കല്‍പ്പറ്റ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വി ശക്തി നഷ്ടമായ സംഭവത്തില്‍ യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. ഇടപെടല്‍ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്.
ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്കും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്കുമാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവ് നല്‍കിയത്. നൂല്‍പ്പുഴ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ബിന്ദുവിന് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൂലിപ്പണി ചെയ്യാന്‍ പോലും കഴിയാത്ത ദുരവസ്ഥയിലാണ് ബിന്ദു ഇപ്പോള്‍. നാലു മാസം മുമ്പ് മുണ്ടക്കൊല്ലിയിലെ ക്യഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് ബിന്ദുവിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
ഒരു മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വലതു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായി. കാഴ്ച്ചക്ക് മങ്ങലേറ്റു. ബിന്ദുവിന് നാലു മക്കളുണ്ട്. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. നഷ്ടപരിഹാരത്തിന് വേണ്ടി വനം വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പറയുന്നത്. ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: