ഇരിട്ടി : പടിയൂര്‍ പൂവത്ത് വന്‍ മണല്‍ കൊള്ള ഇരിക്കൂര്‍ പോലീസും ഇരിട്ടി റവന്യൂ വകുപ്പ് അധികൃതരും ചേര്‍ന്ന് പിടികൂടി. മണല്‍ മാഫിയകള്‍ വാരിക്കൂട്ടിയിട്ട 15 ലോഡ് മണല്‍ കണ്ടുകെട്ടി. മണല്‍ വാരാന്‍ ഉപയോഗിച്ച മൂന്ന് തോണികള്‍ അധികൃതര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി.
പെട്ടെന്ന് ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പടിയൂര്‍ പൂവ്വം മേഖലകളിലാണ് വ്യാപകമായി മണല്‍കൊള്ള നടക്കുന്നത്. ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്റെ അധീനതയിലുള്ള ഈ മേഖലയില്‍ വ്യാപകമായി മണല്‍വാരല്‍ നടക്കുന്നുണ്ടെന്ന പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
ഞായറാഴ്ച രാവിലെ ഇരിക്കൂര്‍ – മണ്ണൂര്‍ റോഡില്‍ മണല്‍ കയറ്റി പോയ ലോറിയെ പിന്തുടര്‍ന്ന ഇരിക്കൂര്‍ പോലീസിന്റെ വാഹനത്തിനു മുന്പില് മണല്‍ ഇറക്കി ലോറി കടന്നു പോയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരിക്കൂര്‍ എസ്ഐ എം. വി. ഷിജുവും സംഘവും പടിയൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് മണല്‍ശേഖരം കണ്ടെത്തുന്നത്. ഇവര്‍ ഇരിട്ടി താലൂക്ക് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇതോടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ലക്ഷ്മണന്റെ നേതൃത്വത്തില്‍ റവന്യൂ സംഘവും സ്ഥലത്തെത്തി. തുടര്‍ന്നാണ് മണല്‍ വാരാന്‍ ഉപയോഗിച്ച് മൂന്ന് തോണികള്‍ ഹിറ്റാച്ചി യുടെ സഹായത്തോടെ നശിപ്പിച്ചത്. വാരിക്കൂട്ടിയ 15 ലോഡ് മണല്‍ ഇവര്‍ നിര്‍മ്മിതിക്ക് കൈമാറി. സമീപത്തെ മണല്‍ മാഫിയകളുടെ ഭീഷണി കണക്കിലെടുത്ത് കൂടുതല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു .
ഇരിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് പുറമേ താലൂക്ക് ജീവനക്കാരായ സുഷമ ,സനീതന്‍, പ്രദീപന് തുടങ്ങിയവരും, ഇരിക്കൂര്‍ എസ് ഐ എം. വി. ഷീജു, എ എസ് ഐ റോയ്, പോലീസുകാരായ റഷീദ്, ഷംസാദ് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തായിരുന്നു നടപടികള്‍. തുടര്‍ന്നും മേഖലയിലെ മണല്‍ ക്കൊള്ള തടയാനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: