ജബല്‍പൂര്‍: വനവാസി ഊരുകളില്‍ വാതില്‍പ്പടി ഭക്ഷ്യവിതരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 89 വനവാസി ബ്ലോക്കുകളില്‍ താമസിക്കുന്നവരുടെ വീട്ടുപടിക്കല്‍ മധ്യപ്രദേശിന്റെ സ്ഥാപകദിനമായ നവംബര്‍ ഒന്നു മുതല്‍ റേഷന്‍സാധനങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പോരാളികളായ വനവാസിധീരന്മാരെ അനുസ്മരിക്കുന്നതിനായി സംഘടിപ്പിച്ച ഗൗരവ് ദിവസ് പരിപാടിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്വാതന്ത്ര്യസമരത്തില്‍ ജീവന് ബലിയര്‍പ്പിച്ച വനവാസി നേതാവ് ശങ്കര്‍ ഷായുടെയും മകന് രഘുനാഥ് ഷായുടെ ബിലിദാനദിനമായ സപ്തംബര്‍ 18 സര്‍ക്കാര്‍ എല്ലാ വര്‍ഷവും ആചരിക്കും. പ്രസിദ്ധമായ ചിന്ദ്വാര സര്‍വ്വകലാശാലയ്ക്ക് ‘രാജ ശങ്കര്‍ ഷാ വിശ്വവിദ്യാലയം’ എന്ന പേര് നല്‍കിയാണ് സര്‍ക്കാര്‍ ആദരവ് പ്രകടമാക്കിയത്.
‘ഇനി വനവാസികള്‍ അന്നത്തെ ജോലി കളഞ്ഞ് റേഷന്‍കടകളില്‍ കാത്തുനിക്കേണ്ടിവരില്ലെന്ന് ചൗഹാന് പറഞ്ഞു. സര്‍ക്കാര്‍ വീടുതോറും റേഷന്‍ വിതരണം ആരംഭിക്കും. റേഷന്‍ വിതരണത്തിന് വനവാസിയുവാക്കളുടെ വാഹനങ്ങള്‍ വാടക നല്കി ഉപയോഗിക്കുമെന്നും അതുവഴി അവര്‍ക്ക് ഒരു സ്ഥിരം വരുമാനം ഉറപ്പാക്കുമെന്നും ചൗഹാന് പറഞ്ഞു.
വനവാസി വികസന ബ്ലോക്കുകളിലെ 7,500 ഗ്രാമങ്ങളിലെ 23.80 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണ് പദ്ധതി. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായപ്പോഴാണ് വനവാസികള്‍ക്കായി ഒരു പ്രത്യേക മന്ത്രാലയം ആദ്യമായി സൃഷ്ടിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വനവാസി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പ്രതിമാസം 200-300 രൂപയായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അത് 1100 രൂപയായി ഉയര്‍ത്തി. മുന്തിയ സര്‍വ്വകലാശാലകളില്‍ പ്രവേശനത്തിന് യോഗ്യത ലഭിക്കുന്ന ഗോത്ര വിദ്യാര്‍ഥിയുടെ മുഴുവന്‍ പഠനച്ചെലവും സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: