കോട്ടയം: ഈഴവര്‍ ലൗ ജിഹാദ് നടത്തുന്നെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറ. പാലാ ബിഷപ്പിനെ നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ ‘ലൗ ജിഹാദ്’ ആരോപണവുമായി റോയി കണ്ണന്‍ചിറ രംഗത്ത് വന്നിരുന്നു. ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിനാണ് കത്തോലിക്കാ സഭാ വൈദികന് ഖേദം പ്രകടിപ്പിച്ചത്. കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്നായിരുന്നു ഫാ. റോയി കണ്ണന്‍ചിറ സി.എം.ഐ ആരോപിച്ചത്.
തന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്ന് റോയ് കണ്ണന്‍ചിറ പറഞ്ഞു. ‘ഷെക്കെയ്ന’ എന്ന യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് റോയ് കണ്ണന്‍ചിറ ഖേദം പ്രകടിപ്പിച്ചത്. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘കഴിഞ്ഞ ദിവസം വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട ചിന്തകള്‍ പങ്കുവെക്കുന്ന സമയത്ത്, ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇടവന്നു. അങ്ങനെ സംസാരിക്കുവാന്‍ കാരണമായത്, ഞങ്ങള്‍ വൈദികരുടെ അടുത്ത് നിരവധി മാതാപിതാക്കള്‍ മക്കള്‍ അവരെ തള്ളിപ്പറഞ്ഞു ചിലരോടൊപ്പം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവര്‍ നമ്മുടെ മുന്നില്‍ വന്ന് വേദന പങ്കുവെക്കുമ്പോള്‍, കരയുമ്പോള്‍ ആ ഒരു ദുരന്തം ഒത്തിരി കുടുംബങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്നതായി വ്യക്തമായി. ഇത്തരത്തില്‍ കുടുംബ ഭദ്രതയെ തകര്‍ക്കുന്ന സംഭവങ്ങളില്‍ നിന്ന് പിന്തിരിയാന് പുതിയ തലമുറയെ പഠിപ്പിക്കാനുള്ള കര്‍ത്തവ്യം വൈദികരായ ഞങ്ങളില്‍ അര്‍പ്പിതമാണ്. ഞാന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം മാപ്പ് പറയുന്നു’, വൈദികന് വ്യക്തമാക്കുന്നു.
കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്നും ഒരു മാസത്തിനിടെ ഒന്‍പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ട് പോയത് ഈഴവ ചെറുപ്പക്കാര്‍ ആണെന്നും ലൗ ജിഹാദിനെ പറ്റിയും നര്‍ക്കോട്ടിക്ക് ജിഹാദിനെ പറ്റിയും നമ്മള് കൂടുതല്‍ സംസാരിക്കണം. അതോടൊപ്പം തന്നെ, കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് വരെ ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു വൈദികന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: