ന്യൂഡൽഹി : പെട്രോളും, ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്തെങ്കിലും സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കാരണം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
“കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇക്കാര്യം പരിഗണനയ്ക്കായി ചര്‍ച്ചയ്ക്കെടുത്തത്. എന്നാല്‍ അംഗങ്ങളായ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് ശക്തമായി വാദിച്ചു. അത് കണക്കിലെടുത്ത് ഇപ്പോള്‍ ഇക്കാര്യം പരിഗണിക്കേണ്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കും,” നിര്‍മ്മല സീതാരാമന് പറഞ്ഞു. ജിഎസ്ടി കൗണ്‍സിലില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ പുതിയൊരു മാറ്റം അംഗീകരിക്കാന്‍ കഴിയൂ എന്ന് വ്യവസ്ഥയുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കാരുകൾ ഉന്നയിച്ച വാദം. എതിര്‍പ്പിന്റെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം വിശദമായി ചർച്ച ചെയ്യാനായി മാറ്റിവെച്ചു.
വെള്ളിയാഴ്ച ലക്നൗവിൽ നടന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് എടുത്ത ഉടൻ തന്നെ എതിർപ്പും ഉയരുകയായിരുന്നു. സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളാണ് പെട്രോളും, ഡീസലും. ഇത് ജിഎസ്ടിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കുമെന്നും സംസ്ഥാനങ്ങൾ വ്യക്തമാക്കി. ഇതേ തുടർന്ന് ഇപ്പോൾ വിഷയം ചർച്ചചെയ്യേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. പെട്രോൾ- ഡീസൽ വില വർദ്ധനവിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ജിഎസ്ടി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇത് കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയിലും കുറവുണ്ടാക്കും. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: