തൃശൂര്‍: ഒരു തവണ ലോക്സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ച സുരേഷ് ഗോപിയെ രണ്ടു തവണയും തോല്പിച്ചെങ്കിലും താരം തൃശൂരിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തിലെ നിര്‍ണ്ണായക തെരഞ്ഞെടുപ്പാകാന്‍ പോകുന്ന 2024ല്‍ വീണ്ടും തൃശൂര്‍ ജില്ലയില്‍ ഒരു കൈപയറ്റാനും ‘ജില്ലയെ അങ്ങെടുക്കാനും’ സുരേഷ് ഗോപി ഒരുങ്ങുകയാണ്.
ഇതിന്റെ ഭാഗമായി താരത്തിന്റെ ജില്ലയിലെ സാന്നിധ്യം പതിവാകുകയാണ്. ജില്ലയില്‍ തെരഞ്ഞെടുപ്പ് ഫണ്ടുവിവാദവുമായി ബന്ധപ്പെട്ട് ഉലഞ്ഞുനില്‍ക്കുന്ന ബിജെപിയുടെ പാര്‍ട്ടി സംവിധാനത്തെ ചലിപ്പിക്കുക എന്ന ലക്ഷ്യം കൂടി സുരേഷ് ഗോപിയുടെ ഈ ഇടപെടലിലുണ്ടെന്ന് പറയപ്പെടുന്നു.
രണ്ട് തവണ മത്സരിച്ച് തോറ്റെങ്കിലും സുരേഷ് ഗോപി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ലോക്സഭയില്‍ സിപി ഐ സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനം പിടിച്ച താരം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപി ഐയുടെ ബാലചന്ദ്രനോട് അവസാന ലാപ്പില്‍ വരെ മത്സരിച്ചശേഷമാണ് തോല്‍വി സമ്മതിച്ചത്.
മാത്രമല്ല, രാഷ്ട്രീയക്കാരുടെ തള്ള് കേട്ട് വളര്‍ന്ന തൃശൂര്‍ക്കാര്‍ക്ക് താരത്തിന്റെ വാക്കുകള്‍ വെറും തള്ളല്ലെന്ന് ബോധ്യപ്പെട്ടുതുടങ്ങി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച വേളയില്‍ അതിന്റെ ശോച്യാവസ്ഥ കണ്ട് മനസ്സലിഞ്ഞു ശക്തന്‍മാര്‍ക്കറ്റ് മെച്ചപ്പെടുത്താന്‍ ഒരു കോടി രൂപ നല്‍കുമെന്ന് താരം പ്രഖ്യാപിച്ചത് വെറും തള്ളാണെന്ന് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ താരം കഴിഞ്ഞ ദിവസം ഒരു കോടിയുടെ വാഗ്ദാനവുമായി തൃശൂര്‍ മേയറെ സമീപിച്ചപ്പോള്‍ തൃശൂരിന്റെ കണ്ണ് തള്ളിപ്പോയി. അതോടെ തൃശൂര്‍ മേയര്‍ പോലും സുരേഷ് ഗോപി ഫാനായി. കോണ്‍ഗ്രസ് എംപിയായ ടി.എന്‍. പ്രതാപനെ വരെ മേയര്‍ തള്ളിപ്പറയാന്‍ മടിച്ചില്ല. എംപിയായി ജയിച്ചിട്ടും നഗരസഭയില്‍ ഒന്നെത്തിനോക്കാന്‍ പോലും പ്രതാപന് കൂട്ടാക്കിയില്ലെന്നായിരുന്നു തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസിന്റെ പരാതി. അതേ സമയം തോറ്റ സ്ഥാനാര്‍ത്ഥിയായിട്ട് കൂടി ഒരു കോടി രൂപയുമായി ശക്തന് മാര്‍ക്കറ്റ് വികസിപ്പിക്കാനെത്തിയ സുരേഷ് ഗോപിയെ മേയര്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇപ്പോള്‍ തൃശൂര്‍ നഗരസഭ ശക്തന്‍മാര്‍ക്കറ്റിനായി വികസനപദ്ധതി തയ്യാറാക്കുകയാണ്. 2022 ഏപ്രില്‍ സുരേഷ് ഗോപിയുടെ രാജ്യസഭാ കാലാവധി തീരുകയാണ്. നവമ്പറിന് മുമ്പ് തന്നെ ശകതന്‍മാര്‍ക്കറ്റിന്റെ പ്രോജക്ട് സമര്‍പ്പിക്കണമെന്ന് നഗരസഭയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സുരേഷ് ഗോപി.
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധികള്‍ വഴിയും സുരേഷ് ഗോപി പ്രവര്‍ത്തനം നടത്തുന്നുണ്ട്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റി തട്ടകം തൃശൂര്‍ തന്നെയെന്ന തിരിച്ചറിവിലാണ് അദ്ദേഹം ഇവിടെത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
നാളികേര വികസന ബോര്‍ഡ് അംഗമായ ശേഷം അദ്ദേഹം പ്രഖ്യാപിച്ച ‘സ്മൃതികേരം’ പദ്ധതിയുടെ തുടക്കത്തിന് തൃശൂര്‍ തന്നെയാണ് തെരഞ്ഞെടുത്തത്. നാടന്‍ തെങ്ങിന് തൈകള്‍ പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിജെപി ഭരിക്കുന്ന ജില്ലയിലെ പഞ്ചായത്തുകളായ തിരുവില്വാമല, അവിണിശേരി പഞ്ചായത്തുകള്‍ സ്മൃതികേരം പദ്ധതി ഏറ്റെടുക്കുമെന്നറിയുന്നു.
ജില്ലയിലെ ബിജെപി ജനപ്രതിനിധികളുടെ വാര്‍ഡുകളിലും ഈ പദ്ധതി നടപ്പാക്കും. നാടന്‍ തെങ്ങിന് തൈകള്‍ വികസിപ്പിക്കുന്നതിനുള്ള ചുമതലയും ബിജെപി പ്രവര്‍ത്തകരെ ഏല്പിക്കാനാണ് ലക്ഷ്യം.
കോവിഡ് രണ്ടാം തരംഗത്തിന് മുന്നോടിയായി സുരേഷ് ഗോപി തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ ബെഡുകളൊരുക്കാന്‍ സഹായം നല്കിയതും വാര്‍ത്തയായിരുന്നു.
എന്തായാലും ജില്ലയില്‍ നിരന്തരസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുക വഴി നാല് വര്‍ഷം കഴിഞ്ഞു വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും ഈ ദൗത്യത്തില്‍ സുരേഷ്ഗോപിയ്ക്കൊപ്പം തോളുരുമ്മി നില്ക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാജി, ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഐഎന്‍ രാജേഷ് ബിജെപി ജില്ലാ കമ്മിറ്റി അംഗം എം.എ. രാജും അങ്ങിനെ എല്ലാവരും എംപിയോടൊപ്പം ദൗത്യങ്ങളില്‍ തോള് ചേര്‍ന്നുനനില്‍ക്കുന്നു.
ഇക്കഴിഞ്ഞ ദിവസം അദ്ദേഹം കേരള കലാമണ്ഡലം സന്ദര്‍ശിച്ചിരുന്നു. കലാമണ്ഡലത്തിന്റെ വികസനത്തിനായി പദ്ധതി സമര്‍പ്പിക്കാന്‍ അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലാമണ്ഡലം ദേശീയ രംഗകലാമ്യൂസിയം പൂര്‍ത്തിയാക്കാന്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സുരേഷ് ഗോപി ഉറപ്പുനില്‍കിയിരിക്കുകയാണ്. മ്യൂസിയം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പദ്ധതി രേഖ ഉടന്‍ നല്ാന് സുരേഷ് ഗോപി കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ. നാരായണനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഥകളി ആചാര്യന് കലാമണ്ഡലം ഗോപിയെ പൊന്നാട ചാര്‍ത്തുകയും ദേശീയ രംഗകലാമ്യൂസിയം കെട്ടിടം സന്ദര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: