ആലപ്പുഴ: ജെഎസ്എസില്‍ തമ്മിലടി മുറുകി. ഗൗരിയമ്മയുടെ ബന്ധു കൂടിയായ ഡോ. പി.സി. ബീനാകുമാരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി രാജന്‍ബാബു പക്ഷം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രസിഡന്റായി മുന്‍ എംഎല്‍എ എ.വി. താമരാക്ഷനെയും, ജനറല്‍ സെക്രട്ടറിയായി രാജന്‍ബാബുവിനെയും തിരഞ്ഞെടുത്തു.
ഇതിനെതിരെ മറുപക്ഷം രംഗത്തെത്തി. ബീനാകുമാരി, സംഗീത് ചക്രപാണി, കെ. ശിവാനന്ദന് അഡ്വ. പി.ആര്. പവിത്രന്, എം. ബാവ എന്നിവരെ പുറത്താക്കിയെന്ന രാജന് ബാബുവിന്റെ പ്രസ്താവന നിരര്‍ത്ഥകമെന്നാണ് മറുപക്ഷം പറയുന്നത്.
2014 മുതല്‍ ജെഎസ്എസ്, എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. അതേസമയം രാജന്‍ബാബു യുഡിഎഫില്‍ തുടര്‍ന്നു. പിന്നീട് യുഡിഎഫ് പുറത്താക്കി. പിന്നീട് എന്‍ഡിഎയില്‍ ചേര്‍ന്നെങ്കിലും അവിടെ നിന്നും പടിയിറങ്ങേണ്ടി വന്നു. ഇതോടെ രാഷ്ട്രീയ വനവാസത്തിലായ രാജന്‍ബാബു, ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി ജെഎസ്എസില്‍ ചേര്‍ന്നു. തുടര്‍ന്ന് ഗൗരിയമ്മയുടെ സമ്മതം വാങ്ങാതെ സ്വയം ജനറല്‍ സെക്രട്ടറിയായി അവരോധിക്കുകയും എല്‍ഡിഎഫ് ബന്ധം വിച്ഛേദിച്ച് യുഡിഎഫില്‍ ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജന് ബാബുവിനെ ഗൗരിയമ്മ കഴിഞ്ഞ ഫെബ്രുവരി 22ന് പുറത്താക്കി. ജെഎസ്എസില്‍ നിന്നും പുറത്തായ വ്യക്തിയെന്ന നിലയില്‍ രാജന് ബാബുവിന് ജെഎസ്എസ് അംഗങ്ങളുടെ മേല്‍ നടപടി സ്വീകരിക്കാന്‍ യാതൊരു അധികാരവുമില്ലെന്നും ജെഎസ്എസ് ജനറല്‍ സെക്രട്ടറി പി.സി. ബീനാകുമാരിയും പ്രസിഡന്റ് സംഗീത് ചക്രപാണിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: