കൊല്ലം: നോര്‍ക്കയിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വായ്പ കിട്ടാന്‍ പ്രവാസികള്‍ നെട്ടോട്ടത്തില്‍. ഈടില്ലാത്ത ഈ വായ്പ വേണമെങ്കില്‍ പ്രവാസിയോ കുടുംബാംഗമോ കുടുംബശ്രീയില്‍ അംഗമായിരിക്കണമെന്ന വ്യവസ്ഥയാണ് വലയ്‌ക്കുന്നത്.
സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങാനും പരിപോഷിപ്പിക്കാനുമുള്ള പ്രവാസി ഭദ്രത പേള്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിവാദമുയരുന്നത്. ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസര്‍ക്കാണ് ഇതുപ്രകാരം പ്രവാസി അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൊവിഡ് കാലത്തുതന്നെയാണ് പ്രവാസി മടങ്ങിയെത്തിയതെന്ന് സാക്ഷ്യപ്പെടുത്തിയ നോര്‍ക്കയുടെ ജില്ലാസെല്ലില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ആഗസ്ത് അവസാനവാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചത്. റിവോള്‍വിങ് ഫണ്ട് മാതൃകയില്‍ വ്യക്തിഗത സംരംഭങ്ങള്‍ക്ക് നല്കുന്ന ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 24 മാസമാണ്. 30 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. വായ്പ തിരിച്ചടവായി ലഭിക്കുന്ന തുക മറ്റ് ഗുണഭോക്താക്കള്‍ക്ക് നല്കും. ഇതിലൂടെ സംരംഭങ്ങളുടെ തുടര്‍വ്യാപനവും വിപുലീകരണവും ലക്ഷ്യമിടുന്നു. കുടുംബശ്രീ മിഷന്‍വഴി വിതരണം ചെയ്യുന്ന തുകയുടെ വിനിയോഗം നോര്‍ക്ക വകുപ്പുതല കമ്മിറ്റിയാണ് അവലോകനം ചെയ്യുക.
രണ്ടുവര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത്, തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കിയത്. 15 ലക്ഷം പ്രവാസികള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മടങ്ങിവന്നതായാണ് അനുമാനം. സാമൂഹികപ്രത്യാഘാതങ്ങള്‍ പരിഗണിച്ച് നോര്‍ക്ക പോലും കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: