ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് ജയപ്രകാശ് നമ്പൂതിരിയെ (52) തിരഞ്ഞെടുത്തു. ആദ്യമായാണ് ജയപ്രകാശ് നമ്പൂതിരി മേല്‍ശാന്തിയാകുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസമാണ് കാലാവധി. ഇന്നലെ ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷം തന്ത്രിമാരായ ചേന്നാസ് നാരായണന് നമ്പൂതിരി, ഹരി നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണു വെള്ളിക്കുടത്തില്‍ നിന്നു നറുക്കെടുത്തത്.
ഈ മാസം 30ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ചുമതലയേല്‍ക്കും. ഇതിന് മുന്നോടിയായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. ഒറ്റപ്പാലം മെറ്റ് ഇന്‍ഡ് നഗര്‍ ബ്രാഞ്ച് പോസ്റ്റോഫീസില്‍ പോസ്റ്റ്മാസ്റ്ററായി ജോലി ചെയ്യുന്ന ജയപ്രകാശ് നമ്പൂതിരി, ചുഡുവാലത്തൂര്‍ മഹാശിവക്ഷേത്രത്തിലെ പാരമ്പര്യ ശാന്തിക്കാരന് കൂടിയാണ്. 26-ാമത് തവണയാണ് മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നത്. പരേതനായ നാരായണന് നമ്പൂതിരിപ്പാടിന്റെയും, പാര്‍വതിദേവി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: വിജി അന്തര്‍ജനം (പ്രിന്‍സിപ്പല്‍, മണേങ്കോട് എംഎംഐപിഇ സ്കൂള്‍). ഏക മകന്: പ്രവിജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: