തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് നിയമനത്തില്‍ സംവരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി നല്കിയ വാഗ്ദാനവും ലംഘിക്കുന്നു.
കെഎഎസിന്റെ പിഎസ്സി വിജ്ഞാപനം സാമ്പത്തിക സംവരണ ഉത്തരവിന് മുമ്പാണ് ഇറക്കിയത്. അതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ല. കഴിഞ്ഞ തെരഞ്ഞടുപ്പിന് മുമ്പ് ചില വിഭാഗക്കാരെക്കൂടി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ വിഭാഗങ്ങള്‍ക്കും സംവരണം ലഭിക്കില്ല. കെഎഎസ് മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കിയിരുന്നെങ്കില്‍ അടുത്ത വിജ്ഞാപനത്തില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നു. ഇനി ഒരു പതിറ്റാണ്ട് കഴിഞ്ഞാല്‍ മാത്രമെ ഒഴിവു വരുന്ന തസ്തികകളില്‍ പരീക്ഷ നടത്തി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സാധിക്കൂ.
ആവശ്യമായ 10 ശതമാനം തസ്തികകള്‍ കണ്ടെത്തുമ്പോള്‍ അവ മൂന്നു ഘട്ടങ്ങളിലൂടെ മാത്രമേ പിഎസ്സി മുഖേന നിയമനം നടത്തുകയുള്ളൂ എന്നാണ് കെഎഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് 2015 ജനുവരിയിലെ ഉത്തരവില്‍ പറയുന്നത്. സെക്രട്ടേറിയറ്റിലെ തസ്തികകള്‍ കെഎഎസിലേയ്ക്ക് മാറ്റുമ്പോള്‍ നിലവിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ ബാധിക്കാതിരിക്കാന്‍ മൂന്ന് ഘട്ടമായി മാത്രമേ നിയമനം നടത്തുകയുള്ളൂ എന്നാണ് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നത്. ചര്‍ച്ചയില്‍ മാത്രമല്ല മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാ ഒഴിവുകളും കെഎഎസിനു വേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയെന്നും ഇതെല്ലാം പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു എന്നുമാണ് 2021 ഫെബ്രുവരിയിലെ ഉത്തരവില്‍ പറയുന്നത്. അതായത് ഇനി 12 വര്‍ഷത്തേക്ക് കെഎഎസിലേക്ക് ഒഴിവുകള്‍ വരാന്‍ സാധ്യതയില്ല.
നേരിട്ടുള്ള നിയമനം, 40 വയസ്സിനു താഴെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, 50 വയസ്സിനു താഴെയുള്ള ഗസറ്റഡ് ജീവനക്കാര്‍ എന്നിങ്ങനെ മൂന്ന് രീതിയിലാണ് നിയമനം. ഇതില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് 16 തസ്തികകളാണ് കെഎഎസിലേക്ക് കണ്ടെത്തിയിരിക്കുന്നത്. പൊതുഭരണ വകുപ്പില്‍ നിന്ന് 13, ധനവകുപ്പില്‍ മൂന്ന്. മുഖ്യമന്ത്രിയുടെ ഉറപ്പു പ്രകാരമാണെങ്കില്‍ ധനവകുപ്പില്‍ നിന്നും ഒന്നും പൊതുഭരണ വകുപ്പില്‍ നിന്ന് നാലും തസ്തികകള്‍ മാത്രമേ ആദ്യഘട്ടമായി കെഎഎസിലേക്ക് മാറ്റേണ്ടതുള്ളൂ. എന്നാല്‍ 10 ശതമാനം തസ്തികകള്‍ ഒരുമിച്ച് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തതോടുകൂടി നിരവധി ജീവനക്കാരുടെ ഉദ്യോഗക്കയറ്റ മോഹവും പൊലിയും.
സെക്രട്ടേറിയറ്റിലേതുള്‍പ്പെടെ ഇടത് സര്‍വ്വീസ് സംഘടനകളുടെ സമ്മേളനങ്ങളില്‍ കെഎഎസ് നിയമനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉറപ്പ് നേതാക്കള്‍ എടുത്ത് പറഞ്ഞിരുന്നു. സാമ്പത്തിക സംവരണവും ജീവനക്കാര്‍ക്ക് നല്കിയ ഉറപ്പും മുഖ്യമന്ത്രി തന്നെ അട്ടിമറിച്ചിട്ടും ഇടത് സര്‍വ്വീസ് സംഘടനകള്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: