ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രിക്ക് ആശുപത്രിയില്‍ മര്‍ദ്ദനം. സംഭവമറിഞ്ഞ് വിഷമിച്ച പ്രധാനമന്ത്രിയോട് സാരമില്ലെന്നും ചില കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താന്‍ സാധരണവേഷത്തില്‍ ആശുപത്രിയില്‍ എത്തിയതെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ രീതി ആരോഗ്യമേഖലയെ ആകെ ജാഗരൂകരമാക്കുന്നു.
സാധാരണ രോഗിയുടെ വേഷത്തിലെത്തി സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദല്‍ഹിയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മാണ്ഡവ്യക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെ ബെഞ്ചില്‍ ഇരുന്നു എന്നതായിരുന്നു കുറ്റം. വയസ്സായ രോഗികളെ സഹായിക്കാത്ത സുരക്ഷാ ജീവനക്കാര്‍, മകനുവേണ്ടി സ്ട്രെച്ചര്‍ ചോദിച്ചിട്ടും നല്‍കാത്ത ജീവനക്കാര്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കേന്ദ്രമന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കിയത്.
ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യുക എന്നതിലപ്പുറം ആശുപത്രിയിലെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിന് പ്രാധാന്യം നല്കിയ ആരോഗ്യമന്ത്രി മുഴുവന്‍ സ്ഥിതിഗതികളും മനസ്സിലാക്കിയ ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. ആഗസ്ത് 29ന് നടന്ന സംഭവം സഫ്ദര്‍ജംഗ് ആശുപത്രിയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവേ ഇന്നലെ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയപ്പോഴാണ് എല്ലാവരും അറിഞ്ഞത്.
മര്‍ദ്ദനമേറ്റ കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചോ എന്നായിരുന്നു ചോദ്യം. ആശുപത്രിയിലെ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് എന്തു കാര്യം എന്ന് പ്രധാനമന്ത്രിക്ക് മറുപടി നല്കി. വ്യവസ്ഥിതിയില്‍ മാറ്റം വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍ പോലും വയസ്സായ സ്ത്രീയെ സഹായിക്കാന്‍ എത്തിയില്ലെന്നും മാണ്ഡവ്യ കുറ്റപ്പെടുത്തി. ജീവനക്കാരുടെ പെരുമാറ്റത്തില്‍ തൃപ്തനല്ലെന്നും ആശുപത്രിയും ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. രോഗികള്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കിയേ പറ്റൂ. കൊവിഡ് ചികിത്സയില്‍ മികച്ച പ്രവര്‍ത്തനമാണ് ഡോക്ടര്‍മാരടക്കം സഫ്ദര്‍ജംഗില്‍ നടത്തിയതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: