വര്ണചിത്രാങ്കിതമായ കമ്പളങ്ങളുടെ മേലങ്കിയിട്ട യാക്കുകള്‍. ചായംപൂശിയ കൊമ്പകളുലച്ച് ഞങ്ങളെ മാടിവിളിക്കയാണ്. ചാങ്ഗുത്തടാകക്കരയില്. സോങ്മോ എന്ന നീഹാരസരസ്സ്. സോംഗോ അല്ലെങ്കില്‍ ചാങ്ഗു. ആകാശത്താഴ്വരയില്‍ മലനിരകളുടെ ചഷകത്തില്‍ ഒഴിച്ചുവച്ച തുഹിനപാനീയം പോലെ. ‘സോ’ എന്നാല്‍ ഭൂട്ടിയ ഭാഷയില്‍ തടാകം. ‘ങ്മോ’ എന്നാല്‍ തല. ശൈലശിരസ്സിലെ കൊച്ചുതടാകം.
നീലജലധിയില് പൊങ്ങിക്കിടക്കുന്ന നേര്‍ത്ത മഞ്ഞുപാളികള്‍. ഗിരിമുടികള് കണ്ണാടി നോക്കുന്ന ഓളങ്ങളിളകാത്ത ജലപ്പരപ്പ്. സ്ഫടികജലത്തില് മുങ്ങാങ്കുഴിയിട്ട് നീന്തുന്ന ബ്രാഹ്മണിഹംസങ്ങള്. തലപൊക്കിനോക്കി ലോഹ്യം പറഞ്ഞ് ആഴങ്ങളിലേക്ക് ഊളിയിടുന്ന മത്സ്യക്കൂട്ടങ്ങള്‍. ചാരനിറത്തിലുള്ള മലഞ്ചെരിവുകള്‍ നിറയെ പ്രാലേയപുഷ്പങ്ങളുടെ ധവളിമ. ഇടയില്‍ അവിടവിടെ ഉന്തിനില്ക്കുന്ന കറുത്ത ഉരുളന്പാറകള്ക്ക് ചുറ്റും ചെറിയ കുറ്റിപ്പുല്ലുകള്‍. തടാകവക്കുകളില് ഇലകളില്ലാത്ത ചെറുചെടികളും വെള്ളാരന്‍കല്ലുകളും. ഉയര്‍ത്തിക്കെട്ടിയ ഇരുമ്പുവേലികള്‍.
നാഥു ലാ ചുരത്തിലേക്കുള്ള ജവഹര്‍ലാല്‍നെഹ്റു ദേശീയപാതയോരത്ത്. ഗാങ്ടോക്കില്‍നിന്ന് നാല്പത് കിലോമീറ്റര്‍ ദൂരത്ത്. സമുദ്രനിരപ്പില്‍നിന്ന് പന്ത്രണ്ടായിരത്തി മുന്നൂറ്റി പതിമൂന്ന് അടി ഉയരത്തില്‍. ഏതാണ്ട് ഇരുപത്തിയഞ്ച് ഹെക്ടറോളം വിസ്തൃതി. ഒരു കിലോമീറ്ററിനടുത്ത് നീളം. പരമാവധി വീതി അര കിലോമീറ്റര്‍. ശരാശരി ആഴം ഏതാണ്ട് അഞ്ചു മീറ്ററോളം.
ശൈത്യകാലത്ത് വെറും തുഷാരമൈതാനം. ഋതുഭേദങ്ങളില്‍ വ്യത്യസ്ത വര്‍ണചാരുതകള്‍. ഈ നിറപ്പകര്‍ച്ച നോക്കി ബുദ്ധസംന്യാസിമാര്‍ ഭാവി പ്രവചിക്കാറുണ്ടത്രേ. ഗുരുപൂര്‍ണിമ ഉത്സവത്തില്‍ സിക്കിമിലെ ജക്രിസ് വര്‍ഗക്കാര്‍ തടാകതീരത്ത് ഒത്തുകൂടാറുണ്ട്. പൊയ്കയിലെ ഔഷധജലത്തില്‍ സ്നാനം ചെയ്യുന്നു. രോഗശമനത്തിനായി.
പടവുകള്‍ ഇറങ്ങി കൈക്കുടന്നയില്‍ വെളളം കോരി. മരവിപ്പിക്കുന്ന തണുപ്പ്. കൈകാലുകളും മുഖവും നനച്ചു. ജലരാശിപ്പരപ്പില് മിഴികളൂന്നി ഇത്തിരിനേരം അനങ്ങാതെ നിന്നു. പിന്നെ കരയിലൂടെ ചുറ്റി നടന്നു. കൂട്ടത്തിലെ ചിലര്‍ യാക്കിന്പുറത്ത് സവാരിക്കൊരുങ്ങുന്നു. ചിലര്‍ കയറിയിരുന്നും ചേര്‍ന്നുനിന്നും പടംപിടിക്കുന്നു. ചിലര്‍ തൊട്ടുതലോടി കൗതുകം കൊള്ളുന്നു. കാളക്കൂറ്റനെപ്പോലെ തോന്നിപ്പിക്കുന്ന കറുത്തനിറത്തിലുള്ള വലിയ മൃഗം. ചമരിക്കാള എന്നും വിളിയുണ്ട്. ‘യാക്ക്’. ബിലാത്തിഭാഷയാണ്. തിബത്തന്‍ ഭാഷയില്‍ ആണ്‍വര്‍ഗത്തിന് ‘ഗ്യാഗ്’ എന്നു പേര്. പെണ്ണ് ‘ഡ്രി’ അല്ലെങ്കില്‍ ‘നാക്’. ശരീരം നിറയെ രോമങ്ങള്‍. കഴുത്തില്‍ ഇരുവശത്തും തൂങ്ങിക്കിടക്കുന്നവയ്ക്ക് നീളക്കൂടുതല്‍. ഹിമാലയനിരകളില്‍ പൊതുവെ കണ്ടുവരുന്ന കാലിവര്ഗമാണ്. മലങ്കൂറ്റുകാര് പാലിനും തോലിനും മാംസത്തിനുമായി വളര്‍ത്തുന്നു.
പാര്‍ക്കു ചെയ്ത വണ്ടിയില്‍ ചാരി കാനനഭംഗിയില്‍ മനംമയങ്ങി മിഴിച്ചു നില്ക്കുന്നവര്… അതുമിതും വിളിച്ചു പറഞ്ഞുകൊണ്ട് വെള്ളത്തിലേക്ക് ചെറുകല്ലുകള്‍ പെറുക്കിയെറിയുന്നവര്… തടാകദൃശ്യങ്ങള് ക്യാമറയില്‍ പകര്ത്തുന്നവര്… ആര്‍ത്തുല്ലസിച്ച് നടകൊള്ളുന്നവര്… തലങ്ങും വിലങ്ങും വെറുതെ ചുറ്റിക്കറങ്ങുന്നവര്‍… ഇരുകരകളെ ബന്ധിപ്പിക്കുന്ന മഞ്ഞുപാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നവര്‍… ചുടുചായ വാങ്ങി ഊതിയൂതിക്കുടിക്കുന്നവര്… തട്ടുകടകളില്‍നിന്നു ലഘുഭക്ഷണം വാങ്ങിത്തിന്നുന്നവര്‍…
മലഞ്ചെരിവില്‍ ദൂരെയൊരിടത്ത് ഉയരത്തില്‍പ്പണിത പടവുകള്ക്കു മുകളില്‍ വലിയൊരു ശിവപ്രതിമ. ഒരു കാല് തൂക്കിയിട്ട് മറുകാല് മടക്കിയിരിക്കുന്ന കൈലാസനാഥന്. ധ്യാനമഗ്നന്‍. ഇടംകൈയില്‍ ഡമരു കെട്ടിയ ത്രിശൂലം. വലതുകൈയില്‍ അഭയമുദ്ര. ഇരുവശവും പ്രണവമന്ത്രാങ്കിതമായ കാവിധ്വജങ്ങള്. ചന്ദ്രകലാധരന്റെ നെറുകയിലേക്ക് ഒലിച്ചിറങ്ങുന്ന വിണ്ഗംഗപോലെ മലമുകളില്‍നിന്ന് ഒരു കൊച്ചരുവി പാല്നുരകള് ചിതറിക്കൊണ്ട് കുത്തിയൊലിക്കുന്നു.
തടാകത്തില്‍നിന്നുള്ള തണുത്ത കാറ്റ്. മലഞ്ചെരിവുകള്‍ ചുറ്റിയുള്ള ഒന്നരമണിക്കൂര്‍ യാത്രയുടെ ക്ഷീണം അകന്നു. രാവിലെ പ്രാതല്‍ കഴിച്ച് ഗാങ്ടോക്കില്‍നിന്ന് യാത്രയാരംഭിച്ചതാണ്. നാഥു ലായിലേക്ക്. മലമടക്കുകളിലൂടെ ഇതുവരെ ചെയ്തതില്‍വച്ച് ഏറ്റവും ദുര്‍ഘടമായ സഞ്ചാരം. ക്യാങ്നോസ്ല എന്ന സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. ഡ്രൈവര്‍ ഒരു ചായക്കടയിലേക്കു കയറി. പിറകെ ഞങ്ങളും. ചായകുടിക്കുന്നതിനിടയില് ഡ്രൈവര്‍ സന്ദീപ് ലപ്ചയുടെ ഉപദേശം:
”നാഥു ലാ മേം ബഹുത് ഠണ്ട ഹെ. യഹ് ഓവര്‍കോട്ട് കിരായി പര് ഉപലബ്ധ് ഹെ. കിസി കോ ചാഹിയേ ഥൊ ഖരീദ് സക്തേ ഹെം.”
നാഥു ലായില്‍ അപ്പോള്‍ ഏഴു ഡിഗ്രിയത്രേ പകലിന്റെ ചൂടുനില. ചായ കുടിച്ച ശേഷം എല്ലാവരും ഓവര്‍ക്കോട്ട് വാങ്ങി ധരിച്ചു. മടങ്ങി വരുമ്പോള്‍ തിരികെ നല്കിയാല് മതി. നൂറ്റമ്പത് രൂപ വാടക. ഇത്തിരി കൂടുതലാണോ എന്നു ശങ്കിച്ചു. വേറെ നിവൃത്തിയില്ല. നേരത്തെ വിവരമറിഞ്ഞിരുന്നെങ്കില്‍ എം.ജി മാള്‍റോഡില്‍നിന്ന് പുതുതൊന്ന് വാങ്ങാമായിരുന്നു. വിലക്കുറവില്‍.
സന്ദീപ് ലപ്ച വണ്ടിയില്‍ക്കയറി ഹോണടിച്ചു. തടിച്ചു കുറുകിയ ഒരു മംഗോളിയന്‍. വയസ്സ് അമ്പത്തഞ്ചായത്രേ. മുപ്പതോ മുപ്പത്തഞ്ചോ എന്നേ കണ്ടാല്‍ തോന്നൂ. കഴിഞ്ഞ മുപ്പത് വര്‍ഷമായി മലമ്പാതയിലൂടെ വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ട്. നാലു പെണ്മക്കളെ നല്ല നിലയില്‍ കെട്ടിച്ചുവിട്ടു. രണ്ടാണ്മക്കള് വലിയ ഉദ്യോഗസ്ഥര്‍. ഭാര്യ മരിച്ചുപോയി. നഗരപ്രാന്തത്തില്‍ ഒറ്റയ്ക്കാണ് താമസം. പ്രസന്നമായ പുഞ്ചിരിക്കുന്ന മുഖം. ചുണ്ടത്തെപ്പോഴും മൂളിപ്പാട്ട്. തിബത്തന്‍ നാടോടിപ്പാട്ടോ നേപ്പാളി സിനിമാഗാനമോ…
എല്ലാവരും വേഗത്തില്‍ വാഹനം പൂകി. അധികം വൈകിയാല്‍ നാഥുലയിലേക്കു പ്രവേശിപ്പിക്കില്ല. ഇന്നലെ ഗാങ്ടോക്കില്‍ നിന്ന് പ്രത്യേകം അപേക്ഷ കൊടുത്ത് പ്രവേശനപത്രം വാങ്ങിയതാണ്. അതില്‍ പറഞ്ഞ സമയത്തിനുള്ളില്‍ പോയി മടങ്ങണം. ഇന്ത്യന്‍ പൗരന്മാര്ക്കുമാത്രമേ നാഥു ലാ ചുരം സന്ദര്‍ശിക്കാന്‍ അനുമതി കിട്ടൂ. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം.
‘നാഥു’ എന്നാല്‍ തിബറ്റന്‍ ഭാഷയില്‍ ‘കേള്‍ക്കുന്ന ചെവികള്‍’. ‘ലാ’ എന്നാല്‍ വഴി. ചെവി കേള്‍ക്കുന്ന വഴി. നാഥു ലാ ചുരം. ഗാങ്ടോക്കില്‍നിന്ന് അമ്പത്തിനാല് കിലോമീറ്റര്‍ ദൂരത്ത്. ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍. സമുദ്രനിരപ്പില്‍നിന്ന് പതിനാലായിരത്തി ഒരുന്നൂറ്റി നാല്പത് അടി ഉയരത്തില്‍. ശൈത്യകാലത്ത് മൈനസ് ഇരുപത്തിയഞ്ചു വരെ താഴുന്ന താപനില. സിക്കിമിനെ തിബത്തുമായി കൂട്ടിയിണക്കുന്ന ഹിമാലയന്പാത. തിബത്തന്‍ തലസ്ഥാനമായ ലാസയിലേക്ക് അഞ്ഞൂറ്റമ്പത് കിലോമീറ്റര്‍ അകലം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള ഏക സഞ്ചാരമാര്‍ഗം. ഏഷ്യാഭൂഖണ്ഡത്തിലെ പഴയ ‘പട്ടുപാത’യുടെ ഭാഗം.
സില്‍ക്ക് റോഡ്. അഥവാ പട്ടുപാത. ചരിത്രപ്രസിദ്ധമായ ദീര്ഘസഞ്ചാരപഥം. ഒറ്റയല്ല, വിവിധപാതകളുടെ സമുച്ചയം. സഹസ്രാബ്ദങ്ങളായി ഏഷ്യയുടെ പടിഞ്ഞാറും കിഴക്കും തമ്മില്‍ ജീവിതത്തിന്റെ കൊണ്ടുകൊടുക്കലുകളും കച്ചവടവും നടന്ന വഴി. മെഡിറ്ററേനിയന്‍, ഏഷ്യാമൈനര്‍ മുതല്‍ ചൈന, ജപ്പാന് വരെ. കടലും കരയും നദിയും പര്‍വതശിഖരങ്ങളും താണ്ടിയുള്ള എണ്ണായിരം കിലോമീറ്റര്‍.
നാഥു ലാ ചുരത്തില്‍ വണ്ടിയിറങ്ങിയപ്പോള്‍ ചെറിയ തലകറക്കം പോലെ. ശരീരമാകെ എന്തൊക്കെയോ അസ്വസ്ഥത. സന്ദീപ് ലപ്ച ചിരിച്ചുകൊണ്ട് എല്ലാവരോടുമായി ഉറക്കെ വിളിച്ചു പറഞ്ഞു:
”ഡര്‍നാ നഹിം ചാഹിയേ. യഹാം ഓക്സിജന്‍ കീ കമീ ഹെ. ബസ് ഥോഡാ ധേര്‍ ചലോ.”
ശരിയാണ്. പ്രാണവായു കുറവാണ്. നന്നായി ദീര്‍ഘശ്വാസമെടുത്ത് കുറച്ച് നിമിഷം അനങ്ങാതെ നിന്നപ്പോള്‍ ശരീരം സാധാരണനിലയിലായി. പ്രവേശനപാസും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ച് വരിവരിയായി പടവുകള്‍ കയറി വ്യൂ പോയന്റിലെത്തി. ക്യാമറയോ ഫോണോ അനുവദിക്കില്ല.
അല്‍പ്പം ഉയര്‍ന്ന പ്രതലത്തില്‍ വിശാലമായ അങ്കണം. പടവുകള്‍ കയറിച്ചെല്ലുന്നിടത്ത് ഉയരത്തില്‍ വീശിപ്പറക്കുന്ന വലിയ ത്രിവര്‍ണപതാക. പൂര്‍ണനിശ്ശബ്ദത. സന്ദര്‍ശകര്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. മുറ്റത്തിന് ഇടതുവശത്ത് ചെറിയൊരു സൈനികപോസ്റ്റ്. അതിനകത്തും പുറത്തുമായി നമ്മുടെ നാലഞ്ച് സൈനികര്‍.
മുറ്റത്തിന്റെ വലത്തെ അരുകില്‍ നീളത്തിലുള്ള വേലിക്കെട്ട്. കുന്നിന് മുകളില്‍നിന്നു തുടങ്ങി താഴ്വരയിലേക്ക് നീളുന്ന അതിരടയാളം. ഇപ്പുറം ഇന്ത്യന്‍ മണ്ണ്. അപ്പുറം ചൈനയുടെ. അവിടെ ഇതിനേക്കാള്‍ ചെറിയ മുറ്റം. അവരുടെ സൈനിക പോസ്റ്റും. കാലിയാണ്. ചൈനീസ് സൈനികരാരുമില്ല. എന്നാല്‍ അതിനരികില്‍ വേലിയോട് ചേര്‍ന്ന് ശരീരം നിറയെ ആയുധങ്ങളുമായി ഒരു ഇന്ത്യന്‍ സൈനികന്. നിശ്ചലനായി നില്‍പ്പാണ്. ചുറുചുറുക്കുള്ള ഒരു യുവാവ്. എട്ടടിയോളം പൊക്കമുള്ള ആജാനബാഹു. ദൃഢമായ ശരീരം. പ്രസരിപ്പുള്ള മുഖം. പിരിച്ചു കയറ്റിവച്ച കൊമ്പന്മീശ. തിളങ്ങുന്ന കണ്ണുകള്‍. ഗൗരവം മുറ്റിയ പ്രസന്നഭാവം. ചുറ്റുപാടും സദാ വീക്ഷിച്ചുകൊണ്ടേയിരിക്കയാണ്.
സന്ദര്ശകാരായ ഞങ്ങളെ കണ്ടപ്പോള്‍ ചുണ്ടിലും കണ്ണിലും നേരിയ പുഞ്ചിരിയല. പേരന്വേഷിച്ചു. ‘ഉദയ്സിങ്’. നാടെവിടെയാണെന്ന് ആരോ ചോദിച്ചു. ദഹിപ്പിക്കുന്ന ഒരു നോട്ടം. ”മേരാ ദേശ് ഭാരത് ഹെ.” ഉച്ചത്തില്‍. ഉറച്ചശബ്ദം. നിറഞ്ഞ ആത്മാഭിമാനം. ത്രസിക്കുന്ന രാജ്യാഭിമാനം. ”മേരാ ജന്മ് ഭാരത് മേം. ഭാരത് കേ ലിയേ ജി രഹാ ഹും. ഭാരത് കേ ലിയേ മരേങ്കെ.” മലഞ്ചെരിവുകളില്‍ മുഴങ്ങുന്ന ആ വീരസ്വരത്തിനു മുന്നില്‍ ഞങ്ങള്‍ തല കുനിച്ചു. ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് സല്യൂട്ട് ചെയ്തു.
ആയിരത്തി തൊള്ളായിരത്തി അമ്പതില്‍ ചൈന തിബത്ത് പിടിച്ചെടുത്തപ്പോള്‍ ഈ ചുരം വഴിയാണ് തിബത്തന്‍ അഭയാര്‍ഥികള്‍ സിക്കിമിലേക്ക് പലായനം ചെയ്തത്. അറുപത്തിരണ്ടിലെ ചൈനീസ് ആക്രമണത്തിനു ശേഷം നാഥു ലാ ചുരം ഇന്ത്യന്‍ സൈന്യം അടച്ചിടുകയായിരുന്നു. എഴുപത്തഞ്ചില്‍ സിക്കിം ഇന്ത്യയില്‍ ലയിച്ചതോടെ പൂര്‍ണനിയന്ത്രണം നമുക്കായി. രണ്ടായിരത്തി മൂന്നില്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയിയാണ് ചുരം തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. നിരവധി ഉഭയകക്ഷി കരാറുകള്‍ക്ക് ശേഷം രണ്ടായിരത്തി ആറില്‍ ചുരം വീണ്ടും തുറക്കുകയായിരുന്നു.
ആഴ്ചയില്‍ രണ്ടു തവണ ഇവിടെ കൗതുകകരമായ ഒരു ചടങ്ങ് നടക്കാറുണ്ടത്രേ. ഞായറാഴ്ചയും വ്യാഴാഴ്ചയും. കാലത്ത് എട്ടരയ്ക്ക്. വെറും മൂന്നു മിനിട്ട് മാത്രം. ഇരുരാജ്യങ്ങളിലെയും രാജ്യാന്തര തപാല്‍ ഉരുപ്പടികള്‍ അഞ്ചല്ക്കാര് കൈമാറുന്നു. നാഥു ലായിലെ ഷെറാത്താങ് ബോര്‍ഡര്‍ പോസ്റ്റില്‍ വച്ച്. പരസ്പര മിണ്ടാട്ടമില്ല. മെയില്‍ കിട്ടിബോധിച്ചുവെന്ന് കുറിപ്പെഴുതി ഒപ്പുവച്ച് ബാഗുകള്‍ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കുന്നു. ഉരുപ്പടികള്‍ ഒന്നുമില്ലെങ്കിലും ഒഴിഞ്ഞ ബാഗുകള്‍ കൈമാറും.
ഒരതിര്ത്തിവരയുടെ ലാളിത്യവും സങ്കീര്‍ണതകളും. മനസ്സിന്റെ മണിച്ചട്ടത്തില്‍ കൂട്ടിയും കുറച്ചും ഗണിച്ചുനോക്കി. രാജ്യാതിര്‍ത്തികള്‍… കൈവശത്തര്ക്കങ്ങള്… ഏറ്റുമുട്ടലുകള്‍… സന്ധിസംഭാഷണങ്ങള്‍… ഉഭയകക്ഷി ഉടമ്പടികള്‍… കരാര്‍ ലംഘനങ്ങള്‍… സൈനിക നടപടികള്‍… നയതന്ത്രങ്ങള്‍…
താഴത്തെ മലഞ്ചെരിവുകളില്‍ മരങ്ങളോ ചെടികളോ പുല്ലുകളോ ഇല്ല. തുറിച്ചുനില്ക്കുന്ന തവളക്കണ്ണുകള്പോലെ ചെറുപാറകളും ചാരനിറത്തിലുള്ള മണ്ണും മാത്രം. മുകളിലേക്ക് ഉയര്‍ന്നുപോകുന്ന പര്വതമതിലിലും താഴ്വരകളിലും ഏകതാനമായ കാഴ്ചകള്‍. മനുഷ്യവാസമില്ല. അങ്ങിങ്ങ് ചില സൈനികക്കൂടാരങ്ങള്. വെളുത്ത മേഘത്തുണ്ടുകള്‍ ചുറ്റിലും പാറി നടക്കുന്നു. എവിടെയോ കൂടുപൊട്ടി പരന്നു പറക്കുന്ന വെളുത്ത ശലഭങ്ങളെപ്പോലെ.
അധികനേരം ചെലവിടാന്‍ അനുവാദമില്ല. ഇറങ്ങിയെത്തിയത് ബാബാ മന്ദിറിനു മുന്നില്‍. വിചിത്രമായ ദേവാലയം. വീരമൃത്യുവടഞ്ഞ ഒരു സൈനികനാണ് മൂര്‍ത്തി. ക്യാപ്ടന് ബാബാ ഹര്ഭജന് സിങ്. ഇരുപത്തിമൂന്നാം പഞ്ചാബ് റെജിമെന്റിലെ സൈനികന്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ സാഹസികമായ പോരാട്ടത്തില്‍ രക്തസാക്ഷിയായവന്‍. ഇന്ത്യാ-ചൈനാ യുദ്ധത്തില്‍. മുപ്പത്തി മുക്കോടിയും കഴിഞ്ഞുള്ള പുതുദേവത! യുദ്ധവീരനായി പടവെട്ടിവീണ മന്ദപ്പന് കരുവനൂര്വീരനെന്ന തെയ്യമായപോലെ. ബാബാ ഹര്ബജന് സിങ് എന്ന ദൈവക്കരു!
മഞ്ഞുറഞ്ഞ അരുവിയില്‍ മുങ്ങിപ്പോയ അദ്ദേഹത്തിന്റെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലഭിച്ചത്. തന്റെ മൃതദേഹമെവിടെയെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് അദ്ദേഹം ഉറക്കത്തില്‍ വന്ന് സൂചന നല്കിയത്രേ. അതേ സ്ഥലത്ത് നിന്നുതന്നെ മൃതദേഹം കണ്ടെടുത്തുവെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം പണിയാനുള്ള അരുളപ്പാടും ആ സ്വപ്നത്തില്‍ ഉണ്ടായത്രേ. നാഥു ലായിലെ സൈനികപോസ്റ്റില്‍ നിയുക്തരാവുന്നവരെ ബാബാ ഹര്ബജന് സിങ് സംരക്ഷിക്കുന്നുവെന്നാണ് വിശ്വാസം. സൈനികര്‍ അവിടെ മുടങ്ങാതെ ആരാധന നടത്താറുണ്ട്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് നവംബറില്‍ പഴയ ബാബാ മന്ദിര്‍ പുതുക്കിപ്പണിതു.
ലളിതമായ ചെറിയ ഒരു അമ്പലം. കടന്നു ചെല്ലുമ്പോള്‍ മുന്നിലൊരു തുറന്ന മുറി. ചുമരില്‍ ഹര്ബജന് സിങ്ങിന്റെ വലിയൊരു ഫോട്ടോ മാലയിട്ട് വച്ചിരിക്കുന്നു. താഴെ അദ്ദേഹത്തിന്റെ അര്‍ധകായപ്രതിമ. മുന്നില്‍ കൊളുത്തിവച്ച പല വലുപ്പത്തിലുള്ള വിളക്കുകള്‍. ഒരു ഭാഗത്ത് അദ്ദേഹത്തിന്റ ഓഫീസ് മുറി. അപ്പുറത്ത് കിടപ്പുമുറി. അവയില്‍ അദ്ദേഹത്തിന്റെ വസ്തുക്കളും യൂണിഫോമും മറ്റും. മറ്റൊരു മുറിയില്‍ ചുമരില്‍ ബാബായുടെ വലിയ ഫോട്ടോ. ഇരുവശങ്ങളിലുള്ള തട്ടലമാരകള് നിറയെ വെള്ളം നിറച്ച കുപ്പികള്‍ അടുക്കി വച്ചിരിക്കുന്നു. ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നവയാണ്. ദിവസങ്ങള്‍ കഴിഞ്ഞ് അവര്‍ അത് തിരിച്ചെടുത്തുകൊണ്ടുപോകും. വീരസൈനികന്റെ ദിവ്യകടാക്ഷം ലഭിച്ച ആ വെള്ളം രോഗശാന്തി വരുത്തുമത്രേ.
മരണമില്ലാത്ത സൈനികനായാണ് ഹര്ബജന് സിങ്ങിനെ സൈന്യം പരിഗണിച്ചത്. സാധാരണ ശിപായി ആയിരുന്ന അദ്ദേഹത്തെ ഓണററി ക്യാപ്റ്റനായി ഉയര്‍ത്തി. മഹാവീരചക്ര നല്കപ്പെട്ടു. കുടുംബത്തിന് മുടങ്ങാതെ ശമ്പളം അയച്ചുകൊണ്ടിരുന്നു. വര്‍ഷന്തോറും സപ്തംബര്‍ പതിനാലിന് വാര്‍ഷികാവധി അനുവദിക്കും. അന്ന് അദ്ദേഹത്തിന്റെ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് മറ്റ് സൈനികരോടൊപ്പം ട്രെയിനില്‍ ജന്മനാടായ കപൂര്‍ത്തലയിലേക്ക് അയക്കുകയും, അതേ രീതിയില്‍ തിരികെ കൊണ്ടുവരികയും ചെയ്തുപോന്നത്രേ. രണ്ടായിരത്തി പതിനാറില്‍ മുഴുവന്‍ ഔദ്യോഗിക ബഹുമതികളോടെ വിരമിച്ചതായി കണക്കാക്കി.
ബാബാ മന്ദിറില്നിന്നുകൊണ്ട് നാഥു ലാ ചുരത്തിലേക്ക് നോക്കി. റോഡിനോട് ചേര്ന്നുകെട്ടിയ കരിങ്കല്ഭിത്തിയില് വലുതായി എഴുതിവച്ചിരിക്കുന്നു: ‘ജൃീൗറ ീേ യല മി ശിറശമി’. ഇംഗ്ലീഷിലും ഹിന്ദിയിലും. നൂറ്റിമുപ്പത് കോടിയിലേറെ ഇന്ത്യക്കാരുടെ അഭിമാനവചനം! പാറാവു നില്ക്കുന്ന ഉദയ്സിങ് എന്ന സൈനികന്റെ ദൃഢസ്വരം! സൈനികപോസ്റ്റിലും ആകാശംതൊട്ടുയര്ന്ന ദേശീയപതാകയിലും മിത്തില്‍ ഉറഞ്ഞ ബാബാ മന്ദിറിലും വെളുത്ത മേഘപതംഗങ്ങളായി ആ അക്ഷരങ്ങള്‍ ചുറ്റിപ്പറക്കുകയാണോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: