്കാരുടെ താല്‍പ്പര്യങ്ങളെ അവഗണിക്കുന്നതുമായിരുന്നതിനാല്‍ ആ വിഭാഗക്കാരും സ്വന്തം പത്രങ്ങള്‍ തുടങ്ങി. മലയാള മനോരമയാണ് അതില്‍ ഏറ്റവും പ്രമുഖം.
പ്രശസ്തമായ കണ്ടത്തില്‍ കുടുംബത്തിന്റെ സ്വകാര്യസ്വത്തുപോലെയാണതെങ്കിലും, 19-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ആരംഭിക്കുന്ന കാലത്ത് സാഹിത്യരംഗത്ത് പ്രശസ്തരായിരുന്ന കൊട്ടാരത്തില്‍ ശങ്കുണ്ണി, തിരുവിതാംകൂര്‍ രാജകുടുംബവുമായ ഉറ്റബന്ധമുണ്ടായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തുടങ്ങിയവരെ സഹകരിപ്പിക്കാന്‍ സ്ഥാപകന്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയ്‌ക്കു കഴിഞ്ഞു. രാജകുടുംബത്തിന്റെ ആദര്‍ശവാക്യമായിരുന്ന ‘ധര്‍മോസ്മദ് കുലദൈവത’ മനോരമയുടെ ശീര്‍ഷസൂക്തമായി ഉപയോഗിക്കാനും വറുഗീസ് മാപ്പിള അനുമതി നേടി. അവരുടെ തന്ത്രങ്ങളുടെ ഹിന്ദുവിരുദ്ധ ഉള്ളടക്കത്തെ ശരിക്കും മനസ്സിലാക്കിയ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ ശക്തമായ നടപടികളെടുക്കുകയും പത്രം അടച്ചുപൂട്ടുകയും ചെയ്തു. 12 വര്‍ഷത്തിനുശേഷം സ്വതന്ത്രഭാരതത്തിലാണ് മലയാള മനോരമ പുനഃപ്രസിദ്ധീകരണമാരംഭിച്ചത്. ഇന്ന് ഒരുപക്ഷേ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ പത്രശൃംഖല മലയാള മനോരമയുടെതായിരിക്കും.
വിവിധ ക്രൈസ്തവ സഭകളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവന്ന പൗരധ്വനി, കേരള ഭൂഷണം, കേരളധ്വനി, പൗരപ്രഭ, കേരള ടൈംസ് തുടങ്ങിയ പത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയ്‌ക്ക് കാര്യമായ പ്രചാരം നേടാന്‍ കഴിഞ്ഞില്ല.
മുസ്ലിം താല്‍പ്പര്യങ്ങള്‍ക്കായി തങ്ങള്‍ കുഞ്ഞുമുസലിയാരുടെ ഉത്സാഹത്തില്‍ കൊല്ലത്തുനിന്നു പ്രഭാതം എന്നൊരു പത്രമുണ്ടായിരുന്നു. പിന്നീട് കോഴിക്കോട്ടുനിന്നും ചന്ദ്രികയും പുറത്തുവന്നു. പ്രഭാതം കൊച്ചിയില്‍നിന്നു പുറത്തുവന്നുകൊണ്ടിരുന്ന ഡോണ്‍ പത്രത്തിന്റെ ഛായയിലാണ് നടന്നുവന്നതെങ്കിലും തിരുവിതാംകൂര്‍ രാജകുടുംബത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. രാജ്യവിഭജനത്തെത്തുടര്‍ന്നുണ്ടായ അന്തരീക്ഷത്തില്‍ ആ പത്രം പ്രസിദ്ധീകരണം നിര്‍ത്തുകയായിരുന്നു.
ഇവയുടെയൊക്കെ ഇടയില്‍ ഹൈന്ദവ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പത്രങ്ങളുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ കേരള കൗമുദിയും മലയാളിയും കൊല്ലത്തെ മലയാളരാജ്യവും കോട്ടയത്തെ ദേശബന്ധുവും അക്കൂട്ടത്തില്‍പ്പെടുന്നു. ദേശബന്ധു സ്വാതന്ത്ര്യത്തിനുശേഷമാണ് പുറത്തിറങ്ങിയത്. മറ്റു മൂന്നുപത്രങ്ങളും അതിനു വളരെ മുന്‍പുതന്നെ പ്രസിദ്ധീകരണം തുടങ്ങി. ഹിന്ദുസമാജത്തിന്റെ പൊതുവായ താല്‍പ്പര്യങ്ങള്‍ അവ ഉയര്‍ത്തിപ്പിടിച്ചിരുന്നുവെങ്കിലും അവയ്‌ക്ക് സാമുദായിക ചായ്‌വ് ഏറെയുണ്ടായിരുന്നു. കേരള കൗമുദി ഈഴവ താല്‍പ്പര്യങ്ങള്‍ക്കും, മലയാളിയും, മലയാളരാജ്യവും, ദേശബന്ധുവും നായര്‍ താല്‍പ്പര്യങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കിവന്നത്. വൈക്കം ഗുരുവായൂര്‍ സത്യഗ്രഹക്കാലത്തും, പിന്നീട് 1949-50 ലെ ഹിന്ദുമഹാമണ്ഡലക്കാലത്തും ഈ പത്രങ്ങളെല്ലാം സാമുദായിക ചിന്തയ്‌ക്കതീതമായി ഹൈന്ദവ ഏകതയ്‌ക്കുവേണ്ടി നിലകൊണ്ടുവെന്നത് ശ്രദ്ധേയമാണ്.
മതപക്ഷപാതം മറനീങ്ങുന്നു
തിരുവിതാംകൂറിലും കൊച്ചിയിലും രാജവാഴ്ചകളും, മലബാറില്‍ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണവുമായിരുന്നല്ലൊ 1947 ന് മുന്‍പു നിലനിന്നത്. രാജഭരണത്തിനു പകരം, ജനങ്ങളോടുത്തരവാദിത്തമുള്ള ഭരണരീതി സ്ഥാപിക്കാനുള്ള ബഹുജനപ്രക്ഷോഭമാണ് നടന്നത്. തിരുവിതാംകൂറില്‍ അത് സര്‍ സിപിയുടെ പ്രത്യേക ലക്ഷ്യത്തിനിരകളായ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ സമരമായിരുന്നുവെന്നതാണ് പരമാര്‍ത്ഥം. നേതൃസ്ഥാനത്തേക്കവര്‍ ഏതാനും പ്രമുഖ ഹിന്ദുനേതാക്കളെ ഇറക്കിവിടുന്നതില്‍ വിജയിച്ചുവെന്നുമാത്രം. പട്ടംതാണുപിള്ള, മന്നത്ത പത്മനാഭന്‍, സി.കേശവന്‍ തുടങ്ങിയ ആ നേതാക്കളെ, ഉത്തരവാദഭരണം കിട്ടി മാസങ്ങള്‍ക്കകം അവര്‍ പുറത്തുചാടിക്കുകയും ചെയ്തു. അതിനകംതന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചുകഴിഞ്ഞിരുന്ന തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ക്രിസ്ത്യന്‍ നേതൃത്വം പിടിച്ചടക്കിക്കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലമാണ് ഹിന്ദു മഹാമണ്ഡല രൂപീകരണത്തിനു കളമൊരുങ്ങിയത്. ഏതാണ്ടതേകാലത്തുനടന്ന ശബരിമല ക്ഷേത്രം തീവെച്ചു നശിപ്പിച്ചതും ഹൈന്ദവരോഷം ജ്വലിച്ചുയരാന്‍ കാരണമായി. അക്കാലത്തെ പത്രങ്ങള്‍ പരിശോധിച്ചാല്‍ ക്രിസ്ത്യന്‍ ഉടമയിലെ ദീപിക, പൗരധ്വനി, കേരളഭൂഷണം മുതലായ പത്രങ്ങളുടെയും ദേശബന്ധു, മലയാളരാജ്യം, കേരള കൗമുദി എന്നിവയുടെയും സമീപനങ്ങളിലെ വ്യത്യാസം കാണാം. (അന്നു മനോരമ നിരോധനത്തില്‍നിന്നു വിമുക്തമായിട്ടില്ല.)
ഹിന്ദുമഹാമണ്ഡല രൂപീകരണക്കാലത്ത് ചിത്രമെഴുത്തു കെ.എം.വറുഗീസിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ചിത്രോദയം വാരിക, മന്നത്തിനെയും ആര്‍.ശങ്കറിനെയും ഹിന്ദുമഹാമണ്ഡലത്തെയും ഹിന്ദുക്ഷേത്രങ്ങളെയും അതിനിശിതവും അശ്ലീലവുമായ ഭാഷയില്‍ അധിക്ഷേപിച്ചു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നു. അതില്‍ സഹികെട്ട ചില ഹിന്ദു യുവാക്കള്‍ മൂവാറ്റുപുഴനിന്നും നേതാജി എന്ന വാരിക അതേ നാണയത്തില്‍ മറുപടി നല്‍കിക്കൊണ്ട് പ്രസിദ്ധീകരിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ നിര്‍ദ്ദേശപ്രകാരം അവ നിരോധിക്കപ്പെട്ടു. 1969 ല്‍ അങ്ങാടിപ്പുറം തളിക്ഷേത്ര പുനരുദ്ധാരണ സമരം നടത്തിയ സര്‍വോദയ നേതാവ് കെ.കേളപ്പജിക്കെതിരെ ‘മാപ്പിളനാട്’ പത്രം നടത്തിയ അശ്ലീലപ്രചാരണം മാത്രമേ ആ പത്രങ്ങളോട് കിടപിടിക്കുന്നതായി കണ്ടിട്ടുള്ളൂ.
ഹിന്ദുമഹാമണ്ഡലത്തിന്റെ നിര്‍ഭാഗ്യകരമായ തകര്‍ച്ചയെ തുടര്‍ന്ന് ഹൈന്ദവ ഏകീകരണ പ്രതീക്ഷയുമായി ഉണര്‍വുനേടിയ യുവജനങ്ങള്‍ അനുഭവിച്ച നിരാശയും വിശ്വാസത്തകര്‍ച്ചയും ശരിക്കും മുതലെടുത്തത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. മഹാമണ്ഡലത്തിന്റെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അക്കാലത്തു ഇടതുപക്ഷത്തേക്ക് ചേക്കേറി. ഹൈന്ദവൈക്യത്തിന്റെ വക്താക്കളായിരുന്ന പത്രങ്ങള്‍ വീണ്ടും സാമുദായിക താല്‍പ്പര്യങ്ങളിലേക്ക് തിരിച്ചുപോയി. ശബരിമല തീവെപ്പന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കേശവമേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുപോലും പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അസംതൃപ്ത ഹിന്ദു ഭക്തജനങ്ങള്‍ക്കു ഹൃദയവേദന സമ്മാനിച്ചുകൊണ്ട് ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഫയലുകള്‍ക്കിടയില്‍ വിശ്രമിച്ചു.
1957 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഹൈന്ദവമനസ്സിനെ അസംതൃപ്തമാക്കിയ ആ പൂഴ്‌ത്തിവെപ്പിനെ മുതലെടുത്തുകൊണ്ട്, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ശബരിമല റിപ്പോര്‍ട്ടു പ്രസിദ്ധം ചെയ്യുമെന്നായിരുന്നു. റിപ്പോര്‍ട്ടില്‍ പാതകം ചെയ്തതാരെന്നു വ്യക്തമായി തെളിയിക്കാന്‍ കമ്മീഷനു കഴിഞ്ഞിരുന്നില്ലെങ്കിലും തീവെപ്പു നടന്ന സമയത്ത് (ഏതാണ്ട് ഒരുമാസക്കാലത്തിനകം) ആ വനമേഖലയില്‍ നായാട്ടു നടത്തിയ ഏതാനും ക്രൈസ്തവ പ്രമാണിമാരെപ്പറ്റി പ്രസ്താവമുണ്ട് എന്നുമാത്രം. ധര്‍മശാസ്ത വിഗ്രഹം അടിച്ചുടക്കപ്പെടുകയും; ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന അഭിഷേക നെയ്യ് തീവെപ്പിനുപയോഗിക്കപ്പെടുകയും ഏതാനും ആയുധങ്ങള്‍ സ്ഥലത്തുനിന്ന് ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ പാതകത്തിനുശേഷം പെയ്ത പെരുമഴ സന്നിധാനത്തെ ആള്‍പെരുമാറ്റം സംബന്ധിച്ച സകല ചിഹ്നങ്ങളെയും ഒലിപ്പിച്ചുകളഞ്ഞതിനാലാണ് പാതകികളെ തിരിച്ചറിയാന്‍ കഴിയാത്തത് എന്ന് കേശവമേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തമസ്‌കരണം അന്നും
തിരുവിതാംകൂറിലെ സ്ഥിതി ഇങ്ങനെ ആയിരുന്നെങ്കില്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ പൊതുപ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടവയായിരുന്നു. പത്രങ്ങളില്‍ മുഖ്യം മാതൃഭൂമി തന്നെ. കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ഹരിജന, അയിത്തോച്ചാടന പ്രസ്ഥാനങ്ങള്‍ മിക്കവാറും ഹൈന്ദവ സമൂഹത്തിന്റെ ഉണര്‍വിന് സഹായകമായി. പത്രങ്ങള്‍ അതിനെ സഹായിക്കുകയും ചെയ്തു. നാല്‍പ്പതുകളുടെ അവസാനകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്കും മുസ്ലിംലീഗിനും പത്രങ്ങളുണ്ടായി. അവയുടെ താല്‍പ്പര്യങ്ങള്‍ സ്വാഭാവികമായും കടുത്തതോതില്‍ ഹിന്ദുവിരുദ്ധമായിരുന്നു.
അക്കാലത്ത് ഹിന്ദുസമാജയം നേരിട്ട പ്രമുഖമായ വിപത്ത് ക്ഷേത്രങ്ങളുടെ ദുരവസ്ഥയാണ്. അയിത്തത്തിനെതിരായ സമരങ്ങളും; ഭാരതഭരണഘടന നടപ്പിലായതിനോടൊപ്പം ക്ഷേത്രങ്ങള്‍ എല്ലാ വിഭാഗങ്ങളിലും പെട്ട ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കേണ്ടിവന്നതും ഊരാളന്മാരായ ജന്മിമാര്‍ക്കും; നാടുവാഴികള്‍ക്കും ക്ഷേത്രങ്ങളിലുള്ള താല്‍പ്പര്യം കുറഞ്ഞുവരാന്‍ വഴിവെച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരം ആ വിഭാഗത്തില്‍ ശക്തമായിത്തീര്‍ന്നപ്പോള്‍, അതു കൂടുതല്‍ വഷളായി. ഇ.എം.എസ്.നമ്പൂതിരിപ്പാടിനെപ്പോലുള്ള പ്രമുഖ ബ്രാഹ്മണ കുടുംബാംഗങ്ങള്‍ തന്നെ ക്ഷേത്ര സംരക്ഷണത്തിനെതിരായ നിലപാടുകളെടുത്തു. പരമ്പരാഗതമായ വൈദിക, താന്ത്രിക, പൂജാക്രമങ്ങള്‍ പരിപാലിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവര്‍ വിമുഖരായി. അങ്ങനെ ക്രമേണ ക്ഷേത്രങ്ങളെ കേന്ദ്രമാക്കിയ സജീവമായ ഹൈന്ദവ ജീവിതം ദുര്‍ബലമായി വന്നു. ഈ കാലഘട്ടത്തില്‍ ഹൈന്ദവസമാജത്തിന്റെ മാര്‍ഗദര്‍ശനത്തിനും പിന്തുണയ്‌ക്കും ശക്തമായ മാധ്യമങ്ങള്‍ ഉണ്ടായില്ല എന്നത് നിര്‍ഭാഗ്യകരമായി.
അതേസമയം കേരളത്തിലുടനീളം ശ്രീനാരായണഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചുവന്നു. അപൂര്‍വം ചില ക്ഷേത്രങ്ങളൊഴികെ അവയ്‌ക്കു പൊതുവെ മുഴുവന്‍ ഹിന്ദുക്കളുടെയും ആരാധനാലയം എന്ന സ്ഥാനം ലഭിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, കമ്മ്യൂണിസ്റ്റ് സ്വാധീനം ഏറ്റവും ശക്തമായിത്തീര്‍ന്ന ഈഴവസമുദായത്തിലും ഒരു പ്രതിസന്ധി ഉടലെടുത്തു രൂക്ഷമായിവന്നുകൊണ്ടിരുന്നു. തങ്ങള്‍ ഹിന്ദുക്കളല്ല ശ്രീനാരായണീയര്‍ മാത്രമാണ് എന്ന പ്രചാരണം ഒരവസരത്തില്‍ രൂക്ഷമായി. അതിനുപുറമെ നിരീശ്വരതയും ശക്തി പ്രാപിച്ചു. ക്രമേണ അത് ആ സമുദായത്തിന്റെ ഹൈന്ദവത്തനിമയെയും ബാധിച്ചുതുടങ്ങി. വിവിധ ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘങ്ങളുടെ ശക്തമായ പ്രചാരണം ആ വിഭാഗത്തിന്റെ വിശ്വാസത്തെ ഇളക്കിക്കളഞ്ഞു. പല വീടുകളും ഗുരുദേവന്റെ ചിത്രങ്ങള്‍ എടുത്തുമാറ്റി ക്രിസ്തുവിന്റെ ചിത്രങ്ങള്‍ വെക്കാനും യുവതീയുവാക്കള്‍ പരസ്യമായ മതപ്രചാരണത്തിലേര്‍പ്പെടാനും തുടങ്ങി. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ പല ശാഖായോഗങ്ങളുടെയും മന്ദിരങ്ങള്‍ ക്രൈസ്തവപ്രാര്‍ത്ഥനാവേദികളായി മാറി. യോഗനേതൃത്വം അതിവേഗം ഈ വിപത്ത് ബോധ്യപ്പെട്ട് സുചിന്തിതമായി നിരവധി പരിപാടികളും ശിക്ഷണബോധനങ്ങളും വഴി സ്ഥിതി ഒരളവുവരെ പരിഹരിച്ചുവെന്നുപറയാം.
ഹിന്ദുമഹാമണ്ഡലക്കാലത്ത് ഒരു അളവുവരെ ഹൈന്ദവതാല്‍പ്പര്യങ്ങളും മൂല്യങ്ങളും മുറുകെപ്പിടിച്ച മാധ്യമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, തുടര്‍ന്നുവന്ന ദശകത്തില്‍ അതു തീരെ അപ്രത്യക്ഷമായി. അതിന്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണം 1958 ല്‍ ഗുരുവായൂരിനടുത്ത് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തിവന്ന 11 ദേശങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകാര്‍ നേരിടേണ്ടിവന്ന തടസ്സങ്ങളും അതിനെ വിജയകരമായി നേരിട്ട് നേടിയ വിജയവുമായിരുന്നു. ക്ഷേത്രത്തിലേക്കുള്ള പൊതുനിരത്തിനു സമീപത്തെ മസ്ജിദിനുമുന്നിലൂടെ വാദ്യഘോഷങ്ങളോടെ എഴുന്നള്ളിപ്പ് നടത്തുന്നതിന് സ്ഥലത്തെ മുസ്ലിം വിഭാഗത്തിലെ ചില തടയുമെന്നു ഭീഷണി മുഴക്കിയതായിരുന്നു പ്രശ്‌നം. അന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തികച്ചും ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിച്ചുകൊണ്ട് ആ വഴിയിലൂടെ വാദ്യഘോഷ സമന്വിണിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ഭരണവും അക്രമരാഷ്‌ട്രീയവും തിരിച്ചുവരുന്നതിനനുവദിക്കണമോ എന്നതാണ് തെരഞ്ഞെടുപ്പിലെ മുഖ്യ പ്രശ്‌നമെന്നു പ്രചരിപ്പിക്കുന്നതില്‍ മാതൃഭൂമിപോലുള്ള പത്രങ്ങള്‍ ശക്തമായ നിലപാടെടുത്തു. അതിനെ നേരിടുന്നതിന് ജനസംഘത്തിന്റെ ഭാഗത്തുനില്‍ക്കാന്‍ ഒരു മാധ്യമവുമുണ്ടായില്ല എന്നുമാത്രമല്ല പോളിങ് ദിവസത്തെ മാതൃഭൂമി ജനസംഘം വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എന്ന ബാനര്‍ ഹെഡിങ്ങുമായി പുറത്തിറങ്ങി, ഭരതന്റെ പ്രവര്‍ത്തകരെയും മണത്തല സമരത്തിനിറങ്ങിത്തിരിച്ച ആയിരക്കണക്കിന് ആളുകളെയും ഞെട്ടിച്ചുകളഞ്ഞു. നിര്‍ണായക നിമിഷത്തില്‍ ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്കു കുതികാല്‍ വെട്ടുന്ന ഇത്തരം ചെയ്തികള്‍ ചരിത്രത്തില്‍ ഒട്ടേറെ അനുഭവിക്കാന്‍ ഇടവന്നിരുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം അവസരവാദനയവും, മതേതരകാപട്യവും ഇല്ലാത്ത മാധ്യമത്തിന്റെ ആവശ്യകത അനുദിനം കേരളം അനുഭവിച്ചുപോന്നു. താനൂര്‍ കടപ്പുറത്തുനിന്നും 1966 ല്‍ ഹിന്ദു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നപ്പോള്‍, അവര്‍ക്ക് പിന്തുണ നല്‍കാന്‍ ഒരു പത്രവും തയ്യാറായില്ലെന്നതും, 1971 ലെ തലശ്ശേരിക്കലാപകാലത്ത്, അതിന്റെ പഴി മുഴുവന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ ചുമത്താന്‍ മാര്‍ക്‌സിസ്റ്റ്, മതേതര, മുസ്ലിം മാധ്യമങ്ങള്‍ ശ്രമിച്ചതും ഓര്‍ക്കേണ്ടതുണ്ട്. കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ ആ തട്ടിപ്പിന്റെ മുഖാവരണം വലിച്ചുചീന്തിയെന്നത് ശ്രദ്ധേയമാണ്.
മുസ്ലിം ഭൂരിപക്ഷ താലൂക്കുകള്‍ ചേര്‍ത്തു മലപ്പുറം ജില്ല രൂപീകരിക്കാനുള്ള മുസ്ലിംലീഗ് ഭാഗഭാക്കായ ഇടതുപക്ഷ സപ്തമുന്നണി സര്‍ക്കാരിന്റെ തീരുമാനത്തോടും, നൂറ്റാണ്ടുകളായി തകര്‍ന്ന അവസ്ഥയില്‍ കിടന്ന അങ്ങാടിപ്പുറത്തെ തളിക്ഷേത്ര പുനരുദ്ധാരണത്തിന് കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന സംരംഭത്തോടും മാധ്യമങ്ങളും മതേതരമുഖംമൂടി ധരിച്ച രാഷ്‌ട്രീയ കക്ഷികളും അനുവര്‍ത്തിച്ച സമീപനവും വിചിത്രമായിരുന്നു. ഇഎംഎസ് സര്‍ക്കാര്‍ ക്ഷേത്രസ്ഥലം അടച്ചുകെട്ടി പുരാവസ്തുവായി പ്രഖ്യാപിച്ചപ്പോള്‍ കേളപ്പജിയെ അറസ്റ്റ് ചെയ്യാനും അവഹേളിക്കാനുമാണ് ഒരുങ്ങിയത്. തളി സമരം കേരളത്തിലുടനീളം ക്ഷേത്രപുനരുദ്ധാരണത്തിനും ഹൈന്ദവജീവിതമൂല്യങ്ങളുടെ ഉദ്ദീപനത്തിനുമുള്ള അവസരമായിത്തീര്‍ന്നു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന സ്വര്‍ഗീയ മാധവജിയുടെ തീവ്രപരിശ്രമത്തില്‍ കേരളത്തിലുടനീളം ഹൈന്ദവ, ധാര്‍മിക നവോത്ഥാനം ഉയിര്‍ക്കൊണ്ടുവന്നു.
ഈ സമയത്തെ പരിശ്രമങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ ഫലപ്രദമായ മാധ്യമശക്തി ഉയര്‍ന്നിരുന്നില്ല. കോഴിക്കോട്ടു നിന്ന് 1952 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന കേസരി വാരിക മാത്രമാണ് പരിമിതമായ തോതിലാണെങ്കിലും ആ പങ്കു നിര്‍വഹിച്ചത്. മറ്റു മാധ്യമങ്ങളാകട്ടെ മതേതരത്വത്തിന്റെ പേരിലും, ന്യൂനപക്ഷങ്ങളുടെ അപ്രീതിയെ ഭയന്നും ഹൈന്ദവ, ദേശീയതാല്‍പ്പര്യങ്ങളോടുള്ള അവഗണനയും, അവഹേളനവും തുടര്‍ന്നുകൊണ്ടേവന്നു.
ജന്മഭൂമി ജനിക്കുന്നു
1970 കളില്‍തന്നെ ഈ അവസ്ഥയ്‌ക്കൊരു പരിഹാരമെന്ന നിലയില്‍ ഒരു മലയാള മാധ്യമം ആരംഭിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. എറണാകുളത്തുനിന്ന് രാഷ്‌ട്രവാര്‍ത്ത എന്ന സായാഹ്ന ദിനപത്രം കെ.ജി.വാധ്യാരുടെ ഉത്സാഹത്തില്‍ ആരംഭിച്ചു. ബിജെപിയുടെ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായി എറണാകുളം വിദ്യാഭവനില്‍ പഠിക്കവേ രാഷ്‌ട്രവാര്‍ത്തയുടെ പത്രാപത്യപ്രവര്‍ത്തനവും നോക്കിയിരുന്നു. കോഴിക്കോട്ടുനിന്ന് സായാഹ്ന പത്രമായി ജന്മഭൂമിയും ആരംഭിച്ചു. പക്ഷേ അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ആ സംരംഭങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നു.
അടിയന്തരാവസ്ഥയ്‌ക്കുശേഷം രാഷ്‌ട്രവാര്‍ത്ത വേണ്ടെന്നുവെക്കുകയും എറണാകുളത്ത് ജന്മഭൂമി പ്രഭാത ദിനപത്രമായി പ്രസിദ്ധീകരണമാരംഭിക്കുകയുമാണുണ്ടായത്. ആധുനിക അനുസാരികളോ പരിചയസമ്പന്നരായ പത്രപ്രവര്‍ത്തകരോ മാനേജുമെന്റ് വിദഗ്‌ദ്ധരോ ഇല്ലാതെയാണ് ജന്മഭൂമി ആരംഭിച്ചതെങ്കിലും ദേശീയ, ഹൈന്ദവതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൊണ്ടു ശ്രദ്ധേയമാണ് അതിന്റെ നാലുപതിറ്റാണ്ടുകാലത്തെ സപര്യ. ഹിന്ദുസമാജസംബന്ധമായി ഏതു മേഖലയില്‍ നടക്കുന്ന സംഭവത്തെയും ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് ജനങ്ങള്‍ക്ക് വിവരവും മുന്നറിയിപ്പും മാര്‍ഗദര്‍ശനവും നല്‍കുന്നതില്‍ ജന്മഭൂമി ഒരിക്കലും ജാഗ്രത കൈവിട്ടിട്ടില്ല. ആദ്യകാലത്ത് അടിയന്തരാവസ്ഥക്കെതിരായി സംഘര്‍ഷം നയിച്ച ലോകസംഘര്‍ഷ സമിതിയുടെ കേരളാധ്യക്ഷനായിരുന്ന സര്‍വോദയ നേതാവ് പ്രൊഫ.എം.പി.മന്മഥന്‍ തന്നെ മുഖ്യപത്രാധിപത്യം ഏറ്റെടുത്ത് പത്രത്തെ നയിച്ചു.
ഗുരുവായൂര്‍ ഊട്ടുപുര എല്ലാ ഹിന്ദുക്കള്‍ക്കും അഭിഗമ്യമാക്കാന്‍ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ നടന്ന പ്രസ്ഥാനം, ശബരിമല സന്നിധാനത്തെ നിലയ്‌ക്കല്‍ ക്ഷേത്രം തകര്‍ത്തു കുരിശുസ്ഥാപിച്ച ക്രിസ്ത്യന്‍ അതിക്രമത്തിനെതിരായ സമരം, ഗുരുവായൂര്‍ ക്ഷേത്രഭരണ സമിതിയിലേക്കു മാര്‍ഗവാസി ക്രിസ്ത്യാനിയെ നിയമിച്ച സര്‍ക്കാര്‍ നടപടിയെ തുറന്നുകാട്ടല്‍, ശിവഗിരി മഠത്തില്‍ പ്രകാശാനന്ദ സ്വാമിയെ പുറത്താക്കി മദനിയുടെ സഹായത്തോടെ അധികാരം ഉറപ്പിക്കാന്‍ ചിലര്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ നടത്തിയ സമരം, അതുമായി ബന്ധപ്പെട്ടുണ്ടായ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി വരെ പോയി വിജയിച്ചത്, വനവാസി സമൂഹത്തിന്മേല്‍ വിവിധ താല്‍പ്പര്യക്കാര്‍ നടത്തിവന്ന നിരവധി തരം അത്യാചാരങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, ഇസ്ലാമിക മൗലികവാദത്തിന്റെ ബഹുമുഖമായ ആക്രമണങ്ങളുടെ തനിസ്വരൂപങ്ങളെ തേടിപ്പിടിച്ച് ജനങ്ങള്‍ക്കു വിവരവും മുന്നറിയിപ്പും നല്‍കുന്നതില്‍ കാട്ടിയ ജാഗ്രത തുടങ്ങി ന്യൂനപക്ഷ സംഭീതി ബാധിച്ച മതേതര മുഖംമൂടിയണിഞ്ഞ മാധ്യമങ്ങള്‍ അറച്ചുനിന്ന മേഖലകളിലെല്ലാം ജന്മഭൂമി ഭാവാത്മകമായി പ്രതികരിച്ചിട്ടുണ്ട്. സ്വപ്രയത്‌നത്തില്‍നിന്ന് നേടിയ അനുഭവസമ്പത്തുമായി പ്രാഗത്ഭ്യം നേടിയ പത്രപ്രവര്‍ത്തകരുടെ ഒരു ദേവ ദുര്‍ലഭ സമൂഹവും ഇന്നു ജന്മഭൂമിയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഹൈന്ദവതാല്‍പ്പര്യങ്ങള്‍ക്ക് കേരളത്തിനകത്തോ പുറത്തോ എവിടെ ഭീഷണിയുയര്‍ന്നാലും പ്രത്യാശയോടെ ഉറ്റുനോക്കപ്പെടുന്നത് ജന്മഭൂമിയാണ്. ഒന്‍പത് എഡിഷനുകളായി മുഴുവന്‍ കേരളത്തിലെയും ഓണ്‍ലൈന്‍ പതിപ്പിലൂടെ ആഗോളതലത്തിലും ഹൈന്ദവസമൂഹത്തിന് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ പ്രാപ്തമായ ഒരു മാധ്യമം മലയാളത്തിലുണ്ട് എന്നഭിമാനിക്കാന്‍ സാധിക്കുമെന്നു തീര്‍ച്ചയാണ്.
അതിന്റെ പ്രത്യക്ഷ ഫലവും മറ്റു മാധ്യമങ്ങളില്‍ കാണാനുണ്ട്. ഹൈന്ദവ താല്‍പ്പര്യങ്ങളെ പാടെ അവഗണിക്കുന്നതും അവഹേളിക്കുന്നതും തങ്ങള്‍ക്കും ശ്രേയസ്‌കരമല്ലെന്ന സമീപനത്തിലേക്ക് അവരും അല്‍പ്പമായെങ്കിലും വന്നതായി കാണാം. സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലും അതിന്റെ പ്രഭാവം കാണാന്‍ തുടങ്ങിയിട്ടുണ്ട്.
(കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജന്മഭൂമി എഡിറ്ററുമായിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: