ആരോഗ്യം, വിദ്യാഭ്യാസം, സാമാജികം, സ്വാവലംബനം, ആപത്സേവ എന്നീ പഞ്ചമുഖ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ സേവാഭാരതി സമാജസേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഈ പ്രവര്‍ത്തനം വളരെ വേഗം എത്തിക്കുന്നതിനുവേണ്ടി 680 പഞ്ചായത്തുകളിലും, മുനിസിപ്പല്‍, കോര്പ്പറേഷന് മേഖലകളിലടക്കം ആകെ 821 യൂണിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ഈ യൂണിറ്റുകള്‍ മുഖേന ഗ്രാമങ്ങളില്‍ പരിവര്‍ത്തനം വരുത്തുന്നതിന് പഞ്ചമുഖ പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ‘ഗ്രാമവൈഭവം’ എന്ന ബ്രഹത് പദ്ധതി സേവാഭാരതി ആവിഷ്കരിച്ച് നടപ്പിലാക്കിത്തുടങ്ങി. കഴിഞ്ഞവര്‍ഷം ലോക പരിസ്ഥിതി ദിനത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ദീര്‍ഘനാള്‍ കൊണ്ട് സഫലീകരിക്കേണ്ട ഈ പദ്ധതിക്ക് സേവാഭാരതി സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനോപകാരപ്രദമായ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ബജറ്റില്‍ ഇവ നടപ്പിലാക്കുന്നതിനുള്ള ധനം വകയിരുത്തുകയും ചെയ്യുന്നു. ഇത് ഫലപ്രദമായി സമൂഹത്തില്‍ എത്തേണ്ടതുണ്ട്. വിവിധ ജനക്ഷേമ പദ്ധതികളെ സംബന്ധിച്ച് ജനകീയ ബോധവല്‍ക്കരണത്തിന് ആദ്യഘട്ടമായി 200 പഞ്ചായത്തുകളില്‍ സേവന കേന്ദ്രങ്ങളോടൊപ്പം സിഎസ്സി സെന്ററുകളും സജ്ജമാക്കും.
കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പല്‍/കോര്പ്പറേഷന് മേഖലകളിലും ഒരു കോളനി വീതം ദത്തെടുക്കും. ആ കോളനികളുടെ വികസനത്തിനുതകുന്ന പരിപാടികള്‍, കര്‍മ്മപദ്ധതികള്‍ ഗ്രാമവൈഭവം പദ്ധതിയില്‍പ്പെടുത്തി നടപ്പിലാക്കും. സേവാഭാരതി യൂണിറ്റുകളില്‍ ഗ്രാമസേവികമാര്‍ അടിസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. വരും വര്‍ഷം 40 പഞ്ചായത്തുകളില്‍കൂടി ഗ്രാമസേവികമാരുടെ സേവനം ലഭ്യമാക്കും. ഗ്രാമസേവികമാര്ക്കുള്ള പരിശീലനം മാതാ അമൃതാനന്ദമയീ മഠമാണ് നല്‍കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവാഭാരതി നടപ്പിലാക്കി വരുന്ന സേവന പ്രവര്‍ത്തനമാണ് ആരോഗ്യമിത്ര. രോഗപ്രതിരോധത്തിനുള്ള ബോധവല്‍ക്കരണവും, രോഗം വന്നുകഴിഞ്ഞാലുള്ള സേവനുമാണ് ഇതിലൂടെ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്തലത്തില്‍ രൂപീകരിക്കുന്ന ജാഗ്രതാ സമിതികളുമായി യോജിച്ചാണ് ഈ പ്രവര്‍ത്തനം സംയോജിപ്പിക്കുന്നത്. ഒരു പ്രതിഫലവും സ്വീകരിക്കാതെ വാര്‍ഡുതലം മുതല്‍ മുകളിലോട്ട് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരുന്ന സംയോജകന്മാരെ നിലനിര്‍ത്തിക്കൊണ്ട് ആരോഗ്യ പരിപാലനപ്രവര്ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. ഇവര്‍ക്കാവശ്യമായ വിദഗ്ധ പരിശീലനം നല്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
കേരളത്തില്‍ വിദഗ്ധരായ തൊഴിലാളികള്‍ ഏറെയുണ്ട്. വിവിധ തൊഴിലുകളില്‍ പരിശീലനം നേടിയ ഇവരുടെ വൈദഗ്ധ്യം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ജില്ലാ തല രജിസ്ട്രേഷന് ആരംഭിക്കും, സംഘടനാ ശാക്തീകരണത്തോടൊപ്പം സമൂഹത്തിലെ പിന്നാക്കം നില്ക്കുന്നവരുടെ സാമ്പത്തിക ശാക്തീകരണവും ലക്ഷ്യം വച്ചാണ് ‘സേവാ സമര്പ്പണ്’ എന്ന ജനകീയ പദ്ധതി സമാരംഭിക്കുന്നത്. ഒരു ദിവസം ഒരു രൂപ സേവനത്തിന് എന്ന ആശയം മുന്നോട്ട് വെച്ചാണ് ഇതിനാവശ്യമായ ധനശേഖരണം നടത്തുക.
ഇങ്ങനെ സമാഹരിക്കുന്ന ധനം യൂണിറ്റുകളുടെ സേവന പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുക. സാമ്പത്തിക ഇടപാടുകള്‍ ക്രമേണ ഓണ്‍ലൈന്‍/ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റും. ഗ്രാമങ്ങളില്‍ പരമാവധി വ്യക്തികളില്‍ സേവാ മനോഭാവം വളര്‍ത്തുകയും ത്യാഗവും സേവനവും എന്ന മഹിത സംസ്കാരം വളര്‍ത്തുകയുമാണ് ഈ പദ്ധതിയുടെ സവിശേഷത.
സംസ്ഥാനതലത്തിലുള്ള സമിതിയാണ് സേവാഭാരതിയുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഏകോപവനം സാദ്ധ്യമാക്കുന്നത്. സംസ്ഥാന, ജില്ലാതലങ്ങളില്‍ വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുള്ള സമിതികള്‍ രൂപീകരിക്കും. സേവന വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും വിവിധ ജനക്ഷേമ പദ്ധതികളെകുറിച്ചുള്ള പ്രചാരത്തിനും സേവാഭാരതി ഐടി വിഭാഗം സുസജ്ജമാണ്.
ഇന്ന് നടക്കുന്ന സേവാഭാരതി സംസ്ഥാന സമ്മേളനം വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. സംസ്ഥാനത്ത് വിവിധ യൂണിറ്റുകളില്‍ നിന്നും 4333 പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വെര്‍ച്വല്‍ ഫ്ളാറ്റ്ഫോമില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സമ്മേളനം നടക്കുക. സമ്മേളനം രാവിലെ 10ന് ആരംഭിക്കും. കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും സേവാഭാരതിയുടെയും മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ എന്നിവര്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കും. കൊവിഡ്-19 ന്റെ വ്യാപനം ശക്തമായി തുടരുന്ന നമ്മുടെ സംസ്ഥാനത്ത് 1-ാം ഘട്ടത്തിലും 2-ാം ഘട്ടത്തിലും സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. പ്രതിസന്ധികളെ അതിജീവിക്കുന്നതിന് രാജ്യസ്നേഹത്തിന്റെയും സാഹോദര്യസ്നേഹത്തിന്റെയും സമാജസേവന ബോധത്തിന്റെയും ആദര്‍ശം സേവാഭാരതിയെ മുന്നോട്ട് നയിക്കുന്നു. ഈ സമ്മേളനംസേവാഭാരതിയുടെ മുന്നേറ്റത്തിന് കരുത്തു പകരും.
ഡി. വിജയന്
(ദേശീയ സേവാഭാരതി സംസ്ഥാന ജനറല്‍സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: