കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നഗരമായ ജലാലബാദില് ശനിയാഴ്ച രാവിലെ രണ്ടു പേരുടെ മരണത്തില്‍ കലാശിച്ച സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാനുള്ളിലെ തമ്മിലടിയെന്ന് സംശയം.താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്ഫോടനമെന്ന് റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10.30നാണ് ആദ്യ രണ്ട് നിയന്ത്രിത സ്ഫോടക ഉപകരണം പൊട്ടിത്തെറിച്ചത്. 50 മിനിറ്റിന് ശേഷം മൂന്നാമത്തെ സ്ഫോടനം നടന്നു. താലിബാന് അംഗങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന വാഹനവ്യൂഹത്തെയാണ് ആദ്യ രണ്ട് സ്ഫോടനങ്ങള്‍ ലക്ഷ്യമാക്കിയത്. മൂന്നാമത്തെ സ്ഫോടനം യൂണിവേഴ്സിറ്റി ആശുപത്രിക്ക് സമീപമായിരുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ നിന്നും കാബൂളിലേക്ക് പോവുകയായിരുന്നു താലിബാന് വാഹനവ്യൂഹം. റോഡില്‍ ജലാലബാദ് മുതല്‍ കാബൂള്‍ വരെ സദ്രാന് ഗോത്രത്തില്‍പ്പെട്ടവര്‍ തിക്കിത്തിരക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി സിറാജുദ്ദീന് ഹഖാനിയുടെ നേതൃത്വത്തിലുള്ള ഹഖാനി ശൃംഖലയെന്ന ഭീകരസംഘത്തിന്റെ ഭാഗമാണ് സദ്രാന് ഗോത്രവംശം.പാകിസ്ഥാന്റെ ശക്തമായ പിന്തുണയുള്ളവരാണ് ഹഖാനി ശൃംഖല.
താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്ഫോടനമെന്നാണ് പറയപ്പെടുന്നത്. താലിബാന് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉണ്ടായ ആദ്യ സ്ഫോടനമാണിത്. ശനിയാഴ്ച തന്നെ കാബൂളിലും ഒരു ബോംബ് സ്ഫോടനമുണ്ടായി. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: