തിരുവല്ല: പമ്പാ-ത്രിവേണിയിൽ നിന്ന് വാരിയ 1.30 ലക്ഷം ക്യൂബിക് മീറ്റർ മണലിന്റെ വിൽപ്പന നടന്നില്ല. ചെളി കയറിയ മണൽ ആർക്കും വേണ്ടാതെ കാട്ടിൽ തള്ളി. ഈ മണലിൽ കാട് കയറിത്തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 24 തവണ ലേലം വച്ചിട്ടും ഒരാൾ പോലും എത്തിയില്ല. 2018ലും 2020ലും വാരിയ മണലാണ് വിറ്റുപോകാതെയിരുന്നത്. കഴിഞ്ഞ വർഷം നദിയിൽ നിന്നും വാരി തീരങ്ങളിൽ സൂക്ഷിച്ച മണലിൽ പകുതിയോളം നദിയിലേക്ക് തന്നെ ഒലിച്ചിറങ്ങി.
കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻതുകയ്ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്. ചെളിയും മാലിന്യവും നീക്കിതന്നാൽ എത്ര മണൽ വേണമെങ്കിലും എടുത്തുകൊള്ളാമെന്ന് കരാറുകാർ സർക്കാരിനെ അറിയിച്ചിരുന്നു. മണൽ പായ്ക്കറ്റുകളാക്കി വിൽപ്പന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്.
ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 2018ലെ മഹാപ്രളയകാലത്തും അതിനുശേഷവും പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് 1,28,000 മീറ്റർ ക്യൂബ് മീറ്റർ മണലും മാലിന്യങ്ങളുമാണ് അടിഞ്ഞുകൂടിയത്. 2018ൽ 65000 ക്യൂബിക് മീറ്റർ വാരിയിരുന്നു. കഴിഞ്ഞ വർഷം 74,500 ക്യൂബിക് മീറ്റർ മണലും വാരി. മണൽ ഉൾപ്പടെയുള്ളവ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവ നീക്കം ചെയ്യാനുള്ള പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ജൂലൈ അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് പറയുമ്പോഴും 53,500 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാണ്.
പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി ഇത്തവണ മണൽ വാരിയെങ്കിലും അശാസ്ത്രീയമായിട്ടായിരുന്നു. ഇതിന്റെ ഫലമായി പമ്പയിലെ തീരങ്ങൾ വൻതോതിൽ ഇടിയുകയും ചെയ്തു. ഇതിനിടെയിൽ വനത്തിൽ വാരിയിട്ടിരിക്കുന്ന മണലിന്റെ പേരിൽ വനംവകുപ്പും ജലവിഭവ വകുപ്പും തമ്മിൽ തർക്കം തുടരുകയാണ്. പ്രളയകാലത്ത് ഇടിഞ്ഞുതാണ ഹിൽടോപ്പിന്റെ പുനർ നിർമ്മാണത്തിനായി ഈ മണൽ വിട്ടുനൽകണമെന്നാണ് ജലവിഭവ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാൽ വനംവകുപ്പ് വിട്ടുകൊടുക്കാൻ തയാറല്ല. ഇതോടെ ഹിൽടോപ്പിന്റെ പുനർ നിർമാണവും അനിശ്ചിതത്വത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: